| Tuesday, 2nd September 2025, 4:23 pm

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; കെ. കവിതയ്ക്ക് സസ്പെന്‍ഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അമരാവതി: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് കെ. കവിതയെ സസ്പെന്‍ഡ് ചെയ്ത് ബി.ആര്‍.എസ്. സമീപ കാലങ്ങളിലെ പരാമർശങ്ങളും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനവും പാര്‍ട്ടിയുടെ പ്രതിച്ഛായക്ക് കോട്ടം വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് കവിതയെ സസ്പെന്‍ഡ് ചെയ്തത്.

കഴിഞ്ഞ കുറേ മാസങ്ങളായി കെ. കവിതയും ബി.ആര്‍.എസും തമ്മില്‍ അഭിപ്രായ ഭിന്നതയിലാണ്. അടുത്തിടെ തെലങ്കാന മുന്‍ മുഖ്യമന്ത്രിയും ബി.ആര്‍.എസ് മേധാവിയുമായ കെ. ചന്ദ്രശേഖരറാവുവിന് എം.എല്‍.സിയും മകളുമായ കവിത എഴുതിയ കത്ത് വന്‍ വിവാദമായിരുന്നു.

കെ.സി.ആര്‍ ഒരു ദൈവമാണെന്നും എന്നാല്‍ അദ്ദേഹത്തിന് ചുറ്റും പിശാചുക്കളാണെന്നുമാണ് കെ. കവിത കത്തില്‍ പറഞ്ഞിരുന്നത്. കെ.സി.ആറിന് അയച്ച ആറ് പേജുകളുള്ള കത്തിലായിരുന്നു കവിതയുടെ പരാമര്‍ശം.

ബി.ജെ.പിയെ കെ.സി.ആര്‍ എതിര്‍ക്കേണ്ടതായിരുന്നുവെന്നും കത്തില്‍ പറഞ്ഞിരുന്നു. പാര്‍ട്ടിയുടെ സില്‍വര്‍ ജൂബിലി യോഗത്തില്‍ ബി.ജെ.പിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാതിരുന്നതിനെ വിമര്‍ശിച്ചുകൊണ്ടാണ് കവിത കെ.സി.ആറിന് കത്ത്  എഴുതിയത്.

രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന് താഴെത്തട്ടിലുള്ള പിന്തുണ നഷ്ടപ്പെട്ടുവെന്നും ചില ബി.ആര്‍.എസ് പ്രവര്‍ത്തകര്‍ ഇപ്പോള്‍ ബി.ജെ.പിയെ ഒരു പ്രായോഗിക ബദലായി കാണുന്നുണ്ടെന്നും കവിത ചൂണ്ടിക്കാട്ടിയിരുന്നു.

കൂടാതെ ബി.ആര്‍.എസ് പ്രതിനിധികള്‍ക്കെതിരെയും കവിത കത്തില്‍ വിമര്‍ശനമുണ്ടായിരുന്നു. പര്‍ട്ടിയുടെ പ്രതിച്ഛായക്ക് മങ്ങല്‍ ഏല്‍ക്കാന്‍ കാരണം കെ.സി.ആര്‍ മന്ത്രിസഭയിലെ ജലവിഭവ വകുപ്പ് മന്ത്രിയും കെ.സി.ആറിന്റെ അനന്തരവനുമായ ഹരീഷ് റാവുവും എം.പി സന്തോഷുമാണെന്നുമായിരുന്നു കവിതയുടെ വിമര്‍ശനം.

എന്നാല്‍ പ്രസ്തുത കത്ത് പുറത്തുവന്നതോടെ നേതൃത്വത്തിനെതിരെ പരസ്യ വിമര്‍ശനവുമായി കവിത രംഗത്തെത്തി. കത്ത് ചോര്‍ന്നതില്‍ ചര്‍ച്ച വേണമെന്നാണ് കവിത ആവശ്യപ്പെട്ടത്.

തനിക്ക് ആരോടും വ്യക്തിപരമായ വിദ്വേഷമില്ലെന്നും പാര്‍ട്ടിക്കുള്ളില്‍ നടക്കുന്ന ഗൂഢാലോചനകളെ കുറിച്ചാണ് താന്‍ സൂചന നല്‍കിയതെന്നും കവിത മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ കവിതയുടെ കത്തില്‍ പ്രതികരിക്കാന്‍ കെ.സി.ആര്‍ ഇതുവരെ തയ്യാറായിട്ടില്ല.

Content Highlight: Anti-party activity; K. kavitha suspended

We use cookies to give you the best possible experience. Learn more