| Sunday, 29th June 2025, 10:06 pm

ഗ്ലാസ്റ്റണ്‍ബറി ഫെസ്റ്റിവലില്‍ ഇസ്രഈല്‍ സേനക്കെതിരെ ബോബ് വൈലാന്റെ മുദ്രാവാക്യവും ഫലസ്തീൻ പതാകകളും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: ബ്രിട്ടനിലെ ഗ്ലാസ്റ്റണ്‍ബറി ഫെസ്റ്റിവലില്‍ ഇസ്രഈല്‍ സേനയായ ഐ.ഡി.എഫിനെതിരെ മുദ്രാവാക്യം. ‘മരണം, ഐ.ഡി.എഫിന് മരണം’ എന്ന മുദ്രാവാക്യമാണ് ഫെസ്റ്റിവല്‍ വേദിയില്‍ ഉയര്‍ന്നത്. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇംഗ്ലീഷ് പങ്ക് ജോഡിയായ ബോബ് വൈലാനാണ് ഐ.ഡി.എഫിനെതിരെ മുദ്രവാക്യം ഉയര്‍ത്തിയത്.

സദസില്‍ മുദ്രാവാക്യം ഉയര്‍ന്നതോടെ കാണിക്കള്‍ക്കിടയില്‍ നിന്നും ഫലസ്തീന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ മുഴങ്ങിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പിന്നാലെ നിരവധി ആളുകള്‍ ഫലസ്തീന്‍ പതാകകള്‍ വീശിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമാർക്കെതിരെയും പോപ്പ് ഗായകർ വിമർശനം ഉന്നയിച്ചു.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ലണ്ടന്‍ പൊലീസ് അറിയിച്ചു. ക്രിമിനല്‍ അന്വേഷണം ആവശ്യമായി വരുന്ന ഏതെങ്കിലും കുറ്റകൃത്യങ്ങള്‍ നടന്നിട്ടുണ്ടോ എന്ന് അറിയാന്‍ ഉദ്യോഗസ്ഥര്‍ വീഡിയോ തെളിവുകള്‍ പരിശോധിക്കുമെന്ന് പൊലീസ് പ്രസ്താവനയില്‍ വ്യക്തമാക്കി.

ഫെസ്റ്റിവലിന്റെ വെസ്റ്റ് ഹോള്‍ട്ട്‌സ് വേദിയിലുണ്ടായ പരാമര്‍ശങ്ങളെ കുറിച്ചും പ്രശ്‌നങ്ങളെ കുറിച്ചും തങ്ങള്‍ക്ക് അറിയാമെന്ന് ആവോണ്‍ ആന്‍ഡ് സോമര്‍സെറ്റ് പൊലീസ് എക്സില്‍ കുറിച്ചു.

ബോബ് വൈലാന്റെ പരിപാടിയുടെ തത്സമയ സംപ്രേക്ഷണം സംബന്ധിച്ച് യു.കെ സാംസ്‌കാരിക സെക്രട്ടറി ലിസ നാന്‍ഡി ബി.ബി.സിയുടെ ഡയറക്ടര്‍ ജനറലുമായി ആശയവിനിമയം നടത്തിയതായും വിവരമുണ്ട്.

യു.കെയുടെ സ്‌ക്രീനുകളില്‍ ബോബ് വൈലാന്റെ വിവാദ ഗാനം മുഴങ്ങിയതില്‍ ബി.ബി.സിയും ഗ്ലാസ്റ്റണ്‍ബറിയും മറുപടി പറയേണ്ടതുണ്ടെന്ന് ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിങ് പ്രതികരിച്ചു. ഫെസ്റ്റിവലിലെ സംഭവവികാസങ്ങള്‍ തങ്ങളെ വലിയ രീതിയില്‍ അസ്വസ്ഥരാക്കിയെന്ന് ബ്രിട്ടനിലെ ഇസ്രഈല്‍ എംബസിയും അറിയിച്ചു.

പിന്നാലെ ഗ്ലാസ്റ്റണ്‍ബറി ഫെസ്റ്റിവല്‍ അധികൃതരും ബോബ് വൈലാനെതിരെ രംഗത്തെത്തി. കലാകാരന്മാരുടെ മുദ്രവാക്യങ്ങള്‍ അതിരുകടന്നതായിരുന്നുവെന്നും ഗ്ലാസ്റ്റണ്‍ബറിയില്‍ യഹൂദവിരുദ്ധതയ്ക്കോ വിദ്വേഷ പ്രസംഗത്തിനോ അക്രമത്തിന് പ്രേരിപ്പിക്കുന്നതിനോ സ്ഥാനമില്ലെന്നാണ് അധികൃതര്‍ പ്രതികരിച്ചത്. ഇക്കാര്യം ഫെസ്റ്റിവലുമായി ബന്ധപ്പെട്ടിരിക്കുന്ന എല്ലാവരെയും അറിയിക്കുന്നതായും അധികൃതര്‍ പറഞ്ഞു.

അതേസമയം 2024 നവംബറില്‍ നടന്ന ഒരു സംഗീത പരിപാടിയിലും  ഐറിഷ് ബാൻഡായ നീകാപ്പ് ഫലസ്തീന്‍ അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. ബാന്‍ഡിലെ ഒരു അംഗം യു.കെയില്‍ പ്രവര്‍ത്തിക്കുന്ന ഫലസ്തീന്‍ ആക്ഷന്‍ എന്ന സംഘടനയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ടുള്ള ടീ-ഷര്‍ട്ട് ധരിക്കുകയായിരുന്നു.

മെയ്യില്‍ ബാന്‍ഡിലെ മുതിര്‍ന്ന കലാകാരനായ ലിയാം ഓഗ് ഒ ഹന്നൈദിനെതിരെ ബ്രിട്ടന്‍ തീവ്രവാദ കുറ്റം ചുമത്തുകയും ചെയ്തു. പരിപാടിക്കിടെ ‘അപ്പ് ഹമാസ്, അപ്പ് ഹിസ്ബുള്ള’ എന്ന് പറഞ്ഞുവെന്ന് ആരോപിച്ചാണ് കുറ്റം ചുമത്തിയത്.

Content Highlight: Anti-IDF slogans at Glastonbury Festival; London police launch investigation

We use cookies to give you the best possible experience. Learn more