തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന് നേരേ ഉയരുന്ന ആരോപണങ്ങളില്‍ രൂക്ഷ വിമര്‍ശനവുമായി എഴുത്തുകാരി അനു പാപ്പച്ചന്‍. കല്യാണം കഴിക്കാമെന്ന വ്യാജേന ലൈംഗിക പ്രവൃത്തിയില്‍ ഏര്‍പ്പെട്ട് തള്ളിപ്പറയുന്ന പരിപാടി ഊളത്തരമാണെന്ന് അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
2020ല്‍ രാഹുല്‍ അധികാരത്തില്‍ വന്നിട്ടില്ലെന്നും ആണത്തത്തിന്റെ ‘ഹൂ കെയേഴ്‌സ്’ എന്ന മനോഭാവമാണ് രാഹുല്‍ നേരത്തേ തന്നെ തുടരുന്ന സമീപനമെന്നും അവര്‍ പറഞ്ഞു. പീന്നിട് അധികാരമേറ്റപ്പോള്‍ അതിന്റെ പ്രിവിലേജുകളും തന്റെ ദൃശ്യതയും ഉപയോഗപ്പെടുത്തി ഇരകളെ ചൂഷണം ചെയ്യുമ്പോള്‍ അത് ഗൗരവമുള്ള തെറ്റായി മാറിയെന്നും തന്റെ മേല്‍ക്കോയ്മ ഉപയോഗിച്ച് വിധേയപ്പെടുത്തി സെക്ഷ്വല്‍ പ്ലഷര്‍ നേടാനാണ് അയാള്‍ ശ്രമിക്കുന്നതെന്നും അനു പാപ്പച്ചന്‍ പറഞ്ഞു.
കല്യാണം കഴിക്കുമെന്ന് വിചാരിച്ച് ലൈംഗിക ബന്ധം സമ്മതിക്കുന്ന ഇരകള്‍ ഓടിചെന്ന് കൊടുത്തിട്ടല്ലേ ഈ പ്രശ്‌നം എന്ന വ്യാഖ്യാനങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ടെന്നും സ്ത്രീയുടെ തെറ്റാണ് ലോകത്തിലെ മുഴുവന്‍ കുഴപ്പങ്ങളുടെയും കാരണം എന്ന് വിധിയെഴുതുന്ന പരമ്പരാഗതമ്മാവാന്മാരുടെയും അമ്മായിമാരുടെയും സീരിയലുകള്‍ ഇപ്പോഴും സൂപ്പര്‍ ഹിറ്റാണല്ലോ എന്നും അനു പാപ്പച്ചന്‍ ചോദിച്ചു
കല്യാണം കഴിച്ചാല്‍ ഈ സൂക്കേട് മാറുമെന്ന് പറയുന്നവര്‍ കെട്ടികൊണ്ടുവരുന്ന പെണ്ണ് ഇതെല്ലാം അനുഭവിച്ചാല്‍ കുഴപ്പമില്ലെന്ന മനോഭാവമുള്ളവരാണെന്നും ഇജ്ജാതി നിര്‍ദ്ദേശങ്ങള്‍ വെക്കുന്നവര്‍ കുടുംബത്ത് ഇതൊക്കെ തന്നെയാണ് തുടര്‍ന്നു കൊണ്ടിരിക്കുന്നതെന്നും അവര്‍ കുറിപ്പില്‍ പറഞ്ഞു.
രാഹുലിന്റെ നേര്‍ക്ക് ഇവിടെ സദാചാരികള്‍ ഉന്നയിക്കുന്ന ലൈംഗിക ആക്ഷേപങ്ങളും ട്രോളുകളും പരിഹാസങ്ങളും ചവറ്റുകൊട്ടയില്‍ പോകുമെന്നും പരാതി ഉന്നയിക്കുന്ന സ്ത്രീകളുടെ നേര്‍ക്ക് ഉന്നയിക്കപ്പെടുന്ന അതേ മോറല്‍ പൊലിസിങ്ങിന്റെ മറ്റൊരു വശമാണിതെന്നും അനു പാപ്പച്ചന്‍ പറഞ്ഞു.
അനു പാപ്പച്ചന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം
‘രാഹുലിന് ആരെ വേണമെങ്കിലും, എത്ര പേരെ വേണമെങ്കിലും പ്രേമിക്കാം. പരസ്പരം സമ്മതമാണെങ്കില്‍ ഏതു ബന്ധത്തില്‍ വേണമെങ്കിലും ഏര്‍പ്പെടാം. അങ്ങനെ പാടില്ല എന്നത് നമ്മുടെ മൊറാലിറ്റിയുടെ ഭാഗമാണ്. നിങ്ങള്‍ക്ക് സിംഗിളായോ ഡബിളായോ, ഒരാള്‍ക്കൊരാള്‍, ,ഒരാള്‍ക്കൊരുപാടു പേര്‍ എന്ന നിലയിലൊക്കെ കഴിയാന്‍ പറ്റും. നിങ്ങള്‍ അതില്‍ നിങ്ങളുടെ നിലപാട് വ്യക്തമാക്കണം എന്നു മാത്രം. ഒന്നില്ലെങ്കില്‍ ഒരു കാസിനോവ അല്ലെങ്കില്‍ ഋശ്യശൃംഗന്‍ എന്നീ മട്ടുകള്‍ ഒക്കെ എത്ര കണ്ടിട്ടുണ്ട്. അതൊക്കെ പേഴ്‌സണല്‍.
എന്നാല്‍ കല്യാണം കഴിക്കാമെന്ന വ്യാജേന ലൈംഗിക പ്രവൃത്തിയില്‍ ഏര്‍പ്പെട്ട് തള്ളിപ്പറയുന്ന പരിപാടി ഊളത്തരമാണ്. കല്യാണം കഴിക്കുമെന്ന് വിചാരിച്ച് ലൈംഗിക ബന്ധം സമ്മതിക്കുന്ന ഇരകള്‍ ഓടിചെന്നു കൊടുത്തിട്ടല്ലേ ഈ പ്രശ്‌നം എന്ന വ്യാഖ്യാനങ്ങള്‍ വരുന്നുണ്ട്. സ്ത്രീയുടെ തെറ്റാണ് ലോകത്തിലെ മുഴുവന്‍ കുഴപ്പങ്ങളുടെയും കാരണം എന്നു വിധിയെഴുതുന്ന പരമ്പരാഗതമ്മാവാന്മാരുടെയും അമ്മായിമാരുടെയും സീരിയലുകള്‍ ഇപ്പോഴും സൂപ്പര്‍ ഹിറ്റാണല്ലോ. 2020ല്‍ അധികാരത്തിലെത്തിയിട്ടില്ല രാഹുല്‍. നേരത്തേ തന്നെ തുടരുന്ന സമീപനം ആണത്തത്തിന്റെ (ഹു കെയഴ്‌സ്) എന്നതു തന്നെയാണ്.
എന്നാല്‍ പിന്നിട് അധികാരത്തിന്റെ പ്രിവിലേജുകളും തന്റെ ദൃശ്യതയും ഉപയോഗപ്പെടുത്തി ഇരകളെ ചൂഷണം ചെയ്യുമ്പോള്‍ അത് കുറച്ചു കൂടി ഗൗരവമുള്ള തെറ്റായി. തന്റെ മേല്‍ക്കോയ്മ ഉപയോഗിച്ച് വിധേയപ്പെടുത്തി സെക്ഷ്വല്‍ പ്ലഷര്‍ നേടാനാണ് അയാള്‍ ശ്രമിക്കുന്നത്. ചിലര്‍ പറയുന്നത് കേട്ടു. കല്യാണം കഴിച്ചാല്‍ ഈ സൂക്കേട് മാറുമെന്ന് അതായത് കുടുംബത്ത് കൊണ്ടുവന്ന പെണ്ണിന്റെ മേല്‍ ആധിപത്യം ഓക്കെയാണ്. അവള്‍ സഹിച്ചോട്ടെ. വേറെ പെണ്ണുങ്ങള്‍ സഹിക്കേണ്ടന്ന്. ഇജ്ജാതി നിര്‍ദ്ദേശങ്ങള്‍ വക്കുന്നവര്‍ കുടുംബത്ത് ഇതൊക്കെ തന്നെയാണ് തുടര്‍ന്നു കൊണ്ടിരിക്കുന്നത്. അതവിടെ നില്ക്കട്ടെ.
രാഹുലിന്റെ നേര്‍ക്ക് ഇവിടെ സദാചാരികള്‍ ഉന്നയിക്കുന്ന ലൈംഗിക ആക്ഷേപങ്ങളും ട്രോളുകളും പരിഹാസങ്ങളും ചവറ്റുകൊട്ടയില്‍ പോകും. പരാതി ഉന്നയിക്കുന്ന സ്ത്രീകളുടെ നേര്‍ക്ക് ഉന്നയിക്കപ്പെടുന്ന അതേ മോറല്‍ പൊലിസിങ്ങിന്റെ മറ്റൊരു വശമാണതും. അതല്ല. ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന് അധികാരത്തിന്റെയും തന്റെ സാമൂഹിക മേല്‍ക്കോയ്മയുടെയും പിന്തുണയോടെ ,അടിച്ചമര്‍ത്തി തന്റെ ഉദ്ദിഷ്ട കാര്യം സാധിക്കുന്നതിനെതിരെയാണ് പ്രതിഷേധം. അത് ഫിസിക്കലി മാത്രമൊന്നുമല്ല, ഇമോഷണലായും, മെന്റലായും അധികാരത്തിനും പ്രിവിലേജിനും താഴെ നില്ക്കുന്ന സ്ത്രീയെ തകര്‍ത്തു കളയുന്നത് സാമൂഹിക വിരുദ്ധമാണ്. അധികാരത്തിന്റെ പിന്‍ബലത്തില്‍ സ്വന്തമാക്കുന്ന കണ്‍സെന്റ് നൈതികമല്ല.
എപ്പോഴാണ് രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനം രാജിവക്കാന്‍ നിര്‍ബന്ധിതനായത്?
സകലമാന മാധ്യമങ്ങളും വലിച്ചു കീറി തുടങ്ങുമ്പോള്‍. വിരോധാഭാസം എന്തെന്നു വച്ചാല്‍ രാഹുലിനെ രാഷ്ട്രീയ കേരളത്തില്‍ പ്രതിഷ്ഠിക്കാന്‍ വേണ്ടതിലധികം മൂലധനം കൊടുത്തതും ഇപ്പോള്‍ രാഹുലിനെതിരെ അറഞ്ചം പുറഞ്ചം വാര്‍ത്തകള്‍ കൊടുക്കുന്ന മാധ്യമങ്ങള്‍ തന്നെയാണ്. രാഹുലിനെ ഏറ്റം അധികം ആഘോഷിച്ചതും വളര്‍ത്തിയതും മീഡിയ തന്നെയാണ്.
രാഹുലിനെ ജനങ്ങള്‍ കണ്ടതും പ്രതിഛായ ഉണ്ടാക്കിയതും മീഡിയയില്‍ തന്നെ അതെങ്ങനെയായിരുന്നു?
ഒരു രാഷ്ട്രീയ ഇടം ഉണ്ടാക്കുന്നതിന് നിരവധി പ്രക്രിയകളുണ്ട്. പക്ഷേ രാഹുലിന്റെ വിസിബിലിറ്റി രൂപപ്പെടുത്തിയ ഓരോ വാര്‍ത്തയും ശ്രദ്ധിച്ചു നോക്കിയാലറിയാം. രാഹുലിന്റെതായി വൈറലായ വാഗോദ്ധരണികള്‍ ഓര്‍ത്തു നോക്കിയാലറിയാം. ഇതാണ് നവ ശബ്ദം/ നവ ഊര്‍ജം എന്ന മട്ടില്‍ ആഘോഷിക്കപ്പെട്ടപ്പോള്‍ ഇതോ, ഇങ്ങനെയോ എന്ന് സംശയങ്ങള്‍ ഉണ്ടായവര്‍ പോലും
പാര്‍ട്ടിയേക്കാള്‍ വേഗം വളരുന്ന സ്റ്റാറുകള്‍ക്കിടയില്‍ നിശബ്ദരായി. ഭേദപ്പെട്ട സംഘടനാ പ്രവര്‍ത്തനം നടത്തുകയും അടിത്തട്ടില്‍ പണിയെടുക്കയും ചെയ്ത പലരും അരികുവല്കരിക്കപ്പെട്ടു.
എന്നാല്‍ നേരത്തെ തന്നെ നേതൃത്വത്തിന് നിരവധി പരാതികള്‍ കിട്ടിയ ഒരാള്‍ നിര്‍ബാധം തുടര്‍ന്നു. ഇതിത്രയും സഹജീവികള്‍ അറിയാതിരിക്കുമോ?പ്രസ്ഥാനം കൂട്ടുനിന്നു /കണ്ണടച്ചു എന്നത് ഇതൊക്കെ സ്വാഭാവികമല്ലേ എന്ന ചിന്തയില്‍ നിന്നാണ്. അതാണ് ആണധികാരത്തിനു കിട്ടുന്ന പ്രിവിലേജ്.അതാണ് ഇവിടെ അഭിസംബോധന ചെയ്യുന്നത്. ആണിന്റെയോ പെണ്ണിന്റെ യോ ലൈംഗിക സ്വാതന്ത്ര്യത്തിന്റെ വിഷയമല്ല ഇത്. ഇതിനെ എല്ലായ്‌പ്പോഴുമെന്ന പോലെ രാഷ്ട്രീയ പ്രതികാരം എന്ന മട്ടില്‍ ചര്‍ച്ച ചിതറിക്കുന്നു.
മറ്റേ പാര്‍ട്ടിയുടെ തീവ്രതയുമായി ഉരച്ചു നോക്കി സ്ത്രീവിരുദ്ധത നോര്‍മലൈസ് ചെയ്യുന്നു. പരാതിയുമായി വരുന്ന സ്ത്രീകളുടെ നേര്‍ക്കുള്ള കടുത്ത അബ്യൂസുകള്‍ ആവര്‍ത്തിക്കുന്നു.ശീലിച്ചു പോന്ന വൃത്തികെട്ട ആണൂറ്റത്തിന് ഒരു ഇടിവുമുണ്ടാവില. മാറ്റമുണ്ടാവില്ല എന്ന് വീണ്ടും വീണ്ടും തെളിയിക്കപ്പെടുന്നു’
Content Highlight: Anu Pappachan criticizes Rahul Mangkootatil