മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മുന്‍ താരമായ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം റൊണാള്‍ഡോയെ നേരില്‍ കണ്ടപ്പോള്‍ ഉള്ള സന്തോഷം എങ്ങനെയായിരുന്നുവെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് റെഡ് ഡെവിള്‍സിന്റെ ബ്രസീലിയന്‍ വിങ്ങര്‍ ആന്റണി.
തന്റെ ചെറുപ്പത്തിലെ ആരാധനാകഥാപത്രമായ റൊണാള്‍ഡോയെ നേരില്‍ കണ്ടുമുട്ടുക എന്നത് ഒരു സ്വപ്നമായിരുന്നുവെന്നും മാഞ്ചസ്റ്റര്‍ യൂണൈറ്റഡിലെ തന്റെ അടുത്ത സുഹൃത്തുക്കള്‍ ആരെല്ലാമാണെന്നുമാണ് ആന്റണി പറഞ്ഞത്.
‘ഞാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ആരാധിച്ചുകൊണ്ടാണ് വളര്‍ന്നത്. റൊണാള്‍ഡോ എന്ന ഒരു പ്രതിഭാസമാണ്. ഞാന്‍ അദ്ദേഹത്തെ നേരില്‍ കണ്ടുമുട്ടിയപ്പോള്‍ അതൊരു സ്വപ്ന സാക്ഷാത്കാരമായിരുന്നു. കാസെമിറോയും ഡിയോഗോ ഡലോട്ടും ആണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ എന്റെ അടുത്ത സുഹൃത്തുക്കള്‍,’ ആന്റണി യുണൈറ്റഡ് സ്റ്റാന്‍ഡിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
2022 സെപ്റ്റംബറിലാണ് ആന്റണി അജാക്‌സില്‍ നിന്നും മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ എത്തുന്നത്. എന്നാല്‍ ആന്റണിക്ക് കൂടുതല്‍ കാലം മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ റൊണാള്‍ഡോക്കൊപ്പം കളിക്കാന്‍ സാധിച്ചിരുന്നില്ല. റൊണാള്‍ഡോ ഓള്‍ഡ് ട്രഫോഡില്‍ നിന്നും സൗദി ക്ലബ്ബായ അല്‍ നസറിലേക്ക് ചേക്കേറുകയായിരുന്നു.
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ എറിക് ടെന്‍ ഹാഗും റൊണാള്‍ഡോയും തമ്മിലുള്ള ബന്ധം വഷളായതിന് പിന്നാലെയാണ് റോണോ സൗദിയിലേക്ക് ചേക്കേറിയത്. ഈ സീസണില്‍ പ്രായത്തെ വെല്ലുന്ന പോരാട്ട വീര്യമാണ് റോണോ കാഴ്ചവെക്കുന്നത്. 18 ഗോളുകളും ഒമ്പത് അസിസ്റ്റുകളുമാണ് റൊണാള്‍ഡോയുടെ ഇതുവരെയുള്ള സമ്പാദ്യം.
അതേസമയം ബ്രസീലിയന്‍ താരം ആന്റണിക്ക് ഈ സീസണില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി ഗോളോ അസിസ്റ്റോ രേഖപ്പെടുത്താന്‍ സാധിച്ചിട്ടില്ല.
Content Highlight: Antony revealed the happiness of his first meet up with Cristiano Ronaldo.