ന്യൂദല്‍ഹി: പാകിസ്ഥാന്‍ ഷെല്ലാക്രമണത്തില്‍ അതിര്‍ത്തി മേഖലയില്‍ കൊല്ലപ്പെട്ട ഖാരി മുഹമ്മദ് ഇഖ്ബാലിനെ ഭീകരനായി ചിത്രീകരിച്ച ചില ദേശീയ മാധ്യമങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കുടുംബം. സ്വതന്ത്ര വാര്‍ത്താ വിശകല പോര്‍ട്ടലുകളായ ന്യൂസ് ലോന്ററി ഡോട്ട് കോമിനും ദി ന്യൂസ് മിനുട്ടിനും ആക്രമണത്തിന് ശേഷം കുടുംബം നല്‍കിയ പ്രതികരണത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.
വിദ്വേഷ പ്രചാരണം നടത്തിയ ചാനലുകള്‍ അടച്ചുപൂട്ടണമെന്നും അതിനുള്ളിലാണ് രാജ്യത്ത് വ്യാജവിവരങ്ങള്‍ വിളമ്പുന്ന ദേശദ്രോഹികള്‍ തമ്പടിച്ചിരിക്കുന്നതെന്നും അവര്‍ ശിക്ഷിക്കപ്പെടണമെന്നും ഇഖ്ബാലിന്റെ സഹോദരന്‍ പറഞ്ഞു. ടി.വി ചാനലുകള്‍ ഇന്ത്യ- പാക് വിഷയത്തെ ഹിന്ദു മുസ്‌ലിം വിഷയമാക്കിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പിടികിട്ടാപുള്ളിയായ ഭീകരനെ ഇന്ത്യന്‍ സൈന്യം വധിച്ചുവെന്നാണ് തന്റെ ജ്യേഷ്ടഠന്റെ ചിത്രം കാണിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് ഖാരി മുഹമ്മദ് ഇഖ്ബാലിന്റെ സഹോദരന്‍ ഖാരി മുഹമ്മദ് ഫാറൂഖ് പറഞ്ഞു. സീ ന്യൂസിലും ന്യൂസ് 18ലും അടക്കമാണ് സഹോദരനെ പിടികിട്ടാപുള്ളിയായി കാണിച്ചതെന്നും സഹോദരന്‍ പറഞ്ഞു.
രാജ്യത്തിന് വേണ്ടി രക്തസാക്ഷിത്വം വഹിച്ച് പടച്ചവന്റെ അരികില്‍ എത്തിയെന്ന് കരുതി ആശ്വസിക്കുമ്പോഴുള്ള ഇന്ത്യന്‍ മാധ്യമങ്ങളുടെ സമീപനത്തില്‍ തങ്ങള്‍ തകര്‍ന്നുപോയെന്നും സഹോദരന്‍ പറഞ്ഞു.
സി.എന്‍.എന്‍ ന്യൂസും ന്യൂസ് 18യും നിരവധി തവണ പരിപാടികള്‍ നടത്തിയിട്ടുണ്ടെന്നും എന്‍.ഐ.എ തേടിക്കൊണ്ടിരുന്ന ഭീകരനെന്നാണ് തന്റെ സഹോദരനെ സീ ന്യൂസ് അഭിസംബോധന ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ഇഖ്ബാല്‍ ഭീകരവാദ ക്യാമ്പുകളുടെ കമാന്ററാണെന്നും ചെറുപ്പക്കാരെ ബ്രെയിന്‍വാഷ് ചെയ്ത് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നുവെന്നടക്കം സി ന്യൂസ് പറഞ്ഞുവെന്നും സഹോദരന്‍ പറയുന്നു.
പൂല്‍വാമയില്‍ സൈനികരെ കൊലപ്പെടുത്തിയതിന്റെ സൂത്രധാരനായിരുന്നു ഇയാളെന്ന് സി.എന്‍.എന്‍ ന്യൂസ് -ന്യൂസ് 18 ഉള്‍പ്പെടെ പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.
എന്നാല്‍ മണിക്കൂറുകള്‍ക്ക് ശേഷം കുടുംബത്തെയോ അദ്ദേഹത്തെയോ വേദനിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് കാണിച്ച് ന്യൂസ് 18 ക്ഷമാപണം നടത്തിയെന്നും എന്നാല്‍ മെയ് 14വരെ സി.എന്‍.എന്‍-ന്യൂസ് 18 ഇംഗ്ലീഷ് ക്ഷമാപണം പോലും നടത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്.
ഒരു താടിയും തൊപ്പിയും ഉള്ളത് ഭീകരനായി മുദ്രകുത്താന്‍ കാരണമായെന്നും ശിതീകരിച്ച സ്റ്റുഡിയോയിലിരിക്കുന്നവര്‍ക്ക് അതിര്‍ത്തിയില്‍ കഴിയുന്നവരുടെ ജീവിതത്തെ കുറിച്ച് വിവരമില്ലെന്നും സഹോദരന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ മരണത്തെ ആദരിക്കുന്നതിന് പകരം തങ്ങളെ അപ്പാടെ നശിപ്പിക്കാനുള്ള ശ്രമത്തിനാണ് ചാനലുകള്‍ ഇറങ്ങിയതെന്നും സഹോദരന്‍ പറയുന്നു.
അതേസമയം കൊല്ലപ്പെട്ട ഇഖ്ബാല്‍ പാക് അധീന കശ്മീരില്‍ താമസിച്ചിരുന്ന ആളോ ഭീകരനോ അല്ലെന്നും അദ്ദേഹം ഒരു അധ്യാപകനായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇവയൊന്നും സ്ഥിരീകരിക്കാതെയുമായിരുന്നു ചില മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിങ്.
Content Highlight: Anti-nationals sitting in AC room spreading fake news; Family against media for branding man killed in Pak shelling as terrorist