| Sunday, 13th April 2025, 1:32 pm

ട്രംപിനെതിരായ പര്യടനം; ലോസ് ആഞ്ചലസില്‍ സാന്‍ഡേഴ്സിനൊപ്പം തടിച്ചുകൂടിയത് പതിനായിരങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ലോസ് ആഞ്ചലസില്‍ നടന്ന റാലിയില്‍ യു.എസ് സെനറ്ററും ഡെമോക്രറ്റിക് പാര്‍ട്ടി നേതാവുമായ ബെര്‍ണി സാന്‍ഡേഴ്സിനൊപ്പം പങ്കെടുത്തത് പതിനായിരങ്ങള്‍.

റിപ്പബ്ലിക്കന്‍ നേതാവായ ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തിനെതിരെയാണ് പ്രതിഷേധം നടന്നത്. ശനിയാഴ്ച നടന്ന പ്രതിഷേധ റാലി അമേരിക്കന്‍ ജനത ഏറ്റെടുത്തതായി യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

‘ട്രംപിന്റെ ആഗ്രഹങ്ങള്‍ എല്ലാം അനുസരിക്കുന്ന, ഒരു വ്യക്തിയെ മാത്രം ആരാധിക്കുന്ന രീതികളിലേക്ക് റിപ്പബ്ലിക്കന്‍ പാര്‍ട്ടി മാറിയ സാഹചര്യത്തിലാണ് യു.എസ് ഇപ്പോഴുള്ളത്. ട്രംപിന്റെ പ്രധാന ലക്ഷ്യം സമ്പന്നരെ സംരക്ഷിക്കുക എന്നതാണ്. ഇപ്പോള്‍ സമ്പന്നര്‍ക്ക് 1.1 ട്രില്യണ്‍ ഡോളര്‍ നികുതി ഇളവുകള്‍ നല്‍കാനാണ് ട്രംപ് സര്‍ക്കാര്‍ ശ്രമിക്കുന്നത്,’ സാന്‍ഡേര്‍സ് ജനങ്ങളോട് പറഞ്ഞു.

40 മിനിറ്റോളം നീണ്ടുനിന്ന പ്രസംഗത്തില്‍ ഇലോണ്‍ മസ്‌ക്കുമായുള്ള ട്രംപിന്റെ ബന്ധം, യു.എന്‍ ഏജന്‍സിക്ക് അടക്കമുള്ള ധനസഹായം വെട്ടിക്കുറച്ച നടപടി തുടങ്ങിയവ വിഷയങ്ങളില്‍ സാന്‍ഡേര്‍സ് വിമര്‍ശനം ഉയര്‍ത്തി.

കെര്‍ ണില്‍ നടന്ന കര്‍ഷക സമരത്തില്‍ 75 പേരെ അറസ്റ്റ് ചെയ്ത നടപടിയെയും സാന്‍ഡേര്‍സ് വിമര്‍ശിച്ചു. സമൂഹത്തിന്റെ കണ്മുന്നില്‍ നിന്ന് ജനങ്ങളെ അപ്രത്യക്ഷരാക്കുന്ന നടപടിയാണ് യു.എസ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും സാന്‍ഡേര്‍സ് പറഞ്ഞു.

ഫെബ്രുവരി മുതല്‍ യു.എസിലുടനീളമായി ട്രംപ് സര്‍ക്കാരിനെതിരെ ഇത്തരത്തിലുള്ള പ്രതിഷേധ റാലികള്‍ നടക്കുന്നുണ്ട്.

നിലവില്‍ സാന്‍ഡേഴ്‌സിന്റെ നേതൃത്വത്തില്‍ നടന്ന റാലിയില്‍ ഏകദേശം 30000ത്തിലധികം ആളുകള്‍ പങ്കെടുത്തിട്ടുണ്ട്. ന്യൂയോര്‍ക്ക് എം.പിയായ ഒകാസിയോ-കോര്‍ട്ടെസും റാലിയില്‍ പങ്കെടുത്തു. വലിയ ആരവങ്ങളോടെയാണ് കോര്‍ട്ടെസിനെ ജനങ്ങള്‍ സ്വീകരിച്ചത്.

‘അധികാരവും അത്യാഗ്രഹവും അഴിമതിയും അമേരിക്കയെ മുമ്പൊരിക്കലൂം ഇല്ലാത്ത വിധം കീഴടക്കുന്നു,’ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് ഒകാസിയോ പറഞ്ഞു.

ട്രംപ് നയങ്ങളെ പിന്തുണക്കുന്ന കാലിഫോര്‍ണിയയില്‍ നിന്നുള്ള പ്രതിനിധികളുടെ പേരെടുത്ത് പറഞ്ഞുകൊണ്ടായിരുന്നു ഒകാസിയോയുടെ പ്രസംഗം. ബേക്കേഴ്സ്ഫീല്‍ഡ് പ്രതിനിധി ഡേവിഡ് വലഡാവോ, ഓറഞ്ച് കൗണ്ടി പ്രതിനിധി യങ് കിം തുടങ്ങിയവരുടെ പേരുകളാണ് ഒകാസിയോ പരാമര്‍ശിച്ചത്.

അടുത്തിടെ ശതകോടീശ്വരന്മാര്‍ക്ക് വേണ്ടിയല്ല അധികാരികള്‍ പ്രവര്‍ത്തിക്കേണ്ടതെന്ന് ബെര്‍ണി സാന്‍ഡേര്‍സ് പ്രതികരിച്ചിരുന്നു. നിത്യവേതനത്തിനായി ജോലിയെടുക്കുന്ന തൊഴിലാളി കുടുംബങ്ങള്‍ക്ക് വേണ്ടിയാണ് അധികാരവൃന്ദം പ്രവര്‍ത്തിക്കേണ്ടതെന്നും സാന്‍ഡേര്‍സ് ചൂണ്ടിക്കാട്ടിയിരുന്നു.

മസ്‌കിന്റെ സമ്പത്ത് – $402 ബില്യണ്‍, സക്കര്‍ബര്‍ഗിന്റെ സമ്പത്ത് – $252 ബില്യണ്‍, ബെസോസിന്റെ സമ്പത്ത് – $249 ബില്യണ്‍ ഈ കണക്കുകള്‍ ഉദ്ധരിച്ചായിരുന്നു സാന്‍ഡേഴ്‌സിന്റെ പ്രതികരണം.

Content Highlight: Anti-Trump campaign: Tens of thousands gather with Sanders in Los Angeles

We use cookies to give you the best possible experience. Learn more