| Wednesday, 26th February 2025, 2:59 pm

സുരേഷ് കുമാറിനെതിരായ എഫ്.ബി പോസ്റ്റ് പിന്‍വലിച്ച് ആന്റണി പെരുമ്പാവൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നിര്‍മാതാവ് ജി. സുരേഷ് കുമാറിനെതിരായ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് ആന്റണി പെരുമ്പാവൂര്‍. ഫിലിം ചേംബര്‍ നോട്ടീസ് അയച്ചതിന് പിന്നാലെയാണ് ആന്റണിയുടെ നീക്കം.

ഫെബ്രുവരി 24നാണ് ഫിലിം ചേംബര്‍ ആന്റണി പെരുമ്പാവൂരിന് നോട്ടീസ് അയച്ചത്. സുരേഷ് കുമാറിനെതിരായ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിക്കണമെന്നായിരുന്നു ആവശ്യം. ഏഴ് ദിവസത്തിനകം മറുപടി നല്‍കണമെന്നും നോട്ടീസില്‍ പറഞ്ഞിരുന്നു.

ആരെയും എന്തും പറയാമെന്ന വെല്ലുവിളി ശരിയല്ലെന്നും അതുകൊണ്ടാണ് ആന്റണിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചതെന്നുമാണ് ഫിലിം ചേംബര്‍ നല്‍കിയ വിശദീകരണം. സുരേഷ് കുമാര്‍ പറഞ്ഞത് യോഗത്തിന്റെ കൂട്ടായ തീരുമാനമാണെന്നും ചേംബര്‍ അറിയിച്ചിരുന്നു.

നിര്‍മാതാക്കള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ആയതിനാല്‍ താരങ്ങള്‍ നിബന്ധമായും പ്രതിഫലം കുറയ്ക്കണമെന്നാണ് സുരേഷ് കുമാര്‍ അടുത്തിടെ ആവശ്യപ്പെട്ടത്. മലയാള സിനിമക്ക് താങ്ങാവുന്നതിന്റെ പത്തിരട്ടിയാണ് താരങ്ങള്‍ പ്രതിഫലമായി വാങ്ങുന്നതെന്നും ഒരു പ്രതിബദ്ധതയും ഈ മേഖലയോട് അവര്‍ക്കില്ലെന്നും സുരേഷ് കുമാര്‍ പറഞ്ഞിരുന്നു.

പിന്നീട് സുരേഷ് കുമാറിനെ പിന്തുണച്ച് ഫിലിം ചേംബറും പ്രതികരിക്കുകയായിരുന്നു. എന്നാല്‍ ആന്റണി പെരുമ്പാവൂര്‍ സുരേഷ് കുമാറിനെ വിമര്‍ശിച്ച് രംഗത്ത് വരികയാണ് ഉണ്ടായത്. തുടര്‍ന്ന് അദ്ദേഹത്തിന് പിന്തുണ അറിയിച്ച് ഏതാനും അഭിനേതാക്കള്‍ ഉള്‍പ്പെടെ പ്രതികരിക്കുകയും ചെയ്തിരുന്നു.

നിലവില്‍ സിനിമാ സമരം ആരംഭിക്കുന്നതിന് മുന്നോടിയായി സര്‍ക്കാരുമായി നികുതിയിളവ് സംബന്ധിച്ച വിഷയങ്ങളില്‍ ഉള്‍പ്പെടെ ചര്‍ച്ച നടത്തുമെന്ന് ഫിലിം ചേംബര്‍ അറിയിച്ചിട്ടുണ്ട്.

സിനിമാ രംഗത്തെ വിവിധ സംഘടനകളുമായി ചര്‍ച്ച നടത്തുമെന്നും താരങ്ങളുടെ വേതനം സംബന്ധിച്ച് താരസംഘടനായ എ.എം.എം.എയുമായി കൂടിയാലോചിക്കുമെന്നും ചേംബര്‍ അറിയിച്ചു.

അതേസമയം നിര്‍മാതാക്കളുടെ സമരത്തെ എ.എം.എം.എ നേരത്തെ തള്ളിയിരുന്നു. ഫിലിം ചേംബറുമായി മോഹന്‍ലാല്‍, സുരേഷ് ഗോപി, മഞ്ജു പിള്ള, ബേസില്‍ ജോസഫ്, അന്‍സിബ, ടൊവിനോ തോമസ്, സായ് കുമാര്‍, വിജയരാഘവന്‍ എന്നിവര്‍ നടത്തിയ യോഗത്തിലും എ.എം.എം.എ സമാനമായ നിലപാടാണ് സ്വീകരിച്ചത്.

Content Highlight: Antony Perumbavoor withdraws FB post against Suresh Kumar

We use cookies to give you the best possible experience. Learn more