കണ്ടുശീലിച്ച പൊലീസ് സിനിമകളില്‍ നിന്ന് വ്യത്യസ്തമായ അനുഭവമായിരുന്നു എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ഹീറോ ബിജു. മേലുദ്യോഗസ്ഥന്മാര്‍ക്കെതിരെയും സിസ്റ്റത്തിനെതിരെയും ഒറ്റക്ക് പൊരുതുന്ന ഫയര്‍ ബ്രാന്‍ഡ് പൊലീസ് നയകന്മാരുടെ പൊളിച്ചെഴുത്തായിരുന്നു ഈ ചിത്രം. ബോഡിഷെയ്മിങ്, ലോക്കപ്പ് മര്‍ദനം എന്നിവയെ ന്യായീകരിച്ച ആക്ഷന്‍ ഹീറോ ബിജു പൊലീസ് നടപടിക്രമങ്ങള്‍ റിയലിസ്റ്റിക്കായി കാണിച്ചുതന്നു.
ഇതേ ശ്രേണിയില്‍ പിന്നീട് ഒരുപാട് ചിത്രങ്ങള്‍ വന്നെങ്കിലും പ്രേക്ഷകശ്രദ്ധ നേടിയത് 2018ല്‍ പുറത്തിറങ്ങിയ ജോസഫ് എന്ന ചിത്രമാണ്. മുന്‍ പൊലീസ് ഉദ്യോഗസ്ഥനായ ഷാഹി കബീറിന്റെ തിരക്കഥയില്‍ എം. പദ്മകുമാര്‍ ഒരുക്കിയ ചിത്രത്തില്‍ ജോജു ജോര്‍ജാണ് ടൈറ്റില്‍ റോളിലെത്തിയത്. ജോജുവിന്റെ കരിയറിലെ മികച്ച പ്രകടനങ്ങളിലൊന്നായി ജോസഫ് മാറി.
പിന്നീട് ഷാഹി കബീര്‍ രണ്ട് ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കുകയും രണ്ട് സിനിമകള്‍ സംവിധാനം ചെയ്യുകയും ചെയ്തു. നാലും ടെക്‌നിക്കല്‍ മികവും മേക്കിങ്ങും കൊണ്ട് മുന്നിട്ടു നില്‍ക്കുന്ന സിനിമകളാണ്. രണ്ടാമത്തെ സംവിധാനസംരംഭമായ റോന്തും നിരവധി നിരൂപക പ്രശംസകള്‍ സ്വന്തമാക്കിയിരിക്കുകയാണ്.
എന്നാല്‍ ഷാഹിയുടെ സിനിമകളില്‍ പലതും സമൂഹത്തില്‍ വലിയരീതിയില്‍ നെഗറ്റീവായി ബാധിക്കുന്നവയാണെന്ന വസ്തുത അധികമാരും ചൂണ്ടിക്കാണിച്ചിട്ടില്ല. നായാട്ടിലും റോന്തിലും ദളിത് വിരുദ്ധത പ്രകടമായി കാണുന്നുണ്ട്. ആദ്യചിത്രമായ ജോസഫും സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന ഒന്നായിരുന്നു.
ജോസഫ്
അവയവക്കടത്ത് പ്രധാനവിഷയമായെത്തിയ ചിത്രമായിരുന്നു ജോസഫ്. കണ്ടുശീലിച്ച കഥകളിലേതുപോലെ അവയവമാഫിയക്കെതിരെ ഒറ്റക്ക് പോരാടുന്ന നായകനായിരുന്നില്ല ഈ സിനിമയിലെ നായകന്‍. റിട്ടയേഡ് പൊലീസ് ഓഫീസറായ ജോസഫ് തന്റെ ഭാര്യയുടെ മരണത്തിന് പിന്നിലെ ദുരൂഹത കണ്ടെത്തുന്നതാണ് സിനിമയുടെ കഥ.
എന്നാല്‍ സിനിമ പറഞ്ഞവസാനിക്കുന്ന രീതി സമൂഹത്തില്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കി. അവയവദാനത്തിന് തയാറായാവരെ അതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ഈ സിനിമ കാരണമായേക്കാമെന്ന് അക്കാലത്ത് തന്നെ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ഒരു പൊലീസ് ഓഫീസര്‍ പറയുന്ന കഥ സമൂഹം എത്രമാത്രം വിശ്വസിക്കുമെന്നതിന്റെ ഉദാഹരണമായി ജോസഫിനെ കണക്കാക്കാം.
നായാട്ട്
ഷാഹി കബീറിന്റെ രണ്ടാമത്തെ ചിത്രം. തിയേറ്ററില്‍ സാമ്പത്തികമായി വിജയിക്കാത്ത ചിത്രത്തിന് നിരവധി നിരൂപക പ്രശംസ ലഭിച്ചിരുന്നു. എഴുത്തുകാരന്റെ അപകടകരമായ ചിന്ത വരച്ചുകാട്ടിയ ചിത്രമായി നായാട്ടിനെ കണക്കാക്കാം. കേരളത്തില്‍ ഇന്നും അരികുവത്കരിക്കപ്പെട്ട ദളിത് സമൂഹത്തെ ഈ സിനിമയില്‍ കാണിച്ചിരിക്കുന്ന രീതി വിമര്‍ശിക്കപ്പെടേണ്ടതാണ്.
പൊലീസ് സ്റ്റേഷനില്‍ കയറി ഓഫീസര്‍മാരോട് തര്‍ക്കുത്തരം പറയുന്ന ദളിതനും, മുഖ്യമന്ത്രിയോട് ഭരണം നിലനിര്‍ത്തണമെങ്കില്‍ തങ്ങള്‍ പറയുന്നതുപോലെ ചെയ്യാന്‍ ആവശ്യപ്പെടുന്ന ദളിത് സംഘടനയുമെല്ലാം കേരളത്തില്‍ എവിടെയാണെന്ന് എഴുത്തുകാരനോട് ചോദിക്കാന്‍ തോന്നിയ ചിത്രമായിരുന്നു നായാട്ട്. മികച്ച നടന്‍, ‘കഥ’, എഡിറ്റിങ് എന്നീ വിഭാഗങ്ങളില്‍ സംസ്ഥാന അവാര്‍ഡ് നായാട്ടിനായിരുന്നു.
മോഷണക്കുറ്റം ചുമത്തി ഒരു ദളിത് സ്ത്രീയെ ഈയടുത്ത് പൊലീസ് സ്റ്റേഷനില്‍ 20 മണിക്കൂറോളം പിടിച്ചുവെക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തത് ഷാഹി കബീര്‍ വെള്ളപൂശിയ കേരള പൊലീസായിരുന്നു.
ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി
ഷാഹി കബീറിന്റെ തിരക്കഥയില്‍ നവാഗതനായി ജിത്തു അഷ്‌റഫ് സംവിധാനം ചെയ്ത് ഈ വര്‍ഷം തിയേറ്ററുകളിലെത്തിയ ചിത്രമാണ് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി. ഇതുവരെ കാണാത്ത റോ ആയിട്ടുള്ള പൊലീസ് വേഷത്തിലായിരുന്നു ജിത്തു പ്രത്യക്ഷപ്പെട്ടത്. അഭിനേതാക്കളുടെ പ്രകടനവും മേക്കിങ്ങുമെല്ലാം മികച്ചുനിന്ന ഈ ചിത്രവും തെറ്റായ സന്ദേശമാണ് നല്‍കുന്നത്.
കസ്റ്റഡിമരണത്തെ ഈ സിനിമയില്‍ വെള്ളപൂശിയിരിക്കുന്ന വിധം വിമര്‍ശിക്കപ്പെടേണ്ടതാണ്. പൊലീസിന് ആരെയും കൊല്ലാമെന്ന ധ്വനി ആ സീനില്‍ എഴുത്തുകാരന്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. ഒപ്പം ലഹരിക്കടിമകളായ വില്ലന്‍ ഗ്യാങ്ങിനെ മാസ് ആയി അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്. 24 മണിക്കൂറും ലഹരിയുടെ ലോകത്ത് കഴിയുന്നവര്‍ തമ്മില്‍ വലിയ ബോണ്ടുണ്ടാകുമെന്നും ചിത്രത്തില്‍ കാണിക്കുന്നുണ്ട്.
റോന്ത്
‘പൊലീസുകാര്‍ പാവാടാ’ എന്ന സ്ഥിരം പല്ലവി ഷാഹി കബീര്‍ വീണ്ടും ആവര്‍ത്തിച്ച സിനിമയാണ് റോന്ത്. രാത്രി പട്രോളിങ്ങിനിറങ്ങുന്ന രണ്ട് പൊലീസുകാര്‍ നേരിടുന്ന പ്രശ്‌നങ്ങളാണ് സിനിമയുടെ കഥ. ഇതുവരെ കാണാത്ത കഥാപരിസരം പരിചയപ്പെടുത്തുന്നതില്‍ സംവിധായകന്‍ കൂടിയായ ഷാഹി കബീര്‍ വിജയിച്ചു. എന്നാല്‍ ഈ സിനിമയും പറഞ്ഞുവെക്കുന്നത് അപകടകരമായ ഒരു കാര്യമായിരുന്നു.
കേരളമനസ്സാക്ഷിയെ ഞെട്ടിച്ച കെവിന്റെ ദുരഭിമാനക്കൊലയെ വെറും അപകടമരണമായാണ് റോന്തില്‍ ഷാഹി കബീര്‍ ചിത്രീകരിച്ചത്. കെവിനോട് സാദൃശ്യമുള്ള കഥാപാത്രത്തെ പ്രതികള്‍ വെറുതേ വിട്ടപ്പോള്‍ കാലുതെന്നി വീണാണ് മരണം സംഭവിച്ചത് എന്നാണ് സിനിമയില്‍ കാണിച്ചിരിക്കുന്നത്. ചിത്രത്തില്‍ നവീന്‍ എന്ന കഥാപാത്രം തട്ടിക്കൊണ്ടുപോയവരുടെ കൈയില്‍ നിന്ന് കൊല്ലപ്പെട്ടതായി കാണിച്ചിരുന്നെങ്കില്‍ കൂടി ഈ സിനിമയുടെ കഥയെ അത് ബാധിക്കില്ലായിരുന്നു.
എന്നാല്‍ ഇങ്ങനെയൊരു കാര്യം റോന്തില്‍ കാണിച്ചതോടെ കേരളത്തില്‍ നടക്കുന്ന ദുരഭിമാനക്കൊലകളെ സംശയത്തിന്റെ ദൃഷ്ടിയോടെ കാണാന്‍ സമൂഹത്തെ പ്രേരിപ്പിക്കുകയാണ്. യഥാര്‍ത്ഥ കെവിന്‍ കേസില്‍ ഒന്നാം പ്രതിയില്‍ നിന്ന് കൈക്കൂലി വാങ്ങി കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ച പൊലീസുകാരെ വെറും പാവങ്ങളായും നിരപരാധികളായും കാണിക്കാന്‍ ഷാഹി കബീര്‍ മറന്നില്ല.
‘ഉള്ളവന്റെ കൈയില്‍ നിന്ന് ഇല്ലാത്തവന്‍ പിടിച്ചുപറിക്കാതിരിക്കാന്‍ വേണ്ടിയാണ് ഇന്നാട്ടില്‍ പൊലീസിനെ ഉണ്ടാക്കിയിരിക്കുന്നത്’ എന്ന് ദിലീഷ് പോത്തന്‍ അവതരിപ്പിച്ച യോഹന്നാന്‍ എന്ന കഥാപാത്രം റോഷന്റെ കഥാപാത്രത്തോട് പറയുന്ന ഭാഗം മാത്രമാണ് റിയാലിറ്റിയോട് അടുത്തുനില്‍ക്കുന്നത്. അഭിനേതാക്കളുടെ പ്രകടനവും സിനിമയുടെ പൊസിറ്റീവുകളിലൊന്നാണ്.
സിസ്റ്റത്തിന്റെ പ്രഷര്‍ താങ്ങാനാകാതെ പല പൊലീസുകാരും ഡിപ്രഷന് അടിമകളാണെന്ന് തന്റെ എല്ലാ സിനിമയിലും ഷാഹി കബീര്‍ പറയാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ അതിന്റെ കൂടെ പൊലീസ് അതിക്രമങ്ങളെയും സാമൂഹിക അതിക്രമങ്ങളെയും വെള്ളപൂശുന്നതും തെറ്റായ പ്രവണതയാണെന്ന് പറയാതെ വയ്യ.
Content Highlight: Anti Dalit thoughts in Shahi Kabir’s movies