തട്ടിപ്പിന് മുതല്‍ ആയുധ നിര്‍മാണത്തിന് വരെ എ.ഐ പ്ലാറ്റ്‌ഫോമുകള്‍ ദുരുപയോഗം ചെയ്യപ്പെടുന്നത് എങ്ങനെയെന്ന് വ്യക്തമാക്കി ക്ലോഡ് എ.ഐ പ്ലാറ്റ്ഫോമിന്റെ മാതൃസ്ഥാപനമായ ആന്ത്രോപിക്കിന്റെ ത്രെറ്റ് അനാലിസിസ് റിപ്പോര്‍ട്ട്. 2025 ഡിസംബര്‍ മുതല്‍ 2026 ഓഗസ്റ്റ് വരെയുള്ള എട്ട് മാസത്തിനിടെ ക്ലോഡ് എ.ഐ പ്ലാറ്റ്ഫോം ഏതെല്ലാം തരത്തില്‍ ദുരുപയോഗം ചെയ്യപ്പെട്ടു എന്ന് ഈ മാസം പത്തിന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. എ.എയെക്കുറിച്ചുള്ള ആശങ്കകള്‍ ചര്‍ച്ചയാവുന്നതിനിടെയാണ് ആന്ത്രോപിക്കിന്റെ റിപ്പോര്‍ട്ട് പുറത്തുവരുന്നത്.
എ.ഐ സ്വന്തം നിലയ്ക്ക് തന്നെ അപകടകാരിയായേക്കും എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ അടുത്തിടെ സജീവമായിരുന്നു. എ.ഐയുടെ തല തൊട്ടപ്പനെന്നറിയപ്പെടുന്ന ജോഫ്രെ ഹിന്‍ഡന്റെ ഒരു പരാമര്‍ശവും ആന്ത്രോപിക് മുന്‍ ഗവേഷകന്‍ ജേക്കബ് കോക്‌സണ്‍ രാജിവെക്കവെ ഉയര്‍ത്തിയ ആശങ്കകളുമാണ് ഈ ചര്‍ച്ചകളെ സജീവമാക്കിയത്.
എ.ഐ. മനുഷ്യരാശിയെ ഇല്ലാതാക്കാന്‍ പത്ത് ശതമാനം സാധ്യതയുണ്ട് എന്ന് പറഞ്ഞാല്‍ അത് അന്യായമായ ഒരു കണക്കായിരിക്കില്ലെന്നാണ് ഹിന്റണ്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. സ്വയം മെച്ചപ്പെടുത്തുന്ന ആര്‍ട്ടിഫിഷ്യല്‍ സൂപ്പര്‍ ഇന്റലിജന്‍സിലേക്ക് പോകാന്‍ എ.ഐ കമ്പനികള്‍ മത്സരിക്കുകയാണെന്നും അതിന്റെ അപകട സാധ്യതകള്‍ അവര്‍ പരിഗണിക്കുന്നില്ലെന്നായിരുന്നു കോക്‌സണ്‍ അഭിപ്രായപ്പെട്ടത്.
Jacob Coxon anthropic ex AI Reseaercher
എ.ഐയുടെയോ, എ.ഐ കമ്പനികളുടെ മത്സരത്തിന്റെയോ ഭീഷണികളെക്കുറിച്ചൊന്നും ആന്ത്രോപികിന്റെ ത്രെറ്റ് അസസ്മെന്റ് റിപ്പോര്‍ട്ടില്‍ പറയുന്നില്ല. എന്നാല്‍ എ.ഐ ഏതൊക്കെ തരത്തില്‍ ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന് റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. റിപ്പോര്‍ട്ടില്‍ പറയുന്ന സംഭവങ്ങളെല്ലാം യഥാര്‍ത്ഥമാണോ എന്ന് മൂന്നാം കക്ഷികളുടെ സ്ഥിരീകരണം ഒന്നുമില്ല. എന്നാല്‍ എ.ഐ ഏതെല്ലാം തരത്തില്‍ തെറ്റായി ഉപയോഗിക്കപ്പെടാം എന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കിത്തരുന്നു.
സൈബര്‍ കുറ്റകൃത്യങ്ങള്‍, സ്വാധീനം നേടാനായുള്ള പ്രചാരണങ്ങള്‍, നിരീക്ഷണ നീക്കങ്ങള്‍, തട്ടിപ്പുകള്‍, ജൈവപരമായ ദുരുപയോഗം, പരമ്പരാഗത ആയുധങ്ങളുടെ വികസനം, എ.ഐ. മോഡലുകളില്‍ നിന്ന് വിവരം ചോര്‍ത്തല്‍ എന്നീ ഏഴ് വിഭാഗങ്ങളാക്കി ഈ ദുരുരപയോഗങ്ങളെ റിപ്പോര്‍ട്ടില്‍ തരം തിരിച്ചിരിക്കുന്നു.
സാധാരണ ഗതിയിലുള്ള ദുരുപയോഗ രീതികളല്ല പകരം ഏറ്റവും നൂതനമായ തരത്തിലുള്ളതും ഭീഷണി ഉയര്‍ത്തുന്നതുമായ ദുരുപയോഗങ്ങളുടെ ഉദാഹരണങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. തങ്ങളുടെ സേവനങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നതിനെക്കുറിച്ച് വെളിപ്പെടുത്തേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണെന്ന് വിശ്വസിക്കുന്നതിനാലാണ് ഞങ്ങള്‍ ഈ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതെന്നും ആന്ത്രോപിക് അവകാശപ്പെട്ടു.
ഈ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്ന ഭീഷണികളില്‍ ഭരണകൂടത്തിന്റെ പിന്തുണയുണ്ടെന്ന് സംശയിക്കപ്പെടുന്ന ഗ്രൂപ്പുകള്‍, സാമ്പത്തിക കുറ്റവാളികള്‍, വാണിജ്യപരമായി സ്പൈവെയര്‍ വില്‍ക്കുന്നവര്‍, ഭരണകൂടത്തിന്റെ പ്രചാരണ വിഭാഗങ്ങള്‍, രാഷ്ട്രീയ ലക്ഷ്യങ്ങളുള്ള വ്യക്തികള്‍ എന്നിവരുടെ പ്രവൃത്തികള്‍ ഉള്‍പ്പെടുന്നു. ഉപയോക്താക്കളെ കബളിപ്പിക്കാന്‍ രൂപകല്‍പ്പന ചെയ്ത വ്യാജ ഡേറ്റിങ് ആപ്പുകളുടെ ശൃംഖല മുതല്‍, വിയോജിപ്പുള്ളവരെ കണ്ടെത്താനും നിരീക്ഷിക്കാനും നിര്‍മ്മിച്ച നിരീക്ഷണ സംവിധാനങ്ങള്‍ വരെ ഇതില്‍ ഉള്‍പ്പെടുന്നു.
ജൈവായുധ ഗവേഷണത്തിന് വരെ എ.ഐ ഇത്തരത്തില്‍ ഉപയോഗിക്കാന്‍ ശ്രമം നടന്നെന്നും ത്രെറ്റ് അനാലിസില്‍ പറയുന്നു. പരമ്പരാഗത ആയുധ നിര്‍മാണങ്ങള്‍ക്കായുള്ള സോഫ്‌റ്റ്വെയര്‍ എന്‍ജിനീയറിങ്ങിനും എ.ഐയുടെ സഹായം തേടിയ ഏജന്‍സികളുണ്ടെന്നും ആന്ത്രോപികിന്റെ ത്രെറ്റ് അസസ്മെന്റില്‍ പറയുന്നു.
അത്യാധുനിക എ.ഐ മോഡലുകള്‍ ഉയര്‍ത്തുന്ന ഏറ്റവും വലിയ അപകടസാധ്യതകളില്‍ ഒന്നാണ് ജൈവപരമായ ദുരുപയോഗമെന്ന് ആന്ത്രോപികിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അപകടകരമായ ജൈവ ഗവേഷണങ്ങള്‍ക്ക് പ്രായോഗിക സഹായം നല്‍കാന്‍ പഴയ എ.ഐ മോഡലുകള്‍ക്ക് പ്രയാസമായിരുന്നു.
എന്നാല്‍ പുതിയ എ.ഐ മോഡലുകളെ അവയുടെ വര്‍ധിച്ച ശേഷി കാരണം ഇത്തരം ഗവേഷണങ്ങള്‍ക്കായി ഉപയോഗിക്കാന്‍ പറ്റും. അവയുടെ വലിയ ശാസ്ത്രപരമായ ശേഷി (സൈന്റിഫിക് കപ്പാസിറ്റി) കാരണം കര്‍ശനമായ സുരക്ഷാ മുന്‍കരുതലുകള്‍ ആവശ്യമാണെന്നും ആന്ത്രോപിക് ചൂണ്ടിക്കാട്ടി.
ജൈവായുധ ഗവേഷണങ്ങള്‍ക്കായി എ.ഐ പ്ലാറ്റ്ഫോമുകളെ ഉപയോഗിക്കാന്‍ പറ്റും. എന്നാല്‍ സാധാരണ മരുന്ന് ഗവേഷണത്തിന്റെയും ജൈവായുധ ഗവേഷണത്തിന്റെയും രീതികള്‍ സമാനമാണ്. ഇതിനാല്‍ ജൈവായുധ ഗവേഷണത്തെ സാധാരണ മരുന്നുകള്‍ക്കായുള്ള ഗവേഷണമായി തെറ്റിധരിപ്പിക്കാനും സാധിക്കുമെന്നും ആന്ത്രോപിക് വ്യക്തമാക്കി.
അടുത്തിടെ ചിക്കുന്‍ഗുനിയ വൈറസുമായി ബന്ധപ്പെട്ട ഒരു ഗവേഷണത്തിന് വേണ്ടി ക്ലോഡ് ഉപയോഗിക്കാന്‍ യു.എസില്‍ നിന്നുള്ള ഒരു എല്‍.എല്‍.എം റീ സെല്ലര്‍ പ്ലാറ്റ്ഫോം ശ്രമിച്ചിരുന്നു. വൈറസിന്റെ മ്യൂട്ടേഷനുകളെക്കുറിച്ചായിരുന്നു പഠനം. എന്നാല്‍ പഠനം ഒരു സൈനിക ഗവേഷണ സ്ഥാപനത്തില്‍ നടത്തുന്നതായാണ് മനസ്സിലാക്കാന്‍ സാധിച്ചത്. അതിനാല്‍ ആ ഗവേഷകര്‍ ക്ലോഡ് പ്ലാറ്റ്ഫോം ഉപയോഗിക്കുന്നത് തങ്ങള്‍ വിലക്കിയിരുന്നതായി ആന്ത്രോപിക് ത്രെറ്റ് അസസ്മെന്റില്‍ പറഞ്ഞു. ക്ലോഡില്‍ നിന്ന് പുറത്താക്കിയെങ്കിലും മറ്റ് പ്ലാറ്റ്ഫോമുകള്‍ വഴി ഈ ഗവേഷണം മുന്നോട്ട് പോയിട്ടുണ്ടാവാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പക്ഷിപ്പനി വൈറസിനെ കൂടുതല്‍ ശേഷിയുള്ളതായി മാറ്റാന്‍ ലക്ഷ്യമിട്ടുള്ള പരീക്ഷണത്തിനായും ക്ലോഡ് ഉപയോഗിക്കാന്‍ ശ്രമം നടന്നു. യു.എസ് ആസ്ഥാനമായുള്ള വെര്‍ച്വല്‍ പ്രൈവറ്റ് സെര്‍വറുകള്‍ (വി.പി.എന്‍) വഴിയായിരുന്നു ഈ ഗവേഷണത്തിന് ശ്രമിച്ചവര്‍ ക്ലോഡിനോട് ബന്ധപ്പെട്ടത്. രോഗം പടര്‍ത്താന്‍ ഉയര്‍ന്ന ശേഷിയുള്ള പക്ഷിപ്പനി വൈറസില്‍ ജനിതകമാറ്റങ്ങള്‍ വരുത്തി അവയെ ശക്തമാക്കാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു ഗവേഷണം.
വൈറസുകള്‍ മനുഷ്യരുടെയോ മറ്റ് ജീവികളുടെയോ ശരീരത്തിലെത്തിയാല്‍ അവയ്ക്കെതിരെ പ്രതിരോധിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ശരീരത്തിലുണ്ടാവും. അത്തരം പ്രതിരോധ സംവിധാനങ്ങളെ മറികടക്കാന്‍ വൈറസുകള്‍ക്ക് ശേഷി നല്‍കുന്നതിനുള്ള മറ്റ് ഗവേഷണങ്ങള്‍ക്കായും ക്ലോഡ് പ്ലാറ്റ്ഫോം ഉപയോഗിക്കാന്‍ ശ്രമം നടന്നെന്നും ആന്ത്രോപികിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഓര്‍ത്തോപോക്സ് വൈറസുകള്‍ക്കെതിരെയുള്ള പ്രതിരോധ ശേഷി മറികടക്കാനുള്ള ഗവേഷണമാണ് ഇതിലൊന്ന്. വൈറസിനെതിരെ ആതിഥേയ ജീവിയുടെ ശരീരത്തിലുണ്ടാവുന്ന വൈറസ്-വിരുദ്ധ പ്രതിരോധ സംവിധാനങ്ങളെ അടിച്ചമര്‍ത്തുന്ന വൈറല്‍ ജീനുകളെ ലക്ഷ്യമിടാനുള്ള ഗവേഷണമായിരുന്നു ഇതെന്നും ആന്ത്രോപിക് വ്യക്തമാക്കി.
വിഷവസ്തുക്കളുടെയും ടോക്സിനുകളുടെയും ശേഷി വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ഗവേഷണത്തിനു വേണ്ടി ക്ലോഡ് ഉപയോഗിക്കാനുള്ള ശ്രമങ്ങളും കഴിഞ്ഞ എട്ടുമാസത്തിനിടെയുണ്ടായി. വേദന സംഹാരികള്‍ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇതിനായുള്ള ഒരു ഗവേഷണ പ്രോജക്ട് സമര്‍പ്പിക്കപ്പെട്ടത്. എന്നാല്‍ പക്ഷാഘാതം ഉണ്ടാക്കുന്ന വിഷവസ്തുക്കളുമായി ബന്ധപ്പട്ട ഗവേഷണമാണ് അതെന്ന് കണ്ടെത്തി.
ആയുധ വികസനവും രൂപകല്‍പ്പനയും നടത്തുന്നതിനായി കഴിഞ്ഞ എട്ട് മാസത്തിനിടെ ക്ലോഡിനെ ഉപയോഗിച്ചിട്ടുണ്ടെന്നും ആന്ത്രോപിക്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. വടക്കന്‍ യമന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു സംഘം മൂന്ന് സമാന്തര ആയുധ വികസന പരിപാടികള്‍ ആസൂത്രണം ചെയ്തു നടപ്പാക്കാന്‍ ഇത്തരത്തില്‍ ക്ലോഡിന്റെ സഹായം തേടിയെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
ലക്ഷ്യസ്ഥാനത്തേക്ക് സ്വയം ഗതിമാറി സഞ്ചരിക്കാന്‍ കഴിയുന്ന ടാക്റ്റിക്കല്‍ ഗൈഡഡ് റോക്കറ്റ്, 2,000 കിലോമീറ്ററിലധികം ദൂരപരിധിയുള്ള മള്‍ട്ടി-സ്റ്റേജ് ബാലിസ്റ്റിക് മിസൈല്‍, മള്‍ട്ടി-വേരിയന്റ് മിസൈല്‍ റേഞ്ച് എന്നിവയുടെ വികസനം ഇതില്‍ ഉള്‍പ്പെടുന്നു.
ഈ സംഘം ക്ലോഡ് കോഡിനെ ഒരു വെര്‍ച്വല്‍ എഞ്ചിനീയറിംഗ് ടീമായി ഉപയോഗിച്ചു. അവര്‍ ഒരേസമയം ഒന്നിലധികം ‘ക്ലോഡ് ഇന്‍സ്റ്റന്‍സുകള്‍’ കൈകാര്യം ചെയ്യുകയും ഓരോന്നിനും പ്രത്യേക ചുമതലകള്‍ നല്‍കുകയും ചെയ്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എതിരാളികളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ തകര്‍ക്കാനുള്ള ഇലക്ട്രോണിക് വാര്‍ഫെയര്‍ സംവിധാനം വികസിപ്പിക്കാനും എ.ഐ ഉപയോഗിക്കപ്പെട്ടു. മുങ്ങിക്കപ്പലുകളെ ലക്ഷ്യമിടുന്ന സമുദ്രാന്തര്‍ യുദ്ധ സംവിധാനം വികസിപ്പിക്കാന്‍ ചൈന ക്ലോഡിനെ ഉപയോഗിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആക്രമണങ്ങള്‍ക്കുപയോഗിക്കുന്ന ഡ്രോണുകളുടെ നിര്‍മാണത്തിനും ക്ലോഡിന്റെ സഹായം ഈ കാലയളവില്‍ ഉപയോഗപ്പെട്ടു. മനുഷ്യന്റെ ഇടപെടലില്ലാതെ സ്ഫോടനം നടത്താനും ലക്ഷ്യസ്ഥാനങ്ങള്‍ തെരഞ്ഞെടുത്ത് ആക്രമണം നടത്താനുമുള്ള ശേഷി ഡ്രോണുകളില്‍ വികസിപ്പിക്കുന്നതിന് എ.ഐ ഉപയോഗിച്ചു.
സ്വയം പറക്കാന്‍ ശേഷിയുള്ള ഡ്രോണുകളുടെ ശൃംഖല വികസിപ്പിക്കാന്‍ റഷ്യയില്‍ നിന്നുള്ള ഒരു ഗവേഷക സംഘം ക്ലോഡിനെ ഉപയോഗിച്ചതായി ആന്ത്രോപികിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. യുക്രെയ്നിലെ യുദ്ധരംഗങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഉപയോഗിച്ച് ദൃശ്യങ്ങളെ തരം തിരിക്കാനുള്ള സംവിധാനങ്ങള്‍ക്ക് പരിശീലനം നല്‍കി. ‘ശത്രു’ എന്നും ‘സൗഹൃദപക്ഷം’ എന്നും ഇവയെ എ.ഐ വഴി തരം തിരിച്ചിരുന്നതായും ആന്ത്രോപിക് പറയുന്നു.
ജനങ്ങളെ കൂട്ടമായി നിരീക്ഷിക്കാനും വ്യക്തികളെ ലക്ഷ്യം വെക്കാനുമുള്ള സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കാന്‍ എ.ഐ ഉപയോഗിക്കുന്നതായി ആന്ത്രോപിക് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഭരണകൂടവുമായി ബന്ധപ്പെട്ടവരും കരാറുകാരും വാണിജ്യ സ്പൈവെയര്‍ വില്‍ക്കുന്നവരുമാണ് ഇത്തരത്തില്‍ എ.ഐ ഉപയോഗിക്കുന്നത്.
സര്‍വൈലന്‍സിന് വേണ്ടിയുള്ള സൗകര്യങ്ങളെ പല മടങ്ങ് വര്‍ധിപ്പിക്കാന്‍ എ.ഐ ഉപയോഗിക്കുന്നു. വലിയ ആള്‍ബലമുള്ള സംഘങ്ങള്‍ക്ക് പകരം കുറഞ്ഞ ആളുകളെ ഉപയോഗിച്ച് എ.ഐ അധിഷ്ഠിത സര്‍വൈലന്‍സ് സംവിധാനം വികസിപ്പിക്കാന്‍ പറ്റുന്നു.
ഒരു രാജ്യത്തെ മുഴുവന്‍ ജനത്തെയും നിരീക്ഷിക്കുന്നതിനുള്ള സംവിധാനങ്ങള്‍ തയ്യാറാക്കാന്‍ മുമ്പ് വലിയ ഓഫീസ് സംവിധാനം വേണമായിരുന്നു. എ.ഐ കാരണം ഇത്രയും വലിയ ഓഫീസ് സംവിധാനങ്ങള്‍ ഇല്ലെങ്കിലും സര്‍വൈലന്‍സ് സംവിധാനങ്ങള്‍ വികസിപ്പിക്കാനും അവ ഉപയോഗിച്ച് നിരീക്ഷണം നടത്താനും കഴിയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍, ഗ്രൂപ്പ് ചാറ്റ് ലോഗുകള്‍, ഫോണ്‍കോള്‍ വിവരങ്ങള്‍ എന്നിവ കൂട്ടമായി പരിശോധിക്കാനും അത് വഴി രാഷ്ട്രീയപരമായ എതിര്‍പ്പുള്ളവരെ ലക്ഷ്യം വെക്കാനും എ.ഐ ഉപയോഗിക്കപ്പെടുന്നു. ഇവയെ ലൊക്കേഷന്‍ മാപ്പുകളും ഡാറ്റാബേസുകളും അടക്കമുള്ളവയുമായി ബന്ധിപ്പിക്കാനും എ.ഐ ഉപയോഗിച്ചു. ഇവയെ ഭരണകൂട സംവിധാനങ്ങളുമായും ബന്ധിപ്പിച്ച് ഉപയോഗിച്ചു. ഇത് പ്രകാരം ഈ ഡാറ്റാബേസിലുള്ളവര്‍ക്കെതിരെ പൊലീസ് നടപടികളടക്കം നടത്തിയെന്നും ആന്ത്രോപിക് റിപ്പോര്‍ട്ടില്‍ പറയുന്നു.
വിമതരെയും ന്യൂനപക്ഷങ്ങളെയും പീഡിപ്പിക്കാനുള്ള സംവിധാനങ്ങള്‍ക്കായി എ.ഐ. ഉപയോഗിച്ചു. പ്രതിപക്ഷ നേതാക്കള്‍, ജനാധിപത്യ അനുകൂല പ്രവര്‍ത്തകര്‍, മതന്യൂനപക്ഷങ്ങള്‍ വിദേശത്തുള്ള പ്രവാസി ഗ്രൂപ്പുകള്‍ എന്നിവരെ നിരീക്ഷിക്കുന്നതില്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ഇവ ഉപയോഗിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇസ്രഈലി-സിംഗപ്പൂര്‍ വാണിജ്യ സ്ഥാപനമായ എസ് റ്റു ടി എന്ന സ്ഥാപനത്തിന്റെ ഉദാഹരണവും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇറാന്‍, സൗദി അറേബ്യ, യു.എ.ഇ എന്നിവ അടക്കമുള്ള രാജ്യങ്ങളില്‍ പ്രവാസികളായി കഴിയുന്ന സമൂഹ മാധ്യമ ഉപഭോക്താക്കളെയാണ് ഈ സ്ഥാപനം ലക്ഷ്യം വച്ചത്. ഇവരുടെ പ്രാദേശികത, വികാരങ്ങള്‍, രാഷ്ട്രീയ ചായ്‌വുകള്‍ എന്നിവ മനസ്സിലാക്കി സ്്കോറുകള്‍ നല്‍കാന്‍ സോഷ്യല്‍ മീഡിയ പോസ്റ്റ് വിശകലനം ചെയ്യുന്ന എ.ഐ സംവിധാനത്തെ ഉപയോഗിച്ചു.
മെസേജിങ് ഗ്രൂപ്പുകളിലേക്ക് നുഴഞ്ഞുകയറാന്‍ ഇവര്‍ 255-ലധികം വ്യാജ അക്കൗണ്ടുകളുണ്ടാക്കി. ഈ അക്കൗണ്ടുകള്‍ ആ ഗ്രൂപ്പിലുള്ളവരുടെ രാഷ്ട്രീയ നിലപാടുകള്‍ അനുകരിക്കുകയും സ്വീകാര്യത നേടുകയും ചെയ്തുവെന്നും ആന്ത്രോപിക് റിപ്പോര്‍ട്ടില്‍ പറയുന്നു.
സിറിയയിലെത്തിയ ഉയ്ഗുര്‍ വംശജരെ ലക്ഷ്യമിട്ട് ചൈനീസ് സര്‍ക്കാര്‍ ബന്ധമുള്ള ഒരു സംഘം സര്‍വൈലന്‍സിനായി ക്ലോഡ് എ.ഐ ഉപയോഗിച്ചെന്നും ആന്ത്രോപിക് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പുതുതായി രൂപീകരിച്ച സിറിയന്‍ സൈന്യത്തില്‍ അടുത്തിടെ ചേര്‍ന്ന ഉയ്ഗുര്‍ വംശജരെഇവരുടെ പ്രധാന ലക്ഷ്യം.
ഇവരുമായി ബന്ധമുണ്ടാവാന്‍ സാധ്യതയുള്ള സിറിയയിലെ വ്യക്തികളെ കണ്ടെത്താനും അവരുമായി ആശയവിനിമയം നടത്താനും ഈ സംഘം ‘ക്ലോഡ്’ ഉപയോഗിച്ചു. തുടര്‍ന്ന് ഇവരെക്കുറിച്ച് വിവരങ്ങള്‍ കൈമാറുന്നതിന് പണം വാഗ്ദാനം ചെയ്തുകൊണ്ട് അവരെ റിക്രൂട്ട് ചെയ്യാനും ഇവര്‍ ശ്രമിച്ചു.
ഇതിനുപുറമെ, സിറിയയിലെ പ്രത്യേക ഉയ്ഗുര്‍ ബിസിനസ് സ്ഥാപനങ്ങളെയും പ്രധാനപ്പെട്ട സ്ഥലങ്ങളെയും കണ്ടെത്താനും ഇവര്‍ ‘ക്ലോഡ്’ ഉപയോഗിച്ചു. പ്രവാസികളായ ഉയ്ഗുര്‍ മാധ്യമപ്രവര്‍ത്തകരെ നിരീക്ഷിക്കുന്നതിനുള്ള നടപടികളുമുണ്ടായി.
നൂറിലധികം വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ നിന്നും ഡസന്‍ കണക്കിന് ടെലിഗ്രാം ചാനലുകളില്‍ നിന്നുമുള്ള ചാറ്റുകള്‍ ചൈന സര്‍ക്കാരിനെ അനുകൂലിക്കുന്ന സംഘം ശേഖരിച്ചിരുന്നു. ഈ ഡാറ്റ പരിശോധിക്കാന്‍ ക്ലോഡ് ഉപയോഗിച്ചു.
ഉയ്ഗുര്‍ വംശജരുടെ സാമ്പത്തിക പ്രയാസങ്ങള്‍, കുടുംബത്തില്‍ നിന്നുള്ള വേര്‍പിരിയല്‍ എന്നിവയെ കുറിച്ച് നിരീക്ഷണം നടത്തി. ചൈനയിലെ ഷിന്‍ജിയാങ്ങില്‍ കുടുംബാംഗങ്ങളുള്ളവരെ ഇവര്‍ പ്രത്യേകം കണ്ടെത്തി.
ഉയിഗൂര്‍ വംശജരായ പ്രവാസി ളായ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കൂട്ടായ റിപ്പോര്‍ട്ടിങ് നടത്തി. വിദേശത്തുള്ള അവരുടെ സംഘടനകളുടെ വിശ്വാസ്യത തകര്‍ക്കാന്‍ ബോട്ട് നെറ്റ്വര്‍ക്കുകള്‍ ഉപയോഗിച്ചുള്ള പ്രചാരണത്തിനായി ഇവര്‍ പദ്ദതിയിട്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വലിയ രീതിയില്‍ വ്യവസ്ഥാപിതമായടക്കം എ.ഐയെ പ്രൊപ്പഗണ്ടകള്‍ക്കായി ഉപയോഗിക്കുന്നു എന്നും ആന്ത്രോപിക് റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യാജ വാര്‍ത്തകള്‍ നിര്‍മിക്കാനാടക്കം പ്രൊപ്പഗണ്ടക്കായി എ.ഐ ഉപയോഗിക്കുന്നു. രാഷ്ട്രീയ പരമായി സ്വാധീനം നേടിക്കൊടുക്കാനുള്ള പ്രവര്‍ത്തനത്തെ പണം വാങ്ങിയുള്ള സേവനമായി ഉപയോഗിക്കുന്നതിന് എ.ഐ വ്യാപകമായി ഉപയോഗിക്കപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഓട്ടോമേറ്റഡ് ന്യൂസ്ഡെസ്‌കുകളാണ് എ.ഐ അധിഷ്ടിതമായ ഒരു പ്രൊപ്പഗണ്ട മാര്‍ഗം. മാധ്യമ പ്രവര്‍ത്തകര്‍ക്ക് പകരം എ.ഐ സംവിധാനങ്ങളെ ഉപയോഗിച്ച് വ്യാജ വാര്‍ത്തകള്‍ തയ്യാറാക്കി. സ്വതന്ത്രമെന്ന് തോന്നിക്കുന്ന മാധ്യമ ശൃംഖലകളിലൂടെ ഭരണകൂടത്തിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാനും എ.ഐ സഹായം ഉപയോഗിച്ചു. ഭരണകൂടങ്ങള്‍ക്കെതിരായ ആരോപമണങ്ങളില്‍ തെളിവുകള്‍ നശിപ്പിക്കാനടക്കം എ.ഐ ഉപയോഗിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപബ്ലിക്കില്‍ റഷ്യന്‍ ഭരണകൂടത്തിന് അനുകൂലമായ പ്രൊപ്പഗണ്ട നടത്താന്‍ എ.ഐ സഹായം ഉപയോഗിച്ചതായി ആന്ത്രോപിക് അവകാശപ്പെടുന്നു. റഷ്യയെ അനുകൂലിക്കുന്ന ആശയങ്ങളെ റേഡിയോ സ്‌ക്രിപ്റ്റുകളായും മീഡിയ ബ്രീഫിംഗുകളായും ടെലിഗ്രാം പോസ്റ്റുകളായും ക്ലോഡ് മാറ്റി. പ്രാദേശിക മാധ്യമപ്രവര്‍ത്തകരുടെ ശൈലി അനുകരിക്കുന്നതിനായി എ.ഐയുടെ പ്രത്യേക ഫോര്‍മാറ്റിംഗ് രീതികള്‍ ഒഴിവാക്കിയാണ് ഇത് ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഫ്രാന്‍സ് ആസ്ഥാനമായുള്ള ഡിജിറ്റല്‍ പരസ്യ ഏജന്‍സിയായ എല്‍.കെ.എം കമ്പനി പ്രൊപ്പഗണ്ടകള്‍ക്കായി വലിയ രീതിയില്‍ ക്ലോഡ് എ.ഐ സേവനങ്ങള്‍ ഉപയോഗിച്ചുവെന്നും ആന്ത്രോപിക് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. പണം നല്‍കുന്നവരുടെ താല്‍പ്പര്യത്തിനനുസരിച്ച് രാഷ്ട്രീയ നിലപാടുകള്‍ മാറ്റുന്നതിനുള്ള ‘സ്വാധീന സേവനങ്ങള്‍’ ഇവര്‍ വാഗ്ദാനം ചെയ്തിരുന്നു.
ഏകദേശം 70 വ്യാജ വാര്‍ത്താ വെബ്‌സൈറ്റുകളും അവയുമായി ബന്ധപ്പെട്ട 70 എക്സ് അക്കൗണ്ടുകളും എല്‍.കെ.എം നടത്തിയിരുന്നു. വാര്‍ത്തകളില്‍ കമന്റ് ചെയ്യനായി ആറ് ഭൂഖണ്ഡങ്ങളിലായി 250-ലധികം അക്കൗണ്ടുകള്‍ എന്നിവ ഇവര്‍ കൈകാര്യം ചെയ്തു. ക്ലോഡ് ഉപയോഗിച്ച് ഇവര്‍ പ്രൊപ്പഗണ്ട ലേഖനങ്ങള്‍ തയ്യാറാക്കി. യഥാര്‍ത്ഥ വാര്‍ത്തകളെ പ്രത്യയശാസ്ത്രപരമായി പക്ഷപാതപരമായ രീതിയില്‍ മാറ്റിയെഴുതുകയും ചെയ്തു.
സെര്‍ച്ച് എഞ്ചിനില്‍ വിശ്വാസ്യത വര്‍ധിപ്പിക്കുന്ന തരത്തിലായിരുന്നു വ്യാജവാര്‍ത്തകള്‍ ഇവര്‍ തയ്യാറാക്കിയത്. വാര്‍ത്തകളില്‍ വ്യാജ മാധ്യമപ്രവര്‍ത്തകരുടെ പേരുകള്‍ ബൈലൈന്‍ ആയി നല്‍കി. വ്യാജ വാര്‍ത്തകള്‍ക്ക് വ്യാജ ഉറവിടങ്ങളുടെ ലിങ്കുകളും നല്‍കി. എക്സ് അക്കൌണ്ടുകള്‍ വഴി അവ പ്രചരിപ്പിക്കുകയും ചെയ്തെന്നും ആന്ത്രോപികിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
യുഎസ്, ബ്രസീല്‍, ഫ്രാന്‍സ്, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ തുടങ്ങിയ രാജ്യങ്ങളിലെ വിവിധ വിഷയങ്ങളില്‍ ഇവര്‍ ഇടപെട്ടിരുന്നു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ സര്‍ക്കാരിന്റെ (ഡി.ആര്‍.സി) നിലപാടിനെ പിന്തുണയ്ക്കുന്നതിനായി ഡി.ആര്‍.സി-റുവാണ്ട സംഘര്‍ഷത്തെക്കുറിച്ചുള്ള 318 ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു. പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നതിന് മുമ്പ് ഇവരുടെ ശൃംഖല ഏകദേശം 20 ഭാഷകളിലായി 8,913-ലധികം ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇസ്താംബുള്‍ ആസ്ഥാനമായുള്ള സാങ്കേതികവിദ്യ കമ്പനിയായ ബി.ബി.എസ് ബിലിസിം ടെക്നോളജിലെറി എന്ന സ്ഥാപനം മലേഷ്യന്‍ തെരഞ്ഞെടുപ്പില്‍ അട്ടിമറി ശ്രമം നടത്തുന്നതിന് ക്ലോഡ് എ.ഐയുടെ സഹായം തേടിയെന്നും ആന്ത്രോപികിന്റെ ഭീണണി വിശകലനത്തില്‍ പറയുന്നു. തത്സമയ രാഷ്ട്രീയ പ്രവര്‍ത്തനത്തിനായി എ.ഐയില്‍ പ്രവര്‍ത്തിക്കുന്ന ഒരു മിലറ്ററി ഗ്രേഡ് ടൂള്‍ എന്ന തരത്തിലാണ് ബി.ബി.എസ് ബിലിസിം ടെക്നോളജിലെറി അവരുടെ സേവനങ്ങളെ അവതരിപ്പിച്ചത്.
വോട്ടര്‍മാരെ വംശം, മതം, രാജകീയ പദവി എന്നിവയുമായി ബന്ധപ്പെട്ട വിഭജനരേഖകളുടെ അടിസ്ഥാനത്തില്‍ കൃത്യമായി ലക്ഷ്യമിട്ടുള്ള പ്രൊപ്പഗണ്ട നടത്താന്‍ ഈ എ.ഐ അധിഷ്ടിത ടൂളുകള്‍ ഉപയോഗിച്ചതായി ആന്ത്രോപിക് കണ്ടെത്തി. മലേഷ്യയിലെ 222 പാര്‍ലമെന്ററി മണ്ഡലങ്ങളില്‍ നിന്നുള്ള യഥാര്‍ത്ഥ സെന്‍സസ്, തിരഞ്ഞെടുപ്പ് വിവരങ്ങള്‍ ‘ക്ലോഡ് കോഡ്’ ഡാഷ്‌ബോര്‍ഡുകളിലേക്ക് ഇതിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയിരുന്നു. ‘മലേഷ്യ പള്‍സ്’ എന്ന പേരില്‍ ഒരു വ്യാജ വാര്‍ത്താ വെബ്സൈറ്റും ഇവര്‍ പ്രവര്‍ത്തിപ്പിച്ചിരുന്നെന്നും ആന്ത്രോപിക് റിപ്പോര്‍ട്ട് പറയുന്നു.
ഷൈനി ഹണ്ടേഴ്സ് എന്ന ഗ്രൂപ്പിന്റേതടക്കമുള്ള സൈബര്‍ ആക്രമണങ്ങളില്‍ എ.ഐ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചതായി ആന്ത്രോപിക് പറയുന്നു. ഷൈനി ഹണ്ടേഴ്സ് എന്ന പേരിലറിയപ്പെടുന്ന സൈബര്‍ ആക്രമണ സംഘവവുമായി ബന്ധമുള്ള ചിലര്‍ ക്ലോഡ് പ്ലാറ്റ്ഫോമിനെ ദുരുപയോഗം ചെയ്തു. ഡാറ്റാ മോഷണം, പണം നല്‍കിയില്ലെങ്കില്‍ വിവരങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തല്‍ എന്നീ സൈബര്‍ കുറ്റകൃത്യങ്ങള്‍ ഇവര്‍ ചെയ്യുന്നു. സോഫ്റ്റ് വെയര്‍ കമ്പനികള്‍, എന്നിവയെയാണ് ഇവര്‍ ലക്ഷ്യം വെക്കാറ്.
എ.ഐ വഴി ഇവര്‍ കമ്പനികളുടെ വിവരങ്ങള്‍ ചോര്‍ത്തിയിരുന്നു. പാസ്‌വേഡുകളും ആക്സസ് കീകളും ചോര്‍ത്താന്‍ ഇവര്‍ എ.ഐയുടെ സഹായം ഉപയോഗിക്കുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ജി.ടി.ജി – 10007 എന്ന നമ്പറില്‍ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്ന ഒരു സൈബര്‍ ആക്രമണ സംഘത്തെക്കുറിച്ച് സൂചിപ്പിക്കുന്നു. വിദ്യാഭ്യാസം, റീട്ടെയില്‍, ഊര്‍ജ്ജം, സാങ്കേതികവിദ്യ, ആരോഗ്യം, സര്‍ക്കാര്‍ മേഖലകളിലെ ഏകദേശം 50 ആഗോള സ്ഥാപനങ്ങള്‍ക്കെതിരെയുള്ള സൈബര്‍ ആക്രമണങ്ങള്‍ക്കായി എ.ഐയുടെ സഹായം ഉപയോഗിച്ചെന്നാണ് ആന്ത്രോപിക് പറയുന്നത്.
ചൈനയിലെ ഹുനാന്‍ പ്രവിശ്യ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനം. ഇവരുടെ സംഘത്തില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദ വിദ്യാര്‍ത്ഥികളും ഉള്‍പ്പെടുന്നു. സ്ഥാപനങ്ങളുടെ സുരക്ഷാ പാളിച്ചകള്‍ കണ്ടെത്തി അത് ചൂഷണം ചെയ്യുന്ന സംവിധാനം ഇവര്‍ എ.ഐയുടെ സഹായത്താല്‍ നിര്‍മിച്ചിരുന്നു. സ്ഥാപനങ്ങളുടെ സോഫ്റ്റ് വെയര്‍ വിവരങ്ങള്‍ ചോര്‍ത്തി അവയുടെ കോഡുകള്‍ എ.ഐ ഏജന്റുകളുടെ സഹായത്തോടെ വിശകലനം ചെയ്താണ് ഇത്തരം സുരക്ഷാ പാളിച്ചകള്‍ അവര്‍ കണ്ടെത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
റഷ്യന്‍ ഭരണകൂടവുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്ന ജി.ടി.ജി 20006 എന്ന ഒരു ഗ്രൂപ്പ് എ.ഐ വഴി അവരുടെ ചാരപ്രവര്‍ത്തനം ഓട്ടോമേറ്റ് ചെയ്തുവെന്നാണ് റിപ്പോര്‍ട്ടില്‍ സൈബര്‍ ആക്രമണവുമായി ബന്ധപ്പട്ട മറ്റൊരു പരാമര്‍ശം. ഉക്രേനിയന്‍, യൂറോപ്യന്‍ സര്‍ക്കാരുകളിലെ സൈനിക രഹസ്യാന്വേഷണ ലക്ഷ്യങ്ങള്‍, നയതന്ത്ര-പ്രതിരോധ സംഘടനകള്‍, യുഎസ് വിദേശനയവുമായി ബന്ധപ്പെട്ട വ്യക്തികള്‍ എന്നിവര്‍ക്കെതിരെ ഇവര്‍ സൈബര്‍ ആക്രമണങ്ങള്‍ നടത്തിയെന്നും ഇതിന് ക്ലോഡ് പ്ലാറ്റ്ഫോമിനെ ഉപയോഗിച്ചെന്നും ആന്ത്രോപിക്് പറയുന്നു.
സൈബര്‍ ആക്രമികള്‍ എ.ഐ സഹായത്തോടെയുള്ള പ്രവര്‍ത്തനരീതികള്‍ ഉപയോഗിച്ച് അവരുട ടൂളുകളെ നിയന്ത്രിക്കാനും ആവശ്യത്തിനനുസരിച്ച് പരിഷ്‌കരിക്കുന്നുണ്ടെന്നും ആന്ത്രോപിക് ചൂണ്ടിക്കാട്ടി. സൈബര്‍ ആക്രമണം നടത്തിയാലും പിടിക്കപ്പെടാതിരിക്കാനും എ.ഐ ഉപയോഗിക്കപ്പെട്ടു.
ഏതെങ്കിലും മാല്‍വെയര്‍ പോലുള്ള ഭീഷണികള്‍ സൈബര്‍ സുരക്ഷാ സംവിധാനങ്ങള്‍ കണ്ടെത്തിയാല്‍ അവയെ എ.ഐയുടെ സഹായത്താല്‍ എളുപ്പത്തില്‍ മാറ്റം വരുത്താന്‍ കഴിയും. ഇത് വഴി സൈബര്‍ സുരക്ഷാ സംവിധാനങ്ങളെ ഈ മാല്‍വെയറുകള്‍ക്ക് മറികടക്കാന്‍ സാധിക്കും. സൈബര്‍ സുരക്ഷാ സംവിധാനങ്ങള്‍ക്ക് കണ്ടെത്താനാവാത്ത രീതിയിലാവുന്നത് വരെ മാല്‍വെയറുകളെ പരിഷ്‌കരിച്ചുകൊണ്ടിരിക്കാന്‍ എ.ഐ സംവിധാനം വഴി സാധിക്കുമെന്നും ത്രെട്ട് അസസ്മെന്റില്‍ ആന്ത്രോപിക് ചൂണ്ടിക്കാട്ടുന്നു.
ഒരു ഡേറ്റിങ് ആപ്പില്‍ നടന്ന കൃത്രിമത്തെക്കുറിച്ചാണ് ത്രെറ്റ് അസസ്മെന്റിലെ തട്ടിപ്പുകള്‍ എന്ന വിഭാഗത്തില്‍ പറയുന്നത്. ചൈന ആസ്ഥാനമായുള്ള ഒരു ആപ്പ് സ്റ്റുഡിയോ, 20-ലധികം ഡേറ്റിംഗ് ആപ്പുകളിലൂടെ എ.ഐ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയതായാണ് ആന്ത്രോപികിന്റെ കണ്ടെത്തല്‍.
4700 പേരുടെ വ്യാജ ഡേറ്റിങ് പ്രൊഫൈലുകള്‍ എ.ഐ സഹായത്തോടെ നിര്‍മിച്ചായിരുന്നു തട്ടിപ്പ്. ഈ വ്യക്തികളെ പോലെ ഇടപെടാന്‍ അടക്കം ക്ലോഡിന് പരിശീലനം നല്‍കി. രണ്ടാഴ്ച കൊണ്ട് ഈ പ്രൊഫൈലുകള്‍ 25,000-ത്തിലധികം ഉപയോക്താക്കളുമായി സംഭാഷണം നടത്തി. 2.36 ദശലക്ഷം സന്ദേശങ്ങള്‍ കൈമാറുകയും ചെയ്തുെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Content Highlight: Anthropic Threat Assessment: Misuse of AI in Bio Research, Weapons and Surveillance