| Sunday, 5th June 2016, 9:29 pm

വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ നേരിടണമെന്ന് ആന്റണി; ഒറ്റക്കെട്ടായി മുന്നോട്ടെന്ന് സുധീരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ നേരിടണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. ആറ് മാസത്തിനകം പാര്‍ട്ടിക്ക് വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയണം. ആര്‍.എസ്.എസുമായോ സംഘപരിവാര്‍ സംഘടനകളുമായോ യാതൊരു തരത്തിലുള്ള ബന്ധവും പാടില്ലെന്നും ആന്റണി പറഞ്ഞു.

അതിനിടെ പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ പറഞ്ഞു. നിയമസഭാ തെരെഞ്ഞെടുപ്പിലുണ്ടായ തോല്‍വിയുടെ ഉത്തരവാദിത്തം എല്ലാവര്‍ക്കുമുണ്ട്. മദ്യനയത്തില്‍ പാര്‍ട്ടിയുടെ നിലപാടില്‍ പുനഃപരിശോധനയില്ല. ജംബോ കമ്മിറ്റികള്‍ വേണമെന്നും വേണ്ടെന്നും നിര്‍ദേശമുണ്ട്. ഇക്കാര്യത്തില്‍ പരിശോധിച്ച് തീരുമാനമെടുക്കും. വിമര്‍ശനങ്ങള്‍ സ്വാഭാവികമാണെന്നും സുധീരന്‍ പറഞ്ഞു. തെരെഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന കെ.പി.സി.സിയുടെ എക്‌സിക്യൂട്ടീവ് യോഗത്തിനു ശേഷം പ്രതികരിക്കുകയായിരുന്നു ഇരു നേതാക്കളും.
നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ശനിയാഴ്ചയാണ് കെ.പി.സി.സിയുടെ എക്‌സിക്യൂട്ടീവ് യോഗത്തിന് തുടക്കമായത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, വി.എം സുധീരന്‍, രമേശ് ചെന്നിത്തല, പ്രവര്‍ത്തക സമിതിയംഗം എ.കെ ആന്റണി തുടങ്ങിയ നേതൃത്വ നിരകള്‍ക്കെതിരെ യോഗത്തില്‍ കനത്ത വിമര്‍ശനമുയര്‍ന്നിരുന്നു.

സുധീരന്‍ കെ.പി.സി.സി അധ്യക്ഷ സ്ഥാനം ഒഴിയണമെന്നും സുധീരന്‍ സ്വീകരിച്ച പല നിലപാടുകളും തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നും യോഗത്തില്‍ ആരോപണമുയര്‍ന്നു. പാര്‍ട്ടിയുടെ സംഘടനാതല പരാജയം തോല്‍വിക്കു കാരണമായെന്നും തോല്‍വിയുടെ മുഖ്യ ഉത്തരവാദിത്വം സുധീരനാണെന്നും ഇരു ഗ്രൂപ്പുകളും ആരോപിച്ചു. എം.എം ഹസന്‍, വി.ഡി സതീശന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളാണ് പ്രധാനമായും വിമര്‍ശനം ഉന്നയിച്ചത്. നേതൃത്വമാറ്റം അനിവാര്യമാണെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.

അതിനിടെയായിരുന്നു ആന്റണിക്കെതിരെയും വിമര്‍ശനം ഉയര്‍ന്നത്. ഒന്നും ചെയ്യാന്‍ കഴിവില്ലാത്ത കേന്ദ്ര നേതൃത്വമാണ് ഇപ്പോഴുള്ളതെന്നും ആന്റണി മൗനം വെടിയണമെന്നും കെ.പി.സി.സി ന്യൂനപക്ഷ സെല്‍ ചെയര്‍മാന്‍ കെ.കെ കൊച്ചു മുഹമ്മദ് പറഞ്ഞു. വേണ്ടത്ര ഇടപെടലുകള്‍ ആന്റണിയുടെ ഭാഗത്തു നിന്നും ഉണ്ടായില്ല. പാര്‍ട്ടിയെ തിരുത്തേണ്ട ബാധ്യതയുള്ള വ്യക്തി മൗനം പാലിക്കുന്നത് ഖേദകരമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

കെ.പി.സി.സി അധ്യക്ഷന്‍ വി.എം.സുധീരനെതിരെ കെ.ബാബു കടുത്ത ആക്രമണമാണ് ഇന്ന് നടത്തിയത്. ആദര്‍ശം പറഞ്ഞാല്‍ പാര്‍ട്ടിയുണ്ടാകില്ല. തോല്‍വിയുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് ഉമ്മന്‍ ചാണ്ടി ഒഴിഞ്ഞു. പാര്‍ട്ടിക്കും തോല്‍വിയുടെ ധാര്‍മിക ഉത്തരവാദിത്തമുണ്ട്. പാര്‍ട്ടിക്കുവേണ്ടാത്തവനാണ് താനെന്ന തോന്നലുണ്ടാക്കി. മദ്യലോബിയുടെ ആളായി ചിത്രീകരിച്ച് കളങ്കിതനാക്കി തോല്‍പ്പിച്ചെന്നും ബാബു പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more