| Saturday, 9th May 2026, 10:48 pm

ബുക്കിങ് 3 കോടി പിന്നിട്ടു എന്നാണ് അറിയാന്‍ സാധിക്കുന്നത്, എമ്പുരാനില്‍ മനഃപൂര്‍വ്വം ചെയ്തതായിരുന്നു, ദൃശ്യം 3യില്‍ അങ്ങനെയല്ല: ആന്റണി പെരുമ്പാവൂര്‍

അശ്വിന്‍ രാജേന്ദ്രന്‍

പുറത്തിറങ്ങുന്ന ചിത്രങ്ങളുടെ വിജയത്തിന്റെ കാര്യത്തിലോ ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലോ യാതൊന്നും പ്രവചിക്കാന്‍ സാധിക്കാത്ത ഇന്‍ഡസ്ട്രിയാണ് മലയാളത്തിലേത്. വമ്പന്‍ ഹൈപ്പിലെത്തിയ പേട്രിയറ്റ് ഓപ്പണിങ് ദിനങ്ങളില്‍ വലിയ കളക്ഷന്‍ നേടുകയും പിന്നീട് കൂപ്പുകുത്തുകയും മറുവശത്ത് പുതുമുഖങ്ങള്‍ അഭിനയിച്ച വാഴ 2 200 കോടിയിലധികം നേടി ഇന്‍ഡസ്ട്രി ഹിറ്റടിക്കുകയും ചെയ്ത കാഴ്ച്ചയ്ക്ക് പ്രേക്ഷകര്‍ സാക്ഷ്യം വഹിച്ചതാണ്.

എന്നിരുന്നാലും ചിത്രത്തിന് ലഭിക്കുന്ന ഹൈപ്പിലൂടെ വലിയ തുക ആദ്യ ദിനത്തെ കളക്ഷനില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ എല്ലാ ചിത്രങ്ങളുടെ നിര്‍മാതാക്കളും ഒരുപോലെ ശ്രമിക്കാറുണ്ട്. സോഷ്യല്‍ മീഡിയ വഴി നടത്തുന്ന പ്രൊമോഷന്‍ പരിപാടികള്‍ ഇത്തരത്തില്‍ ചിത്രങ്ങളുടെ ഹൈപ്പ് പ്രേക്ഷകരിലേക്കെത്തിക്കാന്‍ വലിയ രീതിയില്‍ സഹായകരമാകാറുമുണ്ട്. മലയാള സിനിമാ ചരിത്രത്തില്‍ ഓപ്പണിങ് ദിനത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമെന്ന റെക്കോര്‍ഡ് കൈയാളുന്നത് പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായ എമ്പുരാനാണ്. ആദ്യ ദിനം വേള്‍ഡ് വൈഡ് റിലീസിലൂടെ 68 കോടിയോളമാണ് ചിത്രം സ്വന്തമാക്കിയത്.

എമ്പുരാന്‍. Photo: The Hindu

റിലീസ് ചെയ്ത ഒരു വര്‍ഷം പിന്നിട്ടിട്ടും ഈ റെക്കോര്‍ഡില്‍ മാത്രം ആര്‍ക്കം കൈ വെക്കാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ മെയ് 21ന് പുറത്തിറങ്ങുന്ന മോഹന്‍ലാല്‍ ചിത്രം ദൃശ്യം 3യ്ക്ക് ഈ റെക്കോര്‍ഡ് വെട്ടിക്കാനുള്ള കെല്‍പ്പുണ്ടെന്നാണ് പ്രേക്ഷകര്‍ ഉറച്ച് വിശ്വസിക്കുന്നത്. ഇരു ചിത്രങ്ങളുടെയും നിര്‍മാതാവായ ആന്റണി പെരുമ്പാവൂര്‍ ഇതേക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

‘ഞാന്‍ മനസിലാക്കുന്നത് പ്രകാരം ഒരോ ചിത്രങ്ങളും വിതരണം ചെയ്യുന്നതില്‍ ഓരോ രീതികളുണ്ടാകും. എമ്പുരാന്‍ ചെയ്ത സമയത്ത് അതുപോലെ ഒരു മണിക്കൂറില്‍ സംഭവിക്കണമെന്ന് കരുതിയായിരുന്നു അതിനെ അങ്ങനെ വെച്ച് വെച്ച് ഒറ്റയടിക്ക് ബ്ലാസ്റ്റ് ചെയ്യുന്ന പോലെ ഒരു സംഭവമുണ്ടാക്കിയത്. പക്ഷേ ദൃശ്യത്തില്‍ പതിനൊന്ന് ദിവസത്തിന് മുമ്പാണ് ഓണ്‍ലൈനില്‍ ആളുകള്‍ക്ക് ബുക്ക് ചെയ്യാന്‍ സാധിക്കുന്നത്.

ദൃശ്യം 3. Photo: IMDB

സ്വാഭാവികമായിട്ടും അങ്ങനെ ഒരു കാര്യം സംഭവിക്കാന്‍ വേണ്ടിയിട്ടല്ല ഞങ്ങളിത് ചെയ്തത്. ഓരോ ഷോകളും ഫുള്ളായി അടുത്ത ദിവസവും നേരത്തേ ടിക്കറ്റെടുക്കാന്‍ ഉള്ള ഒരു സംവിധാനത്തിലേക്ക് കൊണ്ടുപോകാനാണ് ഇങ്ങനെ ചെയ്യുന്നത്. ഞങ്ങളൊരു പരീക്ഷണം നടത്തുകയാണ്. ഇപ്പോള്‍ തന്നെ ഓണ്‍ലൈനില്‍ കാണുന്നത് പ്രകാരം മൂന്ന് കോടി രൂപയുടെ ബുക്കിങ് കഴിഞ്ഞിരിക്കുന്നു എന്നാണ് അറിയാന്‍ സാധിച്ചിരിക്കുന്നത്. അത്ഭുതങ്ങള്‍ സംഭവിക്കട്ടെ. അങ്ങനെയുള്ള റെക്കോര്‍ഡുകളെല്ലാം നമുക്ക് ചേര്‍ന്ന് നിന്നുണ്ടാക്കാം,’ ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.

Content Highlight: Antony Perumbavoor talks about Pre booking collection of Empuran and Drishyam 3

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more