| Saturday, 25th May 2013, 2:30 pm

ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം ചര്‍ച്ചയിലൂടെ തന്നെ പരിഹരിക്കും: ആന്റണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ഏഴിമല: ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം ചര്‍ച്ചയിലൂടെ തന്നെ പരിഹരിക്കുമെന്ന് പ്രതിരോധ മന്ത്രി എ.കെ ആന്റണി.

ഏഴിമല നാവിക അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ അംഗങ്ങളുടെ പാസിംഗ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യാ-ചൈന അതിര്‍ത്തിയില്‍ ചില മേഖലകളില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അത് പരിഹരിക്കും. ഇന്ത്യയും ചൈനയും സാമ്പത്തിക വളര്‍ച്ചയ്ക്ക് അനുസരിച്ച് അതിര്‍ത്തിയിലും അടിസ്ഥാന സൗകര്യങ്ങളും മറ്റും മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. []

ബജറ്റില്‍ പ്രതിരോധവകുപ്പിന് അനുവദിക്കുന്ന ഒരു പൈസ പോലും പാഴാക്കി കളയുകയോ ചെലവഴിക്കാതെ തിരികെ നല്‍കുകയോ ചെയ്യുന്നില്ലെന്നും അനുവദിക്കുന്ന പണമെല്ലാം ചെലവഴിക്കുന്നുണ്ടെന്നും ആന്റണി പറഞ്ഞു.

ചൈനയുമായി മത്സരവും സൗഹൃദവും ഒരുപോലെ തുടരും. പ്രതിരോധ കരാറുകള്‍ റദ്ദാക്കുന്നതും വൈകിക്കുന്നതും സേനയുടെ ആയുധബലത്തെ ബാധിക്കില്ല.

പ്രതിരോധ ബജറ്റിനേക്കാള്‍ 3000 കോടി രൂപയുടെ ഉപകരണങ്ങള്‍ അധികം വാങ്ങിയിട്ടുണ്ട്. ഏതു സ്ഥിതിയെയും നേരിടാന്‍ തക്ക അടിസ്ഥാന സൗകര്യങ്ങള്‍ സൈന്യത്തിനു ലഭ്യമാക്കാനുള്ള പദ്ധതികള്‍ പുരോഗമിക്കുകയാണ്. – അദ്ദേഹം പറഞ്ഞു.

എല്ലാ രാജ്യങ്ങളും ഇന്ത്യന്‍ സൈന്യവുമായി അടുത്ത് സഹകരിക്കാന്‍ താല്‍പര്യം കാണിക്കുന്നുണ്ട്.  ഇപ്പോള്‍ ഏത് വെല്ലുവിളിയും നേരിടാന്‍ കഴിയുമെന്ന അതിരറ്റ ആത്മവിശ്വാസം രാജ്യത്തിനുണ്ടെന്നും ആന്റണി പറഞ്ഞു.

അതിര്‍ത്തികള്‍ സംരക്ഷിക്കാന്‍ അടിസ്ഥാന സൗകര്യങ്ങള്‍ വേണം. ഇതിനുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

സൈബര്‍ സുരക്ഷയിലെ വെല്ലുവിളികള്‍ നേരിടുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പ്രതിരോധ വകുപ്പ് താമസിച്ചാണ് തുടങ്ങിയതെന്ന് സമ്മതിച്ച ആന്റണി ഇക്കാര്യത്തില്‍ ഇപ്പോള്‍ ഏറെ പുരോഗതി കൈവരിച്ചതായും പറഞ്ഞു

We use cookies to give you the best possible experience. Learn more