| Thursday, 4th July 2019, 6:26 pm

സൈറ വസീമിനെ പിന്തുണച്ച് ആര്‍ട്ടിക്കിള്‍ 15 സംവിധായകന്‍; 'അവളുടെ ഇഷ്ടത്തെ നടപ്പാക്കുന്നതില്‍ നമ്മള്‍ എന്തിന് ഇടപെടണം'

ഡൂള്‍ന്യൂസ് ഡെസ്‌ക്

സിനിമാ ജീവിതം തന്റെ മതത്തെയും വിശ്വാസത്തെയും ബാധിക്കുന്നതിനാല്‍ അഭിനയം നിര്‍ത്തുകയാണെന്ന് നടി സൈറ വസീം പ്രഖ്യാപിച്ചതില്‍ അഭിപ്രായം രേഖപ്പെടുത്തി സംവിധായകന്‍ അനുഭവ് സിന്‍ഹ. സൈറയുടെ തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ അഭിപ്രായം രേഖപ്പെടുത്തിയതിന് പിന്നാലെയാണ് അനുഭവ് സിന്‍ഹ തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.

സിനിമയില്‍ നിന്ന് പിന്മാറുന്നത് സൈറയുടെ ഇഷ്ടമാണ്. അതിനപ്പുറത്തേക്ക് മറ്റൊന്നും ഇല്ലെന്ന് അനുഭവ് സിന്‍ഹ പറഞ്ഞു.

ചിത്രങ്ങളെടുക്കുമ്പോള്‍ ഇസ്‌ലാമിന് വിരുദ്ധമാണത് എന്ന് പറഞ്ഞ് സ്വയം മാറി നില്‍ക്കുന്ന മുസ്‌ലിം സുഹൃത്തുക്കള്‍ ഉണ്ടെനിക്ക്. ഒരു ദിവസം പെട്ടെന്ന് ഭൗതിക ലോകവുമായുള്ള ബന്ധം അവസാനിപ്പിച്ച് ദൈവത്തെ തേടിപോകുന്ന ഹിന്ദു യുവാക്കളെ എനിക്കറിയാം. അത് അവരുടെ ഇഷ്ടമാണ്. അതില്‍ യാതൊരു തെറ്റുമില്ലെന്നും അനുഭവ് സിന്‍ഹ പറഞ്ഞു.

അതേ സമയം മറ്റൊരാളുടെ നിര്‍ബന്ധപ്രകാരമാണ് സൈറ ഈ തീരുമാനമെടുത്തതെങ്കില്‍ അത് വേറെ ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്. പക്ഷെ, അങ്ങനൊരു കാര്യം എനിക്കറിയില്ല. അത് കൊണ്ട് തന്നെ ആ കാര്യത്തില്‍ അഭിപ്രായം പറയാന്‍ ഇല്ലെന്നും അനുഭവ് സിന്‍ഹ പറഞ്ഞു.

ദംഗലിലെ അഭിനയത്തിന് മികച്ച സഹതാരത്തിനും സീക്രട്ട് സൂപ്പര്‍സ്റ്റാര്‍ എന്ന ചിത്രത്തിന് മികച്ച നടിക്കുമുള്ള (ജൂറി പരാമര്‍ശം) ദേശീയ പുരസ്‌കാരം സൈറ കരസ്ഥമാക്കിയിരുന്നു. പ്രിയങ്ക ചോപ്രയും ഫര്‍ഹാന്‍ അക്തറും ഒന്നിക്കുന്ന സ്‌കൈ ഈസ് പിങ്കിലാണ് സൈറ ഒടുവില്‍ വേഷമിട്ടത്.

Latest Stories

We use cookies to give you the best possible experience. Learn more