| Friday, 31st August 2018, 12:35 pm

'ഇവന്‍ ഡ്രൈവര്‍ എന്ന പുച്ഛമാണ് പലര്‍ക്കും; നിര്‍മാതാവ് എന്ന നിലയില്‍ കഥ കേള്‍ക്കാന്‍ എനിക്ക് അര്‍ഹതയില്ലേ?; ആന്റണി പെരുമ്പാവൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തന്നെ വെറും ഡ്രൈവര്‍ എന്ന് പറഞ്ഞ് പുച്ഛിക്കുന്നവര്‍ക്ക് മറുപടിയുമായി നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. താന്‍ അന്നും ഇന്നും ഡ്രൈവര്‍ തന്നെയാണെന്നും മോഹന്‍ലാല്‍ എന്ന വലിയ മനുഷ്യന്റെ ഡ്രൈവര്‍ എന്ന് പറയുന്നതില്‍ അഭിമാനം മാത്രമേയുള്ളൂവെന്നും ആന്റണി പെരുമ്പാവൂര്‍ പറയുന്നു.

മോഹന്‍ലാല്‍ എന്റെ മുതലാളിയാണ്. ഞങ്ങള്‍ പരസ്പരം അതിലും വലിയ പലതുമാണ്. എന്നാലും എനിക്കിഷ്ടവും ബഹുമാനവും ആ ബന്ധം തന്നെയാണെന്നും ആന്റണി പറയുന്നു. മലയാള മനോരമ വാര്‍ഷികപ്പതിപ്പിന് വേണ്ടി ഉണ്ണി.കെ വാര്യര്‍ നടത്തിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ ലഭിച്ചത് 1036 കോടി രൂപ ; ധനസമാഹരണത്തിന് വിപുല പദ്ധതി; ഒരു ലക്ഷം രൂപ വരെ പലിശ രഹിത വായ്പ അനുവദിക്കും


ആന്റണി കഥകേട്ടാലേ മോഹന്‍ലാല്‍ അഭിനയിക്കൂ എന്ന് പറയുന്നവരുണ്ട്. ഞാന്‍ കഥകേള്‍ക്കാറുണ്ട്. വിജയിക്കുമെന്ന് എനിക്ക് തോന്നുന്ന കഥകള്‍ കേള്‍ക്കാന്‍ ലാല്‍ സാറിനോട് പറയാറുമുണ്ട്. ചിലപ്പോള്‍ അത് വേണ്ട എന്ന് ലാല്‍ സാര്‍ തന്നെ പറയാറുണ്ട്. എത്രയോ കഥകള്‍ ലാല്‍ സാര്‍ നേരിട്ട് കേള്‍ക്കാറുണ്ട്. ഞാന്‍ അത് വേണ്ട എന്ന് പറഞ്ഞാലും നമുക്ക് ചെയ്യാമെന്ന് അദ്ദേഹം പറയും. പിന്നെ ഞാന്‍ ഒന്നും പറയാറില്ല. ലാല്‍ സാറിന്റെ 25 സിനിമകള്‍ നിര്‍മിച്ചു. മിക്കതും വിജയമായിരുന്നു.- ആന്റണി പറയുന്നു.

നിര്‍മാതാവ് എന്ന നിലയില്‍ കഥ കേള്‍ക്കാന്‍ തനിക്ക് അര്‍ഹതയില്ലേയെന്നും ആന്റണി ചോദിക്കുന്നു. പണമിറക്കുന്ന ആള്‍ക്ക് ഒരു സിനിമ വേണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ അര്‍ഹതയുണ്ട്. വേറെ ഏത് നിര്‍മാതാവിന് മുന്നിലും കഥ പറയാം. ആന്റണിക്ക് മുന്നില്‍ പറ്റില്ല എന്ന് പറയുന്നതിന് ഒരു കാരണമേയുള്ളൂ. ആന്റണി ഡ്രൈവറായിരുന്നു എന്നത് തന്നെ.

ലാല്‍ സാറിന്റെ വിജയപരാജയങ്ങള്‍ അറിയാവുന്ന ഒരാള്‍ എന്ന നിലയില്‍ അദ്ദേഹം ചെയ്യുന്ന സിനിമയുടെ കഥ കേള്‍ക്കാന്‍ എനിക്ക് അധികാരമില്ല എന്ന് പറയേണ്ടത് ലാല്‍ സാര്‍ മാത്രമാണ്.

മോഹന്‍ലാല്‍ എന്ന നടനെ കുറ്റം പറയുന്ന പലരും പിന്നീട് മോഹന്‍ലാലിന് മുന്‍പില്‍ സ്‌നേഹപൂര്‍വം സ്വന്തം ആളെന്ന മട്ടില്‍ നില്‍ക്കുന്നത് കണ്ടിട്ടുണ്ട്. കുറ്റംപറയുന്നവരും അധിക്ഷേപിക്കുകയും ചെയ്യുന്ന പലരും മോഹന്‍ലാലിന്റെ വളര്‍ച്ചയില്‍ മനസ് വിഷമിച്ചവരാണ്. – ആന്റണി പറയന്നു.

ഒരു ദേശീയ അവാര്‍ഡും മൂന്ന് സംസ്ഥാന അവാര്‍ഡും വാങ്ങിയ നിര്‍മാതാവാണ് ഞാന്‍. ലാഭം കിട്ടില്ല എന്നറിഞ്ഞുകൊണ്ട് തന്നെയാണ് ദേശീയ തലത്തില്‍ ശ്രദ്ധിക്കണമെന്ന ലക്ഷ്യത്തോടെ പല സിനിമകളും നിര്‍മിച്ചത്. ഇതെല്ലാം അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ട് നിര്‍മിച്ചതാണ്. ആരുടേയും പോക്കറ്റടിച്ച പണം കൊണ്ടുണ്ടാക്കിയ സിനിമകളല്ല. ഈ അവാര്‍ഡുകള്‍ കിട്ടിയപ്പോള്‍ പല പത്രങ്ങളും ചാനലുകളും എന്റെ ഫോട്ടോ പോലും കൊടുത്തില്ല. രാഷ്ട്രപതിയുടെ കയ്യില്‍ നിന്ന് വാങ്ങുന്ന പടവും കൊടുത്തില്ല. മറ്റ് പല നിര്‍മാതാക്കളെ കുറിച്ച് പ്രത്യേക ന്യൂസ് കൊടുക്കുന്നത് കണ്ടിട്ടുണ്ട്. ഇവന്‍ ഡ്രൈവര്‍ എന്ന പുച്ഛമാണ് പലര്‍ക്കും. ഞാന്‍ ആവര്‍ത്തിച്ചു പറയുന്നു.. ഞാന്‍ ഡ്രൈവര്‍ തന്നെയാണ്.-

മോഹന്‍ലാലിന്റെ പണം കൊണ്ടാണ് ആന്റണി സിനിമ എടുക്കുന്നതെന്നാണ് പലരേയും പരാതി. അങ്ങനെയല്ല എന്നതാണ് സത്യം. പക്ഷേ അങ്ങനെ ആകണമെന്ന് തന്നെയാണ് എന്റെ ആഗ്രഹം. മോഹന്‍ലാല്‍ എന്ന വലിയ മനുഷ്യന്‍ എന്നെ വിശ്വസിച്ചു പണം ഏല്‍പിക്കുന്നു എന്നതിലും വലിയ ബഹുമതിയുണ്ടോ?

മോഹന്‍ലാലിന്റെ പണം കൊണ്ട് നിര്‍മിച്ചാല്‍ എന്നാണ് കുഴപ്പം? അത് മോഹന്‍ലാലിനെ മാത്രം ബാധിക്കുന്ന കാര്യമല്ലേ?പുറത്ത് നില്‍ക്കുന്നവര്‍ക്ക് അതിലെന്ത് കാര്യം?മോഹന്‍ലാല്‍ പപ്പടമോ കമ്പ്യൂട്ടറോ എന്ത് വേണമെങ്കിലും ഉണ്ടാക്കി വില്‍ക്കട്ടേ, അതിനെന്തിനാണ് പുറത്തുള്ളവര്‍ അസ്വസ്ഥരാകുന്നത്? അദ്ദേഹത്തിന്റെ പ്രതിഫലം വലുതാണെങ്കില്‍ അത് നല്‍കാവുന്നവര്‍ സിനിമ നിര്‍മിക്കട്ടേ- ആന്റണി പെരുമ്പാവൂര്‍ പറയുന്നു.

We use cookies to give you the best possible experience. Learn more