| Friday, 16th October 2026, 3:55 pm

ലോഡ് കണക്കിന് വില്ലന്മാരുണ്ടായിട്ടും വര്‍മന്റെ പകുതി ഇംപാക്ട് പോലും ആരും ഉണ്ടാക്കിയില്ല; റേഞ്ച് എന്താണെന്ന് 'മനസിലായോ'

അമര്‍നാഥ് എം.

തിയേറ്ററുകളെ പൂരപ്പറമ്പാക്കി മാറ്റിയിരിക്കുകയാണ് ജയിലര്‍ 2. മൂന്ന് വര്‍ഷം മുമ്പ് എവിടെ നിര്‍ത്തിയോ അതേ പോയിന്റില്‍ നിന്ന് ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യന്‍ തന്റെ വേട്ട ആരംഭിച്ചപ്പോള്‍ ആരാധകര്‍ക്ക് ലഭിച്ചത് ലൈഫ്‌ടൈം തിയേറ്റര്‍ എക്‌സ്പീരിയന്‍സാണ്. ആദ്യഭാഗത്തിനൊപ്പം നില്‍ക്കുന്ന സീക്വലാണ് നെല്‍സണ്‍ ഇത്തവണ ഒരുക്കിവെച്ചത്.

ഇന്ത്യന്‍ സിനിമയിലെ പല വമ്പന്‍ താരങ്ങളെയും നെല്‍സണ്‍ കൃത്യമായി അണിനിരത്തിയെന്ന് പറയാനാകും. വര്‍മന് മുകളിലുള്ളവരെ തേടിപ്പിടിച്ച് വേട്ടയാടുക എന്നതാണ് ഇത്തവണ ടൈഗറിന്റെ ലക്ഷ്യം. മാസും കോമഡിയുമൊക്കെയായി കിടിലന്‍ ട്രീറ്റ് തന്നെയാണ് ജയിലര്‍ 2. എസ്.ജെ. സൂര്യ, സുരാജ് വെഞ്ഞാറമൂട്, കോട്ടയം നസീര്‍, മിഥുന്‍ ചക്രവര്‍ത്തി, ഹക്കിം ഷാ തുടങ്ങി വില്ലന്മാരുടെ നീണ്ട നിരയാണ് ഇത്തവണ മുത്തുവേല്‍ പാണ്ഡ്യനെതിരെ നില്‍ക്കുന്നത്.

ആദ്യഭാഗത്തില്‍ നായകന്‍ എത്രത്തോളം ശക്തനാണെന്നും എത്ര വലിയ വില്ലന്‍ വന്നാലും ഒന്നും ചെയ്യാനാകില്ലെന്നും നെല്‍സണ്‍ പറഞ്ഞുവെച്ചതിനാല്‍ ഇത്തവണ രജിനിയുടെ ഹീറോയിസത്തിന്റെ സീനുകള്‍ കുറച്ചുകൂടി വലിയ ഡോസിലാണ് അവതരിപ്പിച്ചത്. എന്നാല്‍ എതിരെ നില്‍ക്കുന്ന വില്ലന്മാര്‍ അതിനൊത്ത് ശക്തരാകാത്തത് ചെറിയ രീതിയില്‍ കല്ലുകടിയായി.

സിനിമയിലുടനീളം മിസ് ചെയ്തത് വര്‍മനെപ്പോലെ ഒരു വില്ലനെയായിരുന്നു. ലോഡ് കണക്കിന് വില്ലന്മാരുണ്ടായിട്ടും വര്‍മന്‍ ഉണ്ടാക്കിയതിന്റെ പകുതി ഇംപാക്ട് പോലും ആരും ഉണ്ടാക്കിയില്ല. വിനായകന്റെ റേഞ്ച് എന്താണെന്ന് തെളിയിച്ചു തന്ന കഥാപാത്രമായിരുന്നു വര്‍മന്‍. സമീപകാലത്ത് രജിനിക്കെതിരെ നിന്ന ഏറ്റവും ശക്തനായ വില്ലന്മാരിലൊരാളെന്ന് വര്‍മനെ വിശേഷിപ്പിക്കാം.

ചിരിച്ചുകൊണ്ട് ഭീഷണിപ്പെടുത്തുന്ന, പക്കാ ഡെവിളിഷ് വില്ലനായി വിനായകന്‍ അഴിഞ്ഞാടുകയായിരുന്നു. സാക്ഷാല് രജിനിയോട് നേര്‍ക്ക് നേരെ നിന്ന് അദ്ദേഹത്തെ ഭീഷണിപ്പെടുത്തി അയാളുടെ മുന്നില്‍ ഡാന്‍സ് കളിക്കുന്ന ഒരു വില്ലനെ തമിഴ് സിനിമ മുമ്പ് കണ്ടിട്ടില്ല. ഇത്തവണ മിസ്സായത് അത്തരമൊരു വെറൈറ്റി വില്ലനെയായിരുന്നു. സുരാജ് അവതരിപ്പിച്ച ദിലീപ് കുറച്ചെങ്കിലും ആ വിടവ് നികത്തി.

രണ്ടാം പകുതിയില്‍ എസ്.ജെ സൂര്യയും ഗ്യാങ്ങും കടന്നുവന്നതോടെ ദിലീപിനും പ്രാധാന്യമില്ലാതായി. സെക്കന്‍ഡ് ഹാഫിലെ പല സീനുകളും രജിനിയുടെ ഹീറോയിസത്തില്‍ മാത്രം ഒതുങ്ങിപ്പോവുകയും ചെയ്തപ്പോള്‍ വര്‍മനെപ്പോലെ ഒരു ടെറര്‍ വില്ലനെ വല്ലാതെ മിസ് ചെയ്തു. വിനായകന്റെ കരിയര്‍ ബെസ്റ്റ് റോളാണ് വര്‍മന്‍ എന്നൊന്നും പറയുന്നില്ല.

എന്നാല്‍ കണ്ടുശീലിച്ച ടിപ്പിക്കല്‍ വില്ലന്‍ റോളുകളില്‍ നിന്ന് മാറി കുറച്ച് വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് നെല്‍സണ്‍ തലൈവരുടെ വില്ലനായി അവതരിപ്പിച്ചത്. തന്റേതായ ശൈലിയില്‍ വിനായകന്‍ അതിന് ജീവന്‍ നല്‍കിയപ്പോള്‍ തമിഴ് സിനിമയിലെ കള്‍ട്ട് റോളുകളിലൊന്നായി വര്‍മന്‍ മാറി. വര്‍മന് മേലെ നില്‍ക്കുന്ന ഒരു വില്ലനെ സൃഷ്ടിക്കാന്‍ നെല്‍സണ് പോലും ഇനി സാധിക്കുമോ എന്ന് സംശയമാണ്.

Content Highlight: Antagonists in Jailer 2 not up to Vinayakan’s character in first part

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more