ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മിച്ച് നവാഗതനായ പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന സിനിമയാണ് കാട്ടാളന്‍. ആന്റണി വര്‍ഗീസ് നായകവേഷത്തില്‍ എത്തുന്ന ചിത്രത്തില്‍
രജിഷ വിജയനാണ് നായികയായെത്തുന്നത്. സ്റ്റണ്ട് കോറിയോഗ്രഫര്‍ കച്ച കെംബാക്ഡി ആണ് സിനിമയുടെ ആക്ഷനൊരുക്കുന്നത്.
ഇപ്പോള്‍ കാട്ടാളന്റെ പൂജ ചടങ്ങില്‍ താന്‍ ഈ സിനിമയിലേക്ക് എത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് ആന്റണി വര്‍ഗീസ്.
‘എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നം ഇവിടെ നടന്നുകൊണ്ടിരിക്കുകയാണ്. എന്റെ ജീവിതത്തിലെ, എന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയുടെ ഇവന്റാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. എനിക്ക് ഏറ്റവും കൂടുതല്‍ നന്ദിയുള്ളത് എന്റെ സ്വന്തം ഷരീഫ്ക്കയുടെ അടുത്താണ്. പിന്നെ സൗഹൃദങ്ങള്‍, സിനിമയും സൗഹൃദവും ഒരുമിച്ച് വരുമ്പോള്‍ അതില്‍ ഒരു മാജിക്കുണ്ട്. ആ ഒരു മാജിക്കാണ് ഇവിടെ കാട്ടാളനില്‍ നടക്കുന്നത്.
പോള്‍ എന്റെ കൂട്ടുകാരനാണ്. കുറെ വര്‍ഷത്തെ പരിചയമുണ്ട്. പിന്നെ ഷരീഫിക്കയെ എനിക്ക് കുറേ നാളായിട്ട് പരിചയമുള്ളതാണ്. ഒരു ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഭാഗമായിട്ടാണ് അദ്ദേഹത്തെ ആദ്യമായി പരിചയപ്പെട്ടത്. ദുബായില്‍ വെച്ചും നാട്ടില്‍ വെച്ചും ഇടക്കിടക്ക് കാണുമ്പോള്‍ ഒരു സിനിമ ചെയ്യാം, സ്‌ക്രിപ്റ്റ് വന്നാല്‍ പറയണം, എന്നൊക്കെ ഞാന്‍ പറയും. അങ്ങനെ അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ സംസാരിക്കാറുണ്ട്. ഞാന്‍ അപ്പോള്‍ തമാശക്ക് പറയുന്നതാണെന്ന് വിചാരിച്ചു. പറഞ്ഞ് പറഞ്ഞ് കളി കാര്യമായി. അങ്ങനെയാണ് കാട്ടാളന്‍ സംഭവിക്കുന്നത്.’ ആന്റണി വര്‍ഗീസ് പറയുന്നു.
ചിത്രത്തില്‍ ജഗദീഷ്, കബീര്‍ ദുഹാന്‍ സിങ്, സിദ്ധിഖ്, ആന്‍സണ്‍ പോള്‍, രാജ് തിരണ്‍ദാസു, ഷോണ്‍ ജോയ്, റാപ്പര്‍ ബേബി ജീന്‍, ഹനാന്‍ ഷാ എന്നിങ്ങനെ വന്‍താര നിര അണിനിരക്കുന്നു. രണദിവെ ഛായാഗ്രഹണവും, ഷമീര്‍ മുഹമ്മദ് എഡിറ്റ്ങും, എം.ആര്‍ രാജകൃഷ്ണന്‍ ഓഡിയോഗ്രാഫിയും നിര്‍വഹിക്കുന്നു.
Content Highlight: Antony Varghese talks about his new film, Kattalan