| Friday, 2nd January 2026, 10:01 pm

UNRWAയെ ലക്ഷ്യമിട്ടുള്ള ഇസ്രഈൽ ഭേദഗതികളെ അപലപിച്ച് അന്റോണിയോ ഗുട്ടെറസ്

ശ്രീലക്ഷ്മി എ.വി.

ന്യൂയോർക്ക്: ഫലസ്തീനികൾക്കായുള്ള യു.എൻ ഏജൻസിയായ
യു.എൻ.ആർ.ഡബ്ള്യൂ.എയുടെ പ്രവർത്തനങ്ങളെ ലക്ഷ്യമിട്ടുള്ള ഇസ്രഈൽ പാർലമെന്റിന്റെ ഭേദഗതികളെ അപലപിച്ച് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്.

യു.എൻ ഏജൻസിയെ നിയന്ത്രിക്കുന്ന അന്താരാഷ്ട്ര നിയമ ചട്ടക്കൂടിനെ ഇസ്രഈലിന്റെ ഭേദഗതികൾ ലംഘിക്കുന്നുവെന്നും അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.

ഈ നടപടികൾ ഏജൻസിയുടെ പ്രവർത്തനങ്ങളെ കൂടുതൽ ദുർബലപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇസ്രഈലിന്റെ നിയമവും അതിലെ ഭേദഗതികളും യു.എൻ.ആർ.ഡബ്ല്യു.എയുടെ തത്വങ്ങളുമായും അന്താരാഷ്ട്ര നിയമ ചട്ടക്കൂടുമായും പൊരുത്തപ്പെടുന്നില്ലെന്നും അവ ഉടനടി റദ്ദാക്കണമെന്നും യു.എൻ പറഞ്ഞു.

UNRWA ഐക്യരാഷ്ട്രസഭയുടെ അവിഭാജ്യ ഘടകമാണെന്നും ഫലസ്തീൻ ജനതയെ സഹായിക്കുന്നതിൽ യു.എൻ.ആർ.ഡബ്ല്യു.എയുടെ പങ്ക് വലുതാണെന്നും ഗുട്ടെറസ് ഊന്നിപ്പറഞ്ഞു.

UNRWAയും ഉദ്യോഗസ്ഥരും ഉൾപ്പെടെ ഐക്യരാഷ്ട്രസഭയ്ക്ക് നൽകുന്ന പ്രത്യേകാവകാശങ്ങളും പ്രതിരോധശേഷികളും ബഹുമാനിക്കാൻ ഇസ്രഈൽ ബാധ്യസ്ഥനാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗസയിലേക്ക് മാനുഷിക സഹായം എത്തിക്കുന്ന സംഘങ്ങളെ നിരോധിക്കാനുള്ള ഇസ്രഈലിന്റെ നീക്കത്തെ ഐക്യരാഷ്ട്രസഭ നേരത്തെ അപലപിച്ചിരുന്നു.

ഇസ്രഈലിന്റെ നീക്കം അതിക്രൂരമാണെന്ന് യു.എൻ മനുഷ്യാവകാശ മേധാവി വോൾക്കർ ടർക്ക് പറഞ്ഞിരുന്നു.

ഇത്തരം ഏകപക്ഷീയമായ നിരോധനങ്ങൾ ഗസയിലെ ജനങ്ങൾക്ക് അസഹനീയ സാഹചര്യമാണ് ഉണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഫലസ്തീനികളെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ നൽകണമെന്ന് ആവശ്യപ്പെടുന്ന പുതിയ മാർഗനിർദേശങ്ങൾ പാലിക്കാത്ത 37 സഹായ സംഘടനകളെ ജനുവരി ഒന്നുമുതൽ ഗസയിൽ നിന്നും നിരോധിക്കുമെന്ന് ഇസ്രഈൽ പറഞ്ഞതിന് പിന്നാലെയായിരുന്നു യു.എന്നിന്റെ പരാമർശം.

Content Highlight: Antonio Guterres condemns Israeli amendments targeting UNRWA

ശ്രീലക്ഷ്മി എ.വി.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.

We use cookies to give you the best possible experience. Learn more