ന്യൂയോര്‍ക്ക്: എ.ഐ മോഡലുകളുടെ ശേഷി വര്‍ധിപ്പിക്കുന്നതിന്റെ വേഗത നിയന്ത്രിക്കണമെന്ന് എ.ഐ കമ്പനികളോട് ആന്ത്രോപിക് സി.ഇ.ഒ ഡാരിയോ അമോഡി. നിര്‍മിത ബുദ്ധിയുടെ (എ.ഐ) ദുരുപയോഗത്തെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ആന്ത്രോപിക് സി.ഇ.ഒയുടെ പ്രതികരണം.
എ.ഐയുമായി ബന്ധപ്പെട്ട അപകട സാധ്യതകള്‍ കണ്ടെത്താനായി കമ്പനികള്‍ കൂടുതല്‍ സമയം കണ്ടെത്തണമെന്നും അമോഡി അഭിപ്രായപ്പെട്ടു. കമ്പനികള്‍ എ.ഐ വികസനത്തിന്റെ വേഗത ക്രമീകരിക്കണം. ഇക്കാര്യങ്ങള്‍ക്കായി ഒരു കര്‍മ്മപദ്ധതി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘എ.ഐ മോഡലുകളുടെ ശേഷി മെച്ചപ്പെടുത്തുന്നതിന്റെ വേഗത നമ്മള്‍ കുറയ്ക്കണം. പുരോഗതി ഇപ്പോഴും വേഗത്തിലാണെന്ന് തോന്നാം. എന്നാല്‍ ലഭിക്കുന്ന സമയം നമ്മള്‍ വിവേകത്തോടെ ഉപയോഗിക്കണം,’ സമൂഹമാധ്യമമായ എക്‌സില്‍ പങ്കുവെച്ച ലേഖനത്തില്‍ അമോഡി പറഞ്ഞു.
മോഡല്‍ പരിശീലനമോ സാങ്കേതിക പുരോഗതിയോ നിര്‍ത്തിവെക്കാനല്ല താന്‍ ആവശ്യപ്പെടുന്നത്. പകരം, മോഡലുകളെ സുരക്ഷിതമാക്കാനും അവയെ ശരിയായ രീതിയില്‍ ക്രമീകരിക്കാനും കമ്പനികള്‍ക്ക് മതിയായ സമയം ലഭിക്കുന്നുണ്ട്. സ്വതന്ത്രരായ മൂന്നാം കക്ഷി വിലയിരുത്തലുകാര്‍ ഇത് പരിശോധിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കര്‍മ്മപദ്ധതിയുടെ ഭാഗമായി മുന്‍നിര എ.ഐ കമ്പനികള്‍ക്കുള്ളില്‍ സ്ഥിരമായ മൂന്നാം കക്ഷി അവലോകനത്തിന് സംവിധാനമുണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എ.ഐ. സംവിധാനങ്ങളെ നിയന്ത്രിക്കുന്നതിനുള്ള പുതിയ നിയമങ്ങള്‍ക്കായി യു.എസ് കോണ്‍ഗ്രസ് അംഗങ്ങള്‍ ആവശ്യമുന്നയിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ എ.ഐ കമ്പനികള്‍ സ്വമേധയാ ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന് അമോഡി പറഞ്ഞു.
കഴിഞ്ഞ ദിവസം ആന്ത്രോപിക് അവരുടെ സുരക്ഷാ വിശകലന റിപ്പോര്‍ട്ട് പ്രസിദ്ദീകരിച്ചിരുന്നു. കഴിഞ്ഞ എട്ട് മാസത്തിനിടെ ‘ക്ലോഡ്’ എ.ഐ പ്ലാറ്റ്‌ഫോം ഏതൊക്കെ തരത്തില്‍ ദുരുപയോഗം ചെയ്‌തെന്നാണ് ആന്ത്രോപികിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. 2025 ഡിസംബര്‍ മുതല്‍ 2026 ഓഗസ്റ്റ് വരെയുള്ള കാലയളവിലെ ദുരുപയോഗങ്ങളെക്കുറിച്ച് ഈ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
സൈബര്‍ കുറ്റകൃത്യങ്ങള്‍, സ്വാധീനം നേടാനായുള്ള പ്രചാരണങ്ങള്‍, നിരീക്ഷണ നീക്കങ്ങള്‍, തട്ടിപ്പുകള്‍, ജൈവപരമായ ദുരുപയോഗം, പരമ്പരാഗത ആയുധങ്ങളുടെ വികസനം, എ.ഐ. മോഡലുകളില്‍ നിന്ന് വിവരം ചോര്‍ത്തല്‍ എന്നീ ഏഴ് വിഭാഗങ്ങളിലായുള്ള ദുരുപയോഗങ്ങള്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
സാധാരണ ഗതിയിലുള്ള ദുരുപയോഗ രീതികളല്ല പകരം ഏറ്റവും നൂതനമാത തരത്തിലുള്ളതും ഭീഷണി ഉയര്‍ത്തുന്നതുമായ ദുരുപയോഗങ്ങളുടെ ഉദാഹരണങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. തങ്ങളുടെ സേവനങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നതിനെക്കുറിച്ച് വെളിപ്പെടുത്തേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണെന്ന് വിശ്വസിക്കുന്നതിനാലാണ് ഞങ്ങള്‍ ഈ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതെന്നും ആന്ത്രോപിക് വ്യക്തമാക്കിയിരുന്നു.
അതേസമയം, എ.ഐയുടെ തലതൊട്ടപ്പനെന്നറിയപ്പെടുന്ന ജോഫ്രെ ഹിന്‍ഡന്‍ ആ സാങ്കേതിക വിദ്യയുടെ അപകട സാധ്യതകളെക്കുറിച്ച് അടുത്തിടെ ഒരു അഭിമുഖത്തില്‍ നടത്തിയ പരാമര്‍ശങ്ങള്‍ പുതിയ ആശങ്കകള്‍ക്ക് കാരണമായിരുന്നു. എ.ഐ. മനുഷ്യരാശിയെ ഇല്ലാതാക്കാന്‍ 10 ശതമാനം സാധ്യതയുണ്ട് എന്ന് പറഞ്ഞാല്‍ അത് അന്യായമായ ഒരു കണക്കായിരിക്കില്ലെന്ന് ഹിന്റണ്‍ ബി.ബി.സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
ഒരു പതിറ്റാണ്ടിനുള്ളില്‍ എ.ഐക്ക് മനുഷ്യരാശിയെ മുഴുവന്‍ ഇല്ലാതാക്കാന്‍ കഴിയുമോ എന്ന് ചോദിച്ചപ്പോള്‍, ആ സാധ്യത കണക്കാക്കാന്‍ വിശ്വസനീയമായ മാര്‍ഗമൊന്നുമില്ലെന്ന് വീഡിയോയില്‍ ഹിന്റണ്‍ പറഞ്ഞിരുന്നു. നമ്മളെക്കാള്‍ ബുദ്ധിമാന്മാരായേക്കാവുന്ന ജീവികളെ മനുഷ്യര്‍ ഇതുവരെ സൃഷ്ടിച്ചിട്ടില്ലാത്തതിനാലാണ് ആ സാഹചര്യം എങ്ങനെയാണെന്ന് കണക്കാക്കാന്‍ സാധിക്കാത്തതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
എ.ഐ മനുഷ്യരാശിയെ തകര്‍ക്കാന്‍ 10 ശതമാനം സാധ്യതയുണ്ടെന്ന് താന്‍ പറഞ്ഞെങ്കിലും അത്തരമൊരു അനുമാനം എങ്ങനെ കൃത്യമായി നടത്താമെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം പറയുന്നു.
എ.ഐ കൂടുതലായി വികസിച്ചാല്‍ അതിന് വലിയ നാശനഷ്ടം വരുത്തുന്നതിന് ഭൗതികമായ സാന്നിദ്ധ്യം ആവശ്യമില്ലെന്നും ഹിന്റണ്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
മനുഷ്യരുമായുള്ള ഇടപെടലുകളിലൂടെ അരാജകത്വം സൃഷ്ടിക്കാനും, ജൈവ-കമ്പ്യൂട്ടര്‍ വൈറസുകള്‍ രൂപകല്‍പ്പന ചെയ്യാനും എ.ഐക്ക് സാധിച്ചേക്കാം. വിനാശകരമായ സൈബര്‍ ആക്രമണങ്ങള്‍ നടത്താനും എ.ഐക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എ.ഐക്ക് നമ്മളെ ഇല്ലാതാക്കണമെന്ന് തോന്നിയാല്‍ അങ്ങനെ ചെയ്യാന്‍ ധാരാളം മറ്റ് വഴികളുമുണ്ട്. എന്നാല്‍ അതിനി അത്തരമൊരു ആഗ്രഹം തോന്നാത്ത രീതിയില്‍ എങ്ങനെ രൂപകല്‍പന ചെയ്യാമെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും ഹിന്റണ്‍ പറഞ്ഞിരുന്നു.
Content Highlight: Anthropic CEO urges AI companies to slow model development amid fears over misuse