| Friday, 30th October 2026, 6:28 pm

മീശ പിരിച്ച് വരുന്നു എന്നതുകൊണ്ട് ആരും നരസിംഹം പോലൊരു പടം പ്രതീക്ഷിക്കരുത്, അതിമനോഹരം വേറൊരു രീതിയിലുള്ള സിനിമയാണ്: ആന്റണി പെരുമ്പാവൂര്‍

അമര്‍നാഥ് എം.

ആരാധകര്‍ക്ക് സന്തോഷം നല്‍കിക്കൊണ്ട് മോഹന്‍ലാലിന്റെ പുതിയൊരു ചിത്രത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. വരനെ ആവശ്യമുണ്ട് എന്ന സൂപ്പര്‍ഹിറ്റിന് ശേഷം അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജ ഇന്ന് എറണാകുളത്ത് വെച്ച് നടന്നു. താരനിബിഡമായ ചടങ്ങില്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും പങ്കെടുത്തിരുന്നു.

ചടങ്ങിനിടെ ചിത്രത്തിന്റെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞ വാക്കുകളാണ് സിനിമാപ്രേമികള്‍ക്കിടയിലെ പ്രധാന ചര്‍ച്ച. മോഹന്‍ലാലിന്റെ കഴിഞ്ഞ സിനിമകളെക്കുറിച്ചും ഇനി വരാനിരിക്കുന്ന സിനിമകളെക്കുറിച്ചും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ചോദിച്ച ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലായി.

റിലീസിന് തയാറെടുക്കുന്ന അതിമനോഹരത്തെക്കുറിച്ച് ആന്റണി പെരുമ്പാവൂര്‍ സംസാരിച്ചു. ഏറെക്കാലത്തിന് ശേഷം മീശ പിരിച്ച ലുക്കില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്ന ചിത്രത്തില്‍ എത്രമാത്രം പ്രതീക്ഷ വെക്കണമെന്നായിരുന്നു ചോദ്യം. എന്നാല്‍ മീശ പിരിച്ചെന്ന് കരുതി മോഹന്‍ലാലിന്റെ സ്ഥിരം മാസ് സിനിമകള്‍ പോലെയല്ലെന്നായിരുന്നു ആന്റണിയുടെ മറുപടി.

‘ലാല്‍ സാര്‍ മീശ പിരിച്ച് വരുന്നു എന്ന് പറയുമ്പോള്‍ നമ്മുടെ മനസില്‍ ചില പടങ്ങള്‍ വരുമല്ലോ, ആറാം തമ്പുരാന്‍, നരസിംഹം പോലുള്ള പടങ്ങളാണല്ലോ അതിന് ഫേമസ്. അതുപോലുള്ള സിനിമയാണ് അതിമനോഹരം എന്ന് വിചാരിച്ച് വന്നാല്‍ നിരാശയാകും ഫലം. തരുണ്‍ മൂര്‍ത്തിയുടെ സ്റ്റൈലിലുള്ള മീശ പിരിച്ച ചിത്രമാകും അതിമനോഹരം,’ ആന്റണി പെരുമ്പാവൂര്‍ പറയുന്നു.

തിയേറ്ററിക്കല്‍ മൊമന്റുകള്‍ അതിമനോഹരത്തിലുണ്ടാകുമെന്നും എന്നാല്‍ ഔട്ട് ആന്‍ഡ് ഔട്ട് മാസ് സിനിമയാകുമെന്ന് കരുതരുതെന്നും അദ്ദേഹം പറഞ്ഞു. മോഹന്‍ലാലിനൊപ്പം മുകേഷ്, ജഗദീഷ്, ലാലു അലക്‌സ്, മീര ജാസ്മിന്‍ തുടങ്ങിയ കോമ്പോ ഒന്നിക്കുന്നത് നല്ല കാര്യമായിട്ടാണ് താന്‍ കരുതുന്നതെന്നും ആന്റണി പറഞ്ഞു. അടുത്തിടെ സിനിമാപേജുകളില്‍ വിവാദമായ ജയിലര്‍ 2ലെ മോഹന്‍ലാലിന്റെ സാന്നിധ്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചിരുന്നു.

‘ലാല്‍ സാറിന്റെ രംഗങ്ങള്‍ കട്ട് ചെയ്തത് മലയാളികള്‍ക്ക് സന്തോഷമുള്ള കാര്യമല്ലല്ലോ. ആ ഒരു സന്തോഷമില്ലായ്മ നമുക്കുമുണ്ട്. ഇത്രയും സീനുകള്‍ കട്ട് ചെയ്യുമെന്ന് അറിയിച്ചിരുന്നില്ല. അത് നമുക്കും അംഗീകരിക്കാനാകാത്ത കാര്യമാണ്. കൂടുതലൊന്നും അതിനെപ്പറ്റി പറയാനില്ല,’ ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.

മോഹന്‍ലാലിന്റെ ലൈനപ്പില്‍ ഏറ്റവും പ്രതീക്ഷയുള്ള ചിത്രമാണ് L 368. മോഹന്‍ലാലിനൊപ്പം മുകേഷ്, സംഗീത് പ്രതാപ് എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്. ആശീര്‍വാദ് സിനിമാസ് നിര്‍മിക്കുന്ന ചിത്രം 2027 മാര്‍ച്ചില്‍ തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.

Content Highlight: Antony Perumbavoor about Athimanoharam movie

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more