| Tuesday, 20th August 2013, 11:07 am

അന്ധവിശ്വാസങ്ങള്‍ക്കെതിരെ പൊരുതിയ നരേന്ദ്ര ധാബോല്‍ക്കര്‍ വെടിയേറ്റ് മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]പൂനെ: സാമൂഹിക പ്രവര്‍ത്തകന്‍ നരേന്ദ്ര ധാബോല്‍ക്കര്‍ വെടിയേറ്റ് മരിച്ചു. ഇന്ന് രാവിലെ പൂനെയിലെ ഓംകരേശ്വര്‍ പാലത്തിന് സമീപത്ത് വെച്ചാണ് ഇദ്ദേഹത്തിന് വെടിയേല്‍ക്കുന്നത്. []

ഹിന്ദു ജാഗരന്‍ സമിതി പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. അന്ധവിശ്വാസങ്ങള്‍ക്കും ദുര്‍മന്ത്രവാദത്തിനുമെതിരെ ശക്തമായ പോരാടിയ വ്യക്തി കൂടിയായിരുന്നു നരേന്ദ്ര ധാബോല്‍ക്കര്‍.

പ്രഭാത സവാരിക്ക് ഇറങ്ങാറുള്ള ഇദ്ദേഹം ഇന്നും പതിവുപോലെ വീട്ടില്‍ നിന്നും നടക്കാനായി ഇറങ്ങിയതായിരുന്നു.

ബൈക്കിലെത്തിയ സംഘമാണ് വെടിയുതിര്‍ത്തത് എന്നാണ് അറിയുന്നത്. 25 വയസ് പ്രായം മതിക്കുന്ന രണ്ടു യുവാക്കളാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു.

വെടിയേറ്റ ഉടനെ ഇദ്ദേഹത്തെ സാസൂണ്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും അപ്പോഴേക്കും മരണമടയുകയായിരുന്നു. ശരീരത്തില്‍ നാലു ബുള്ളറ്റുകളുണ്ടായിരുന്നു.

നിരവധി പുസ്തകങ്ങള്‍ എഴുതിയ ഇദ്ദേഹം സാധാന മാഗസിന്റെ എഡിറ്റര്‍ കൂടിയാണ്.  അന്ധവിശ്വാസങ്ങളെ എതിര്‍ക്കുന്ന മഹാരാഷ്ട്ര അന്ധശാസ്ത്ര നിര്‍മൂലന്‍ സമിതിയുടെ നേതാവ് കൂടിയായിരുന്നു ഇദ്ദേഹം.

1989ല്‍ സംഘടനയുടെ എക്‌സിക്യുട്ടീവ് പ്രസിഡന്റായി. പിന്നീടാണ് മഹാരാഷ്ട്ര അന്ധശാസ്ത്ര നിര്‍മൂലന്‍ സമിതി സ്ഥാപിച്ചത്.

ദുര്‍മന്ത്രവാദവും മറ്റ് അനാചാരങ്ങളും നിരോധിക്കുന്ന ബില്‍ പാസാക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാരിനുമേല്‍ സമ്മര്‍ദം ചെലുത്തിവരികയായിരുന്നു നരേന്ദ്ര ധാബോല്‍ക്കര്‍.

മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഏറ്റവും വലിയ കായിക പുരസ്‌കാരമായ ശിവ് ഛത്രപതി രാജ്യ ക്രീഡ ജീവന്‍ ഗൗരവ് പുരസ്‌കാര്‍ നേടിയിട്ടുണ്ട്. വൈദ്യശാസ്ത്രത്തില്‍ ബിരുദം നേടിയ ധാബോല്‍ക്കര്‍ ഇന്ത്യന്‍ കബഡി ടീമംഗം കൂടിയായിരുന്നു.

We use cookies to give you the best possible experience. Learn more