| Monday, 1st September 2025, 2:41 pm

ആന്റി-റോമിയോ സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം കൂടുതല്‍ സജീവമാക്കും: യോഗി ആദിത്യനാഥ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശ് പോലീസിന്റെ വിവാദ സ്‌ക്വാഡായ ആന്റി-റോമിയോ സ്‌ക്വാഡ് സജീവമാക്കാന്‍ ഒരുങ്ങി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

സംസ്ഥാനത്തെ സ്ത്രീകളുടെ സുരക്ഷയ്ക്കായി എല്ലാ ജില്ലകളിലും ആന്റി-റോമിയോ സ്‌ക്വാഡ് ശക്തമാക്കുമെന്ന് യോഗി പറഞ്ഞു.

‘സ്ത്രീകളുടെയും നമ്മുടെ പെണ്‍കുട്ടികളുടെയും സുരക്ഷ സര്‍ക്കാരിന് പരമപ്രധാനമാണ്. അതുകൊണ്ടുതന്നെ പോലീസിലെ ആന്റി-റോമിയോ സ്‌ക്വാഡ് ശക്തമാക്കണം’, യോഗി പറഞ്ഞു.

സ്ത്രീകള്‍ക്ക് എതിരായ ലൈംഗികാതിക്രമങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെ 2017ല്‍ യോഗി സര്‍ക്കാര്‍ അധികാരമേറ്റ സമയത്താണ് ആന്റി-റോമിയോ സ്‌ക്വാഡ് എന്ന പേരില്‍ യു.പി പോലീസിന്റെ പ്രത്യേക ടീമിനെ നിയോഗിച്ചത്.

എന്നാല്‍ സ്ത്രീ സുരക്ഷയുടെ പേരില്‍ സ്‌ക്വാഡ് കൈക്കൊണ്ട നടപടികള്‍ വ്യാപകമായ വിമര്‍ശനത്തിന് കാരണമായിരുന്നു. സ്ത്രീകളെ ഉപദ്രവിച്ചെന്ന് ആരോപിച്ച് വനിതാ കോളേജുകളുടെ സമീപത്ത് വെച്ച് യുവാക്കളെ പിടികൂടുന്നത് ഉള്‍പ്പടെയുള്ള സ്‌ക്വാഡിന്റെ നടപടികളാണ് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായത്.

പൊതുസ്ഥലങ്ങളില്‍ വെച്ച് ദമ്പതികളേയും കമിതാക്കളേയും സ്‌ക്വാഡ് അപമാനിക്കുന്നതും പതിവായിരുന്നു. കമിതാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടല്‍, പൊതുസ്ഥലത്ത് വെച്ച് ഏത്തമിടീക്കല്‍, തലമുണ്ഡനം ചെയ്യല്‍, മുഖത്ത് കരി തേക്കല്‍ തുടങ്ങിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും ആന്റി-റോമിയോ സ്‌ക്വാഡിന്റെ വിവാദ നടപടികളില്‍പ്പെടുന്നു.

സെപ്റ്റംബര്‍ 22 മുതല്‍ ആരംഭിക്കുന്ന നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി മിഷന്‍ ശക്തിയുടെ പുതിയൊരുഘട്ടം അവതരിപ്പിക്കുമെന്നും യോഗി പറഞ്ഞു. ഹത്രാസ് കേസിന് പിന്നാലെ സ്ത്രീ സുരക്ഷയുടെ പേരില്‍ വന്‍ജനരോഷം ഉയര്‍ന്ന സാഹചര്യത്തിലാണ് 2020 ഒക്ടോബറില്‍ യോഗി ആദിത്യനാഥ് മിഷന്‍ ശക്തി ക്യാമ്പയിന്‍ ആരംഭിച്ചത്.

2020ല്‍ 19കാരിയായ പെണ്‍കുട്ടി ക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവമാണ് ഹത്രാസ് കേസ്. നട്ടെല്ലിനടക്കമുള്ള പരിക്കുകളോടെ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ പെണ്‍കുട്ടി പിന്നീട് രണ്ട് ദിവസത്തിന് ശേഷം ദല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയില്‍ വെച്ച് മരണപ്പെടുകയായിരുന്നു.

കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാതെ യു.പി പൊലീസ് ബലം പ്രയോഗിച്ച് സംസ്‌കരിച്ചതും പെണ്‍കുട്ടി ബലാത്സംഗത്തിനിരയായെന്നത് പൊലീസ് നിഷേധിച്ചതും വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ത്തിയത്.

അതേസമയം, സ്ത്രീകളുടെ സുരക്ഷയും അഭിമാനവും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് മിഷന്‍ ശക്തി ക്യാമ്പയിന് തുടക്കമായത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ 1535 പോലീസ് സ്‌റ്റേഷനുകളില്‍ സ്ത്രീകളുടെ പരാതികള്‍ സ്വീകരിക്കുന്നതിന് മാത്രമായി പ്രത്യേക മുറികള്‍ തുറന്നിരുന്നു.

പരാതിയുമായെത്തുന്ന സ്ത്രീകളുടെ പരാതികള്‍ സ്വീകരിക്കുന്നതിനും പരാതിയില്‍ ഉടനടി നടപടി എടുക്കുന്നതിനുമായി പ്രത്യേകം വനിതാ പോലീസ് കോണ്‍സ്റ്റബിള്‍മാരെ നിയോഗിക്കുകയും ചെയ്തിരുന്നു.

Content Highlight: Anti-Romeo squads will be made more active: Yogi Adityanath

We use cookies to give you the best possible experience. Learn more