ബിബിൻ ജോർജ് നായകനായി എത്തിയ ചിത്രമാണ് കൂടൽ. ചിത്രത്തിൽ അഭിനേത്രി അനു സിതാരയുടെ അനിയത്തി അനു സോനാരയും പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ തൻ്റെ ഇഷ്ടങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് സോനാര.
അനു സിത്താര അഭിനയിക്കുന്ന സിനിമയിൽ പാട്ട് പാടണമെന്നും സ്വന്തമായി വരികളെഴുതി പാട്ട് കമ്പോസ് ചെയ്യണമെന്നുമാണ് ആഗ്രഹമെന്നും അനു സോനാര പറയുന്നു.
‘പാട്ട്, സ്റ്റേജ് ഷോ, സിനിമാപിന്നണി ഗായികയാവുക ഇതൊക്കെയാണ് എന്റെ ആഗ്രഹങ്ങൾ. സിനിമയിൽ പാട്ട് പാടണമെന്നത് സ്വപ്നമാണ്. പ്രത്യേകിച്ച് ചേച്ചി അഭിനയിക്കുന്ന സിനിമയിൽ. സ്വന്തമായി വരികളെഴുതി പാട്ട് കമ്പോസ് ചെയ്യണമെന്നൊക്കെ ആഗ്രഹമുണ്ട്. ആർ.എൽ.വി. കോളേജിലാണ് സംഗീതത്തിൽ ഡിഗ്രി ചെയ്‌തത്. ഇപ്പോൾ ബെംഗളൂരു രേവാ യൂണിവേഴ്സിറ്റി പി. ജി ചെയ്യുന്നു. അമ്മ നടത്തുന്ന നവരസ മ്യൂസിക് ആൻഡ് ഡാൻസ് സ്‌കൂളിലെ മ്യൂസിക് ടീച്ചറുമാണ്.
യേശുദാസ്, ചിത്രച്ചേച്ചി, സുശീലാമ്മ, ജാനകിയമ്മ, സുജാതച്ചേച്ചി. ഇവരുടെയൊക്കെ പഴയ പാട്ടുകൾ കേൾക്കാനിഷ്ടമാണ്. ശ്രേയാ ഘോഷാലാണ് പ്രിയപ്പെട്ട ഗായിക. നൃത്തമാണ് മറ്റൊരിഷ്ടം. മോഹിനിയാട്ടം, ഭരതനാട്യം, കഥകളി ഒക്കെ ചെയ്തിട്ടുണ്ട്. ചിത്രരചനയിലും താത്പര്യമുണ്ട്. പഠിത്തം കഴിഞ്ഞിട്ട് പാട്ട് കമ്പോസിങ് ചെയ്തുതുടങ്ങണം. നല്ല അവസരം വന്നാൽ അഭിനയവും തുടരണം,’ അനു സോനാര പറയുന്നു.
തന്നേക്കാളും സഹോദരിയേക്കാളും അഭിനയത്തോട് ഇഷ്ടം പിതാവിന് ആണെന്നും അച്ഛൻ്റെ ആഗ്രഹം തന്നിലൂടെ സഫലമാക്കുകയാണെന്നും അനു സോനാര പറഞ്ഞിരുന്നു. അച്ഛൻ വഴിയാണ് കൂടൽ എന്ന സിനിമയിൽ എത്തിയതെന്നും ഷാഫി എപ്പിക്കാടുമായുള്ള അച്ഛൻ്റെ സൗഹൃദ സംഭാഷണത്തിനിടയിലാണ് തനിക്ക് അഭിനയിക്കാൻ താത്പര്യമുണ്ടോ എന്ന് ചോദിക്കുന്നതെന്നും അനു പറഞ്ഞു.
കൂടൽ എന്ന ചിത്രത്തിലെ കഥാപാത്രവും ഞാനും ഒരുപോലെയാണെന്നും അനു സോനാര പറഞ്ഞിരുന്നു. ആദ്യ ഷോട്ടിന് തൊട്ടുമുമ്പ് ചെറിയൊരു പരിഭ്രമുണ്ടായെന്നും പിന്നെ കൂളായി അഭിനയിച്ചുവെന്നും നടി കൂട്ടിച്ചേർത്തു.
Content Highlight: Anu Sonara Talking about Her Likes