| Wednesday, 9th September 2026, 7:25 pm

സച്ചിന്‍ ടെന്‍ഡുല്‍ക്കറിനെ പോലെ പ്രൊഫഷണല്‍ അല്ലെങ്കിലും ഞാന്‍ ക്രിക്കറ്റ് കളിക്കും: ആന്റണി വര്‍ഗീസ് പെപെ

അശ്വിന്‍ രാജേന്ദ്രന്‍

ലിജോ ജോസ് പെല്ലിശ്ശേരി മലയാള സിനിമക്ക് സമ്മാനിച്ച നടന്മാരിലൊരാളാണ് ആന്റണി വര്‍ഗീസ് പെപ്പെ. അങ്കമാലി ഡയറീസില്‍ തനി അങ്കമാലിക്കാരനായിട്ടുള്ള പെപ്പെയുടെ പ്രകടനം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. ചിത്രത്തിലെ കഥാപാത്രത്തിന്റെ പേര് തന്റെ പേരിനൊപ്പം ചേര്‍ത്ത ആന്റണി മോളിവുഡിലെ ആക്ഷന്‍ ഹീറോകളില്‍ ഒരാളായി മാറി.

ഗംഭീര പഞ്ചുള്ള ഇടിയാണ് പെപ്പെയുടെ ഹൈലൈറ്റ്. തിയേറ്ററുകളില്‍ മികച്ച പ്രതികരണവുമായി മുന്നേറുന്ന ഐ ആം ഗെയിമിലും പെപ്പെ മികച്ച വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ ചിത്രത്തില്‍ വിക്കി എന്ന ക്രിക്കറ്ററായാണ് പെപ്പെ വേഷമിട്ടത്. ദുല്‍ഖറിനെപ്പോലെ വലിയ സ്‌ക്രീന്‍ സ്‌പെയ്‌സുള്ള കഥാപാത്രം തന്നെയായിരുന്നു വിക്കി.

ഐ ആം ഗെയിo. Photo: X.com/ Dulquer Salmaan

ആര്‍.ഡി.എക്സ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രം ആഗോള തലത്തില്‍ 50 കോടിയ്ക്കടുത്ത് കളക്ഷന്‍ സ്വന്തമാക്കിയാണ് മുന്നേറുന്നത്. ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ പുറത്തിറങ്ങിയ ചിത്രത്തിന് 2023ല്‍ പുറത്തിറങ്ങിയ കിങ് ഓഫ് കൊത്തയ്ക്ക് ശേഷം ദുല്‍ഖര്‍ നായകനായി മലയാളത്തിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഉണ്ടായിരുന്നു.

ഇപ്പോഴിതാ ഐ ആം ഗെയ്മുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ഫിലിംസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ ചിത്രത്തിലെ കഥാപാത്രത്തിനായി ക്രിക്കറ്റ് പരിശീലിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് ആന്റണി വര്‍ഗീസ്. ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറെ പോലെ പ്രൊഫഷണല്‍ കളിക്കാരനല്ലെങ്കിലും അത്യാവിശ്യം ക്രിക്കറ്റ് തനിക്കറിയാമെന്ന് പറയുകയാണ് താരം.

ഐ ആം ഗെയിo. Photo: X.com/ Dulquer Salmaan

‘ക്രിക്കറ്ററായി ചിത്രത്തിലേക്ക് എത്തുമ്പോള്‍ വലിയ രീതിയിലുള്ള വെല്ലുവിളികള്‍ ഒന്നുമില്ലായിരുന്നു. കാരണം ഞാന്‍ സാധാരണ ക്രിക്കറ്റ് കളിക്കാറുണ്ട്. കളിക്കും എന്ന് പറഞ്ഞാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറെ പോലെ പ്രൊഫഷണല്‍ ആയിട്ടല്ല. സദ്ദാം എന്ന എന്റെ ഒരു സുഹൃത്തുണ്ട്. അദ്ദേഹം ക്രിക്കറ്റ് പരിശീലകനാണ്. പുള്ളിയാണ് എന്നെ ട്രെയിന്‍ ചെയ്തത്.

ക്രിക്കറ്റിലെ ഷോട്ടുകള്‍ കറക്ടാക്കാന്‍ വേണ്ടിയുള്ള ട്രെയ്‌നിങ്ങായിരുന്നു എല്ലാം. നമ്മള്‍ പട്ടക്കോലും പിടിച്ച് നില്‍ക്കുന്ന സ്റ്റാന്‍സായിരിക്കുമല്ലോ. അത് ഇവിടെ നടക്കില്ല. എന്റെ ഒരു സുഹൃത്തുണ്ട് ശ്രീറാം എന്നാണ് പേര്. സദ്ദാം പഠിപ്പിച്ച് തന്ന ഷോട്ടുകളെല്ലാം അവന്റെ കൂടെ നെറ്റ്‌സില്‍ പോയി പ്രാക്ടീസ് ചെയ്യുമായിരുന്നു,’ ആന്റണി പറഞ്ഞു.

Content Highlight: Antony Varghese Pepe talks about cricket practice section for I’m Game movie

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more