| Sunday, 31st August 2025, 10:34 am

അന്നൊരു കഥ ഇഷ്ടമായാല്‍ ആ സംവിധായകനോടും നടനോടും ചര്‍ച്ച ചെയ്യുമായിരുന്നു; പെപ്പെ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2017ല്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസിലൂടെ സിനിമാ കരിയര്‍ ആരംഭിച്ച നടനാണ് ആന്റണി വര്‍ഗീസ് പെപ്പെ. ആദ്യ ചിത്രത്തിലെ കഥാപാത്രത്തിന്റെ പെപ്പെ എന്ന പേര് തന്റെ പേരിനോടൊപ്പം ചേര്‍ത്ത നടന്‍ കൂടിയാണ് അദ്ദേഹം.

പിന്നീട് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ട്, ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍, അജഗജാന്തരം എന്നീ സിനിമകളിലൂടെ മലയാള സിനിമയുടെ മുന്‍നിരയിലേക്ക് കടന്നുവന്നു.

2023ലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി മാറിയ ആര്‍.ഡി.എക്‌സിലൂടെ ആക്ഷന്‍ ഹീറോ എന്ന ലേബലും പെപ്പെയ്ക്ക് ലഭിച്ചിരുന്നു. ഇപ്പോള്‍ താന്‍ ചെയ്യാന്‍ പോകുന്ന സിനിമയുടെ കഥ സുഹൃത്തുക്കളോടോ മറ്റോ ചര്‍ച്ച ചെയ്ത് അഭിപ്രായം എടുക്കാറുണ്ടോയെന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് നടന്‍.

‘ആദ്യകാലത്ത് പുതിയൊരു സിനിമയുടെ കഥ കേട്ട് ഇഷ്ടപ്പെട്ടാല്‍ ലിജോ ചേട്ടനോടും ചെമ്പന്‍ ചേട്ടനോടുമൊക്കെ ചര്‍ച്ച ചെയ്യാറുണ്ട്. അവരുടെ ഉപദേശം കൂടി സ്വീകരിക്കും. കാരണം അന്നെനിക്ക് സിനിമയെക്കുറിച്ച് ഒന്നും അറിയാന്‍ പാടില്ലായിരുന്നല്ലോ. പക്ഷേ ഇന്ന് ഞാന്‍ തന്നെ സ്വയം തീരുമാനമെടുക്കാറാണ്,’ ആന്റണി വര്‍ഗീസ് പറയുന്നു.

തന്നെ എക്‌സൈറ്റ് ചെയ്യിക്കുന്ന സിനിമകളിലാണ് താനിപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നതെന്നും നടന്‍ പറഞ്ഞു. നമ്മള്‍ തന്നെ സിനിമ തെരഞ്ഞെടുക്കുന്നതാണ് അതിന്റെ ശരിയെന്നും വിജയിച്ചാലും പരാജയപ്പെട്ടാലും നമ്മുടെ തീരുമാനമാണെല്ലോയെന്ന് പറയുന്ന അദ്ദേഹം പിന്നീട് ആരെയും കുറ്റം പറയേണ്ടതില്ലല്ലോയെന്നും കൂട്ടിച്ചേര്‍ത്തു.

സിനിമാ ജീവിതത്തില്‍ കിട്ടിയ ഏറ്റവും വലിയ സന്തോഷം എന്താണെന്ന ചോദ്യത്തിനും ആന്റണി വര്‍ഗീസ് പെപ്പെ മറുപടി നല്‍കുന്നു. സിനിമ ചെയ്യുന്നു എന്നതാണ് ഏറ്റവും വലിയ സന്തോഷമെന്നാണ് നടന്‍ പറയുന്നത്.

‘അതിന്റെകൂടെ സിനിമയുമായി ബന്ധപ്പെട്ട് എനിക്ക് ഒരുപാട് യാത്രകള്‍ ചെയ്യാന്‍ പറ്റി. ഒരിക്കലും അതൊന്നും സ്വപ്നത്തില്‍പ്പോലും വിചാരിക്കാത്ത കാര്യമായിരുന്നു. അതുപോലെ അപ്പനെയും അമ്മയെയും അനിയത്തിയെയുമൊക്കെ സിനിമ കൊണ്ടുതന്നെ സന്തോഷവാന്മാരാക്കാനും നല്ല രീതിയിലുള്ള ജീവിതം നല്‍കാനും സാധിക്കുന്നു. ഇതൊക്കെയാണ് സിനിമ എനിക്ക് നല്‍കുന്ന സന്തോഷങ്ങള്‍,’ ആന്റണി വര്‍ഗീസ് പെപ്പെ പറഞ്ഞു.

Content Highlight: Antony Varghese Talks About His Script Selections

We use cookies to give you the best possible experience. Learn more