കൊച്ചി: റിപ്പോര്‍ട്ടര്‍ ടി.വി ഓഫീസില്‍ റെയ്ഡ് നടത്തിയ പൊലീസ് സംഘം അന്വേഷിച്ചത് വാര്‍ത്തകളെക്കുറിച്ചെന്ന് ചാനല്‍ എം.ഡി ആന്റോ അഗസ്റ്റിന്‍. മെസി വിവാദത്തെക്കുറിച്ച് പൊലീസ് തന്നോട് ചോദ്യമൊന്നും ചോദിച്ചില്ലെന്നും ആന്റോ പറഞ്ഞു.
ജേണലിസ്റ്റിക് ആംഗിളുമായി ബന്ധപ്പെട്ട എന്തെങ്കിലും ലഭിക്കുക എന്നതാണ് അവരുടെ ലക്ഷ്യമെങ്കില്‍ അത് കിട്ടുന്നില്ല. വി.ഡി. സതീശന്റെ രണ്ടാം കല്യാണം അടക്കമുള്ള ചോദ്യങ്ങള്‍ക്കൊന്നും എന്റെ കൈയില്‍ ഉത്തരമില്ലെന്നും റെയ്ഡിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ ആന്റോ പറഞ്ഞു.
അവര്‍ക്ക് വാര്‍ത്തയെക്കുറിച്ചാണ് അറിയേണ്ടത്. ആര് ചോര്‍ത്തി തന്നെന്നാണ് അവര്‍ ചോദിച്ചത്. അവര്‍ രേഖ കാണിച്ച് തരണമെന്നും പറഞ്ഞു. ഏത് രേഖയാണ് താന്‍ കാണിക്കേണ്ടതെന്നും ആന്റോ ചോദിച്ചു. ആന്റോയുടെ വീട്ടിലും പൊലീസ് റെയ്ഡ് നടത്തിയിരുന്നു.
വാര്‍ത്തയായി ബന്ധപ്പെട്ട ഒരു കാര്യത്തിനും തന്റെ പക്കല്‍ മറുപടിയില്ല. മെസി വിവാദവുമായി ബന്ധപ്പെട്ട എന്ത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. അന്വേഷണവുമായി സഹകരിക്കും. അവര്‍ക്ക് എവിടെ വേണമെങ്കിലും റെയ്ഡ് നടത്താം. അതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളോടും സഹകരിക്കുമെന്നും ആന്റോ പറഞ്ഞു.
‘നിങ്ങള്‍ക്ക് ആരാണ് വാര്‍ത്ത ചോര്‍ത്തിത്തരുന്നത്, നിങ്ങള്‍ക്ക് ആരുടെ അടുത്ത് നിന്നാണ് വാര്‍ത്ത കിട്ടുന്നത് എന്നത് പോലുള്ള ചോദ്യങ്ങള്‍ക്ക് മറുപടി ഇല്ല. സത്യസന്ധമായ അന്വേഷണമാണെങ്കില്‍ ഈ നാടകത്തിന്റെ ഒന്നും ആവശ്യമില്ല. മാധ്യമപ്രവര്‍ത്തകരുടെ ഡെസ്‌കിലേക്ക് തള്ളിക്കയറി അതിനുള്ള മറുപടി ചോദിക്കുകയാണ്. ജേണലിസ്റ്റുകളുടെ ഫോണ്‍ പിടിച്ചുവാങ്ങുന്നതിന് മറുപടി പറയാന്‍ പറ്റുമോ. അവരുടെ വാട്‌സ്ആപ്പ് പരിശോധിക്കുന്നതിന് മറുപടി പറയാനാവുമോ,’ ആന്റോ ചോദിച്ചു.
കഴിഞ്ഞ രണ്ട് മാസമായി എസ്.ഐ.ടി അന്വേഷണം നടക്കുന്നു. അതില്‍ തനിക്ക് നോട്ടീസ് അവര്‍ തന്നില്ല. തന്റെ വീട്ടിലെത്തിയ പൊലീസ് മെസി വിവാദത്തില്‍ ഒരു ചോദ്യവും ചോദിച്ചില്ല. കോണ്‍ഗ്രസുകാരെയും സി.പി.ഐ.എംകാരെയും ബി.ജെ.പിക്കാരെയും വിളിക്കുന്നുണ്ടോ എന്ന് അവര്‍ ചോദിച്ചെന്നും ആന്റോ പറയുന്നു.
സി.പി.ഐ.എമ്മിന്റെ കൂടെ നില്‍ക്കുന്നത് എന്തെന്നും പൊലീസ് ചോദിച്ചു. കോണ്‍ഗ്രസിനെ ശത്രുക്കളാക്കേണ്ടതുണ്ടോ എന്ന് ചോദിച്ചാല്‍ താനെന്ത് മറുപടിയാണ് പറയുക. സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് മൂന്ന് മാസത്തിനുള്ളില്‍ ഒരു ചാനലിനെ പേടിക്കുന്നുവെന്നും ആന്റോ അഭിപ്രായപ്പെട്ടു.
കളമശ്ശേരിയില്‍ റിപ്പോര്‍ട്ടര്‍ ടി.വി. ന്യൂസ് ഡെസ്‌കിലാണ് പൊലീസ് റെയ്ഡ് നടത്തിയത്. തൃക്കാക്കര എ.സി.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ചാനലിന്റെ ഓഫീസിലെത്തി പരിശോധന നടത്തുന്നത്.
പുലര്‍ച്ച അഞ്ചുമണിക്ക് ആരംഭിച്ച റെയ്ഡില്‍ മാധ്യമ പ്രവര്‍ത്തകരുടെ ഫോണ്‍ അടക്കം പൊലീസ് പിടിച്ച് വാങ്ങിയതായി ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. പൊലീസ് തങ്ങളുടെ ജോലി തടസപ്പെടുന്ന തരത്തിലാണ് ഇടപെടുന്നതെന്നും റിപ്പോര്‍ട്ടറിലെ മാധ്യമ പ്രവര്‍ത്തകര്‍ പ്രതികരിച്ചു.
തങ്ങളുടെ ഓഫീസില്‍ പൊലീസ് നടത്തുന്നത് ഗുണ്ടായിസമാണെന്നും റിപ്പോര്‍ട്ടര്‍ ടി.വി അഭിപ്രായപ്പെട്ടു. ഒരു നോട്ടീസും നല്‍കാതെയും കേസ് ഏതാണെന്ന് അറിയിക്കാതെയുമാണ് പൊലീസ് ചാനല്‍ ഓഫീസില്‍ പരിശോധന നടത്തിയതെന്നും റിപ്പോര്‍ട്ടറിലെ മാധ്യമപ്രവര്‍ത്തകര്‍ പറയുന്നു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കേരളത്തിലില്ലാത്ത സമയത്താണ് റെയ്ഡെന്നും ചാനലിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
റിപ്പോര്‍ട്ടര്‍ ടി.വിയില്‍ നടക്കുന്ന പൊലീസ് പരിശോധന പൂര്‍ണമായും നിയമപരമാണെന്നും ജി.എസ്.ടി തട്ടിപ്പിലും ക്രമക്കേടുകളിലുമാണ് അന്വേഷണം നടക്കുന്നതെന്നും മുഖ്യമന്ത്രി വി.ഡി. സതീശന്‍ പ്രതികരിച്ചിരുന്നു. സ്ഥാപനത്തില്‍ ജി.എസ്.ടി തട്ടിപ്പ് നടന്നതായി പ്രാഥമിക അന്വേഷണത്തില്‍ തന്നെ കണ്ടെത്തിയിട്ടുണ്ടെന്നും വി.ഡി. സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.
നടക്കുന്ന റെയ്ഡുകള്‍ സ്വാഭാവിക അന്വേഷണക്രമത്തിന്റെ ഭാഗമായ നടപടിക്രമങ്ങള്‍ മാത്രമാണെന്ന് മന്ത്രി ഒ.ജെ. ജനീഷും പ്രതികരിച്ചിരുന്നു. സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും അന്വേഷണത്തില്‍ ഉള്‍പ്പെടേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് സര്‍ക്കാര്‍ നേരത്തെ തന്നെ കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: Anto Aghustin on Police Raid At Reporter TV News Desk