| Saturday, 28th February 2026, 3:35 pm

അര്‍ജന്റീനയില്‍ തൊഴിലാളി വിരുദ്ധ നിയമം പ്രാബല്യത്തിലേക്ക്: ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചു; പ്രതിഷേധം ശക്തം

യെലന കെ.വി

ബ്യൂണസ് അയേഴ്‌സ്: അര്‍ജന്റീനയിലെ ലക്ഷക്കണക്കിന് തൊഴിലാളികളെ കടുത്ത പ്രതിസന്ധിയിലാഴ്ത്തി വിവാദമായ പുതിയ തൊഴില്‍ പരിഷ്‌കരണ നിയമം നടപ്പിലാക്കാനൊരുങ്ങി സര്‍ക്കാര്‍.

ശമ്പളം, അവധി, ജോലി സമയം തുടങ്ങി തൊഴില്‍ മേഖലയുടെ എല്ലാ തലങ്ങളിലും തൊഴിലുടമകള്‍ക്ക് ഏകപക്ഷീയമായ അധികാരം നല്‍കുന്നതാണ് പുതിയ നിയമം.

രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനാണ് ഈ മാറ്റങ്ങളെന്ന് പ്രസിഡന്റ് ജാവിയര്‍ മിലെ അവകാശപ്പെടുമ്പോഴും, ഇത് സാധാരണക്കാരായ തൊഴിലാളികളുടെ ജീവിതസാഹചര്യങ്ങളെ തകര്‍ക്കുമെന്ന് തൊഴിലാളി സംഘടനകള്‍ മുന്നറിയിപ്പ് നല്‍കുന്നു. മാര്‍ച്ച് ഒന്നിന് മുമ്പ് നിയമം പ്രാബല്യത്തില്‍ വരുത്താനാണ് സര്‍ക്കാര്‍ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പുതിയ പരിഷ്‌കാരങ്ങള്‍ നിലവില്‍ വരുന്നതോടെ നിലവിലെ എട്ട് മണിക്കൂര്‍ ജോലി സമയം അപ്രസക്തമാകും. പകരം തൊഴിലുടമയുടെ താല്പര്യപ്രകാരം ജീവനക്കാര്‍ പ്രതിദിനം 12 മണിക്കൂര്‍ വരെ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാകും. അധിക ജോലി സമയത്തിന് നല്‍കേണ്ട ഓവര്‍ടൈം വേതനം ഒഴിവാക്കാന്‍ ‘അവര്‍ ബാങ്ക്’ എന്ന പുതിയ രീതിയാണ് സര്‍ക്കാര്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഇതനുസരിച്ച് അധികമായി ജോലി ചെയ്യുന്ന സമയം പിന്നീട് അവധിയായി ക്രമീകരിക്കാമെന്നല്ലാതെ സാമ്പത്തിക ആനുകൂല്യങ്ങള്‍ ലഭിക്കില്ല. കൂടാതെ, വിശ്രമത്തിനുള്ള അവകാശത്തിന് മേലും പുതിയ നിയമം കരിനിഴല്‍ വീഴ്ത്തുന്നു. നിലവില്‍ ലഭിച്ചിരുന്ന രണ്ടാഴ്ചത്തെ തുടര്‍ച്ചയായ അവധി ഇനി മുതല്‍ ചെറിയ ഭാഗങ്ങളായി മാത്രമേ അനുവദിക്കൂ എന്നത് തൊഴിലാളികളുടെ മാനസിക ഉന്മേഷത്തെയും കുടുംബ ജീവിതത്തെയും ബാധിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

പിരിച്ചുവിടല്‍ ആനുകൂല്യങ്ങള്‍ കണക്കാക്കുമ്പോള്‍ ബോണസുകളെയും മറ്റ് അലവന്‍സുകളെയും ഒഴിവാക്കിയത് തൊഴില്‍ സുരക്ഷയെ പൂര്‍ണമായും ഇല്ലാതാക്കുന്നതാണ്. സമരസമയത്തും ഭൂരിഭാഗം ജോലികളും തടസ്സമില്ലാതെ തുടരണമെന്ന കര്‍ശന നിബന്ധനയും പുതിയ നിയമത്തിലുണ്ട്.

ജാവിയര്‍ മിലെ അധികാരമേറ്റ ശേഷം ഏകദേശം 21,000 കമ്പനികള്‍ പൂട്ടുകയും മൂന്ന് ലക്ഷത്തോളം പേര്‍ക്ക് ജോലി നഷ്ടമാവുകയും ചെയ്തതായാണ് കണക്കുകള്‍. ഈ സാഹചര്യത്തില്‍ പുതിയ നിയമം കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന സര്‍ക്കാരിന്റെ വാദം വ്യാജമാണെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു.

ഒക്ടോബറിലെ ഇടക്കാല തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെയാണ് മിലെ ഭരണകൂടം പരിഷ്‌കാരങ്ങള്‍ വേഗത്തിലാക്കിയത്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണയും ഈ നീക്കങ്ങള്‍ക്ക് പിന്നിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മിലെ അധികാരത്തില്‍ തുടര്‍ന്നില്ലെങ്കില്‍ അര്‍ജന്റീനയ്ക്കുള്ള സാമ്പത്തിക പാക്കേജുകള്‍ തടഞ്ഞുവെക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, ജനറല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ലേബറിന്റെ നേതൃത്വത്തില്‍ തൊഴിലാളി സംഘടനകള്‍ നിയമത്തിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. കഴിഞ്ഞ രണ്ടാഴ്ചയായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന ജനകീയ പ്രതിഷേധങ്ങളില്‍ പോലീസും സമരക്കാരും തമ്മില്‍ ഏറ്റുമുട്ടലുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളില്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് സംഘടനകളുടെ തീരുമാനം.

Content Highlight: Anti-labor law comes into effect in Argentina: Benefits cut; Protests strong

യെലന കെ.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തരബിരുദം.

We use cookies to give you the best possible experience. Learn more