ആന്റണി വര്‍ഗീസ്, നീരജ് മാധവ്, ഷെയ്ന്‍ നിഗം എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ ആര്‍.ഡി.എക്‌സ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് നഹാസ് ഹിദായത്ത്. കിടിലന്‍ ആക്ഷന്‍ ചിത്രവുമായെത്തിയ സംവിധായകന്‍ 2023ലെ ഓണത്തിന് ദുല്‍ഖര്‍ ചിത്രം കിങ് ഓഫ് കൊത്തയെ പഞ്ഞിക്കിട്ടായിരുന്നു ക്ലാഷില്‍ വിജയിച്ചത്. വര്‍ഷങ്ങള്‍ക്കിപ്പുറം അതേ ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ഫാന്റസി ആക്ഷന്‍ ചിത്രവുമായെത്തിയിരിക്കുകയാണ് നഹാസ് ഹിദായത്ത്. വമ്പന്‍ ബജറ്റിലൊരുക്കിയ ഐ ആം ഗെയിം സെപ്റ്റംബര്‍ മൂന്നിനായിരുന്നു തിയേറ്ററുകളിലേക്കെത്തിയത്.
ആര്‍.ഡി.എക്‌സ്. Photo: X.com
ദുല്‍ഖറിന്റെ തന്നെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് നിര്‍മിച്ച ചിത്രം അമ്പത് കോടിയിലധികം നേടിയാണ് തിയേറ്ററുകളില്‍ മുന്നേറുന്നത്. അഞ്ച് ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്തിരുന്നത്. ഡാന്‍ ജോണ്‍ എന്ന കഥാപാത്രമായി ദുല്‍ഖര്‍ വേഷമിട്ട ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് നടന്‍ ആന്റണി വര്‍ഗീസായിരുന്നു. ചിത്രത്തില്‍ ക്രിക്കറ്ററായ വിക്കി എന്ന കഥാപാത്രമായാണ് ആന്റണി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയത്.
ചിത്രവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ഫിലിംസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ സംവിധായകന്‍ നഹാസിനെ കുറിച്ച് ആന്റണി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സിനിമാ ലോകത്ത് ശ്രദ്ധിക്കപ്പെടുന്നത്. ആര്‍.ഡി.എക്‌സില്‍ നിന്നും ഐ ആം ഗെയ്മിലേക്കെത്തിയപ്പോഴുണ്ടായ മാറ്റത്തെ കുറിച്ചാണ് ആന്റണി അഭിമുഖത്തില്‍ സംസാരിച്ചത്.
‘ആര്‍.ഡി.എക്‌സില്‍ നിന്നും ഐ ആം ഗെയ്മിലേക്കെത്തിയപ്പോള്‍ നഹാസില്‍ കാര്യമായി മാറ്റമൊന്നും തോന്നിയിട്ടില്ല. സത്യം പറഞ്ഞാല്‍ ലുക്കില്‍ പോലും മാറ്റം തോന്നിയിട്ടില്ല. നഹാസിന്റെ സിനിമയിലേക്ക് നമുക്ക് അങ്ങനെ പ്രത്യേകിച്ച് പ്രിപ്പെയര്‍ ചെയ്ത് പോകേണ്ട കാര്യമില്ല. നഹാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നമ്മള്‍ അവിടെ പോയി നിന്നാല്‍ മതി. പുള്ളി തന്നെ അഭിനയിച്ച് കാണിച്ച് തരും അല്ലെങ്കില്‍ പറഞ്ഞുതരും. അതുപോലെ നമ്മള്‍ ഒന്ന് സെറ്റായി കഴിഞ്ഞാല്‍ നല്ല ഔട്ട്പുട്ട് കിട്ടും.
ഐ ആം ഗെയിം. Photo: X.com
നമുക്ക് തന്നെ അദ്ദേഹത്തിന്റെ അടുത്ത് പറയാം ചെയ്തത് വര്‍ക്കൗട്ടായില്ല എന്ന്. ചില സമയത്ത് അടിപൊളിയായി ചെയ്തു എന്ന നമുക്ക് തോന്നുന്ന സാധനം കൊള്ളില്ലെന്ന് നഹാസ് തന്നെ തുറന്ന് പറയും. അങ്ങനെ പറയാനുള്ള ഫ്രീഡം രണ്ട് പേര്‍ക്കുമുണ്ട്. അതുകൊണ്ട് വര്‍ക്ക് ചെയ്യാന്‍ ഭയങ്കര കംഫര്‍ട്ടബിളാണ്,’ ആന്റണി പറഞ്ഞു.
Content Highlight: Antony Varghese Pepe talks about Director Nahas Hidayath