മലയാളത്തിലെ മുന്‍നിര നിര്‍മാതാക്കളിലൊരാളാണ് ആന്റണി പെരുമ്പാവൂര്‍. 25 വര്‍ഷമായി മോഹന്‍ലാലിന്റെ സന്തത സഹചാരിയായ ആന്റണി ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ നിരവധി ഹിറ്റുകള്‍ മോളിവുഡിന് സമ്മാനിച്ചു. സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദൃശ്യം 3യാണ് ആശീര്‍വാദിന്റെ പുതിയ ചിത്രം.
ഇന്‍ഡസ്ട്രി ഹിറ്റായ ദൃശ്യത്തിന്റെ മൂന്നാം ഭാഗം ബോക്‌സ് ഓഫീസില്‍ പുതിയ ചരിത്രമെഴുതുമെന്നാണ് ട്രാക്കര്‍മാരുടെ കണക്കുകൂട്ടല്‍. ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികള്‍ വളരെ ഗംഭീരമായി നടത്തുകയാണ് ആന്റണി പെരുമ്പാവൂര്‍. കഴിഞ്ഞദിവസം ആരാധകരുമായി നടത്തിയ സംവാദമാണ് ഇപ്പോള്‍ സിനിമാപേജുകളിലെ പ്രധാന ചര്‍ച്ച.
അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായ ഒന്നായിരുന്നു തൃശൂര്‍ രാഗം തിയേറ്ററിലെ ഫാന്‍സ് ഷോ ഇഷ്യു. കേരളത്തിലെ മികച്ച തിയേറ്ററുകളിലൊന്നായ രാഗം തിയേറ്ററില്‍ ഇനിമുതല്‍ ഫാന്‍സ് ഷോ ഉണ്ടാകില്ലെന്ന് ഉടമകള്‍ അറിയിച്ചിരുന്നു. ഈ വിഷയത്തില്‍ ആന്റണി പെരുമ്പാവൂര്‍ എടുത്ത നിലപാടാണ് പലരുടെയും കൈയടി നേടിയത്.
‘അവര്‍ ഇനി ഫാന്‍സ് ഷോ നടത്തില്ലെന്ന് പറഞ്ഞുകൊണ്ട് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. ഞാന്‍ അവരുടെ അഡ്വാന്‍സ് തിരിച്ചുകൊടുത്തിട്ട് പടം തരുന്നില്ലെന്ന് പറഞ്ഞു. ‘അയ്യോ ചേട്ടാ’ എന്നൊക്കെ അവര്‍ കരഞ്ഞതുകൊണ്ട് മാത്രമാണ് സിനിമ കൊടുത്തത്. ഞാന്‍ ഈ പണി തുടങ്ങിയിട്ട് കാലം കുറേയായി. ഈ കാലയളവില്‍ എനിക്ക് സപ്പോര്‍ട്ട് തന്നത് ഫാന്‍സാണ്. അവര്‍ക്ക് വേണ്ടി ഞാന്‍ കൂടെ നില്‍ക്കും,’ ആന്റണി പെരുമ്പാവൂര്‍ പറയുന്നു.
ഇതിന് പിന്നാലെ ആന്റണിയെ പ്രശംസിച്ചുകൊണ്ട് പലരും രംഗത്തെത്തിയിരിക്കുകയാണ്. മോഹന്‍ലാലിന്റെ ഏറ്റവും വലിയ ഫാന്‍ബോയ് ആന്റണിയാണെന്ന് ഒരിക്കല്‍കൂടി തെളിയിച്ചെന്നാണ് പലരുടെയും കമന്റ്. രാഗം തിയേറ്ററിലെ ആദ്യ ഷോ തന്നെ ഫാന്‍സിന് വേണ്ടിയുള്ളതാണെന്നത് ആന്റണിയുടെ വിജയമാണെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നുണ്ട്.
റിലീസിന് അഞ്ച് ദിവസം ബാക്കിനില്‍ക്കെ ഗംഭീര പ്രീ സെയിലാണ് ദൃശ്യം 3ന് ലഭിക്കുന്നത്. ഇതിനോടകം 15 കോടിയിലേറെയാണ് ചിത്രം നേടിയത്. ആദ്യദിനം 25 കോടിക്ക് മുകളില്‍ ചിത്രം സ്വന്തമാക്കുമെന്നാണ് കണക്കുകൂട്ടല്‍. നാലാം ക്ലാസുകാരന്റെ മൂന്നാം വരവില്‍ ബോക്‌സ് ഓഫീസ് റെക്കോഡുകള്‍ തകരുമെന്നാണ് ആരാധകര്‍ കരുതുന്നത്.
Content Highlight: Antony Perumbavoor reacts to the Fans show issue in Ragam theatre
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ