ലിജോ ജോസ് പെല്ലിശ്ശേരി സിനിമാലോകത്തിന് സമ്മാനിച്ച നടനാണ് ആന്റണി വര്‍ഗീസ്. അങ്കമാലി ഡയറീസിലെ വിന്‍സെന്റ് പെപ്പെ എന്ന കഥാപാത്രം പുതുമുഖത്തിന്റെ യാതൊരു പതര്‍ച്ചയുമില്ലാതെ താരം പകര്‍ന്നാടി. ആദ്യചിത്രത്തിലെ കഥാപാത്രത്തിന്റെ പേര് പിന്നീട് തന്റെ പേരിനൊപ്പം ചേര്‍ക്കുകയും ചെയ്തതോടെ സിനിമാപ്രേമികള്‍ക്കിടയില്‍ പെപ്പെ എന്ന പേര് രജിസ്റ്ററായി.
ആക്ഷന്‍ റോളുകള്‍ അനായാസം ചെയ്തുഫലിപ്പിക്കാനുള്ള കഴിവാണ് പെപ്പെയുടെ ഹൈലൈറ്റ്. ഓരോ ഇടിക്കും കിന്റല്‍ വെയിറ്റ് തോന്നിക്കുന്നതില്‍ പലരും പെപ്പെയുടെ പേര് എടുത്തുപറയാറുണ്ട്. ആക്ഷന്‍ റോളുകളില്‍ ടൈപ്പ്കാസ്റ്റ് ചെയ്യപ്പെടാതിരിക്കാനും താരം ശ്രമിക്കാറുണ്ട്. ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ഐ ആം ഗെയിമില്‍ പ്രധാനവേഷത്തില്‍ പെപ്പെ പ്രത്യക്ഷപ്പെടുന്നുണ്ട്.
ചെന്നൈയില്‍ ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റില്‍ താരം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. മലയാളത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ തമിഴില്‍ ഏതെങ്കിലും താരത്തോടൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിന് പെപ്പെ മറുപടി നല്‍കി. വിജയ്‌യുടെ കൂടെ സ്‌ക്രീന്‍ ഷെയര്‍ ചെയ്യാനുള്ള അവസരം തനിക്ക് നഷ്ടമായെന്ന് താരം പറഞ്ഞു.
‘തമിഴില്‍ ഞാന്‍ നഷ്ടപ്പെടുത്തിയ ഏറ്റവും വലിയ ചാന്‍സായിരുന്നു അത്. റെസ്‌പെക്ടഡ് സി.എം വിജയ് സാറിനൊപ്പം മാസ്റ്ററില്‍ അഭിനയിക്കാന്‍ എന്നെ വിളിച്ചതായിരുന്നു. ഞാനതിന് ആദ്യം ഓക്കെ പറയുകയും ചെയ്തു. പക്ഷേ, ചില കാരണങ്ങള്‍ കൊണ്ട് അത് ചെയ്യാന്‍ സാധിച്ചില്ല. ഒഴിവാക്കേണ്ടി വന്നു. എനിക്ക് പകരം ആ റോള്‍ ചെയ്തത് അര്‍ജുന്‍ ദാസാണ്. അത് ആലോചിച്ച് എനിക്ക് ഇന്നും കുറ്റബോധമുണ്ട്.
കാരണം, വിജയ് സാര്‍ സി.എമ്മായി. ഇനി അദ്ദേഹം അഭിനയത്തിലേക്ക് തിരിച്ചുവരുമോ എന്നൊന്നും അറിയില്ല. ആ ചാന്‍സിനെക്കുറിച്ച് ആലോചിച്ചാല്‍ തന്നെ സങ്കടമാണ്. വിജയ് സാറിനൊപ്പം ഇനി അഭിനയിക്കാന്‍ പറ്റില്ല. അജിത് സാര്‍, സൂര്യ സാര്‍, അതുപോലെ രജിനി സാര്‍ ഇവര്‍ക്കൊപ്പം അഭിനയിക്കണമെന്ന് എനിക്ക് വലിയ ആഗ്രഹമുണ്ട്,’ ആന്റണി വര്‍ഗീസ് പറയുന്നു.
ആര്‍.ഡി.എക്‌സ് എന്ന സൂപ്പര്‍ഹിറ്റിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഐ ആം ഗെയിം. വന്‍ ബജറ്റില്‍ ഗ്രാന്‍ഡായാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. സ്‌പോര്‍ട്‌സ്, ആക്ഷന്‍, ഫാന്റസി ഴോണറിലൊരുങ്ങിയ ചിത്രത്തില്‍ ഡാന്‍ ജോണ്‍ എന്ന കഥാപാത്രമായാണ് ദുല്‍ഖര്‍ വേഷമിടുന്നത്. വിക്കി എന്ന ക്രിക്കറ്റാറായാണ് പെപ്പെ പ്രത്യക്ഷപ്പെടുന്നത്.
Content Highlight: Antony Varghese Pepe about the missed chance of acting with Vijay