ആദ്യ രണ്ട് ഭാഗങ്ങളുടെ വന്‍ വിജയത്തിന് ശേഷം റിലീസ് ചെയ്ത ‘ദൃശ്യം 3’ ഒ.ടി.ടി പ്ലാറ്റ്ഫോമില്‍ എത്തിയതോടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ കൊഴുക്കുകയാണ്. റിലീസിന് പിന്നാലെ ചിത്രത്തിലെ പല രംഗങ്ങളുടെ ലോജിക്കിലായ്മയും മൂവി ഗ്രൂപ്പുകളില്‍ ചര്‍ച്ചയാകുന്നുണ്ട്.
എന്നാല്‍, സിനിമയിലെ പല സീനുകളേയും ട്രോളുന്നവര്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തെ അനുകൂലിക്കുന്ന ഒരു വിഭാഗം. സിനിമയിലെ പല സീനുകള്‍ക്കും ‘ലോജിക്കല്‍ പിഴവുകള്‍’ ഉണ്ടായി എന്ന് പറയുന്നവര്‍ക്കുള്ള മറുപടിയായാണ് ഇക്കൂട്ടര്‍ എത്തിയിരിക്കുന്നത്.
സഹദേവന്റെ കണ്ണിലെ മേക്കപ്പ് കൂടിപ്പോയെന്ന കാര്യത്തില്‍ തങ്ങള്‍ക്കും തര്‍ക്കമില്ലെന്നും എന്നാല്‍ സിനിമയില്‍ ട്രോള്‍ ചെയ്യപ്പെടുന്ന മറ്റു പല രംഗങ്ങള്‍ക്കും സംവിധായകന് കൃത്യമായ വിശദീകരണമുണ്ടെന്നുമാണ് ഇവരുടെ വാദം.
1 സഹദേവന്റെ ‘ചെങ്കണ്ണ്’ ലുക്ക്
ചിത്രത്തില്‍ ഏറ്റവും കൂടുതല്‍ ട്രോള്‍ ചെയ്യപ്പെട്ടത് കലാഭവന്‍ ഷാജോണ്‍ അവതരിപ്പിച്ച സഹദേവന്റെ ലുക്ക് ആണ്. ഫുള്‍ ടൈം മദ്യപാനവും, കടുത്ത മാനസിക സമ്മര്‍ദവും, ഉറക്കമില്ലായ്മയും കാരണം തകര്‍ന്ന ഒരാളാണ് സഹദേവന്‍ എന്ന് കാണിക്കാനാണ് ഈ മേക്കപ്പ് ഉപയോഗിച്ചത്. എന്നാല്‍ മേക്കപ്പ് അല്‍പം കൂടിപ്പോയത് കൊണ്ട് ഇതിനെ ട്രോള്‍ ചെയ്യുന്നത് ഒരു പരിധി വരെ ന്യായമാണെന്ന് ഇവര്‍ സമ്മതിക്കുന്നു.
2 ജോര്‍ജുകുട്ടിയുടെ മുന്നിലെ സഹദേവന്റെ ‘കണ്‍ഫെഷന്‍’
ജോര്‍ജുകുട്ടിയുടെ മുന്നില്‍ സഹദേവന്‍ ഭയന്നുവിറച്ച് സംസാരിക്കുന്ന സീനും വലിയ രീതിയില്‍ ട്രോള്‍ ചെയ്യപ്പെടുന്നുണ്ട്. എന്നാല്‍ മുന്‍ഭാഗങ്ങളില്‍ പൊലീസിന്റെ തല്ലും തെറിയും വാങ്ങിയിട്ടും തിരിച്ച് ഒരു വാക്ക് പോലും മിണ്ടാത്ത ശാന്തനായ ജോര്‍ജുകുട്ടിയെ മാത്രമേ സഹദേവന് അറിയൂ. എന്നാല്‍ മൂന്നാം ഭാഗത്തില്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഭാവമാറ്റത്തോടെ, ‘അന്യന്‍’ സിനിമയിലെ കഥാപാത്രത്തെപ്പോലെ പെരുമാറുന്ന ജോര്‍ജുകുട്ടിയെ കാണുമ്പോള്‍ ഏതൊരു സാധാരണക്കാരനെയും പോലെ ജീവന്‍ രക്ഷിക്കാന്‍ സഹദേവന്‍ ഭയപ്പെടുന്നതില്‍ യാതൊരു തെറ്റുമില്ലെന്ന് ഇവര്‍ പറയുന്നു.
3 വീഡിയോ റെക്കോര്‍ഡിങ്ങും ഡിജിറ്റല്‍ തെളിവും
ക്രൈം നടക്കുന്നതിന് മുന്‍പ് ജോര്‍ജുകുട്ടി പറമ്പില്‍ എന്തോ കുഴിച്ചിടുന്ന വീഡിയോ സഹദേവന്‍ മൊബൈലില്‍ പകര്‍ത്തുന്നത് മറ്റൊരു വലിയ ട്രോളാണ്. ഫോറന്‍സിക് പരിശോധനയില്‍ വീഡിയോ എടുത്ത തീയതി പുറത്തുവരില്ലേ എന്നാണ് ചോദ്യം. എന്നാല്‍, സഹദേവന്‍ ഒരിക്കലും സ്വന്തം ഫോണില്‍ നിന്നുള്ള ഒറിജിനല്‍ വീഡിയോ പൊലീസിന് നേരിട്ട് നല്‍കില്ല. ഈ വീഡിയോ മറ്റൊരു സ്‌ക്രീനില്‍ പ്രൊജക്റ്റ് ചെയ്ത് റീഷോട്ട് ചെയ്യാനോ, അല്ലെങ്കില്‍ പെന്‍ഡ്രൈവിലേക്ക് മാറ്റി ‘അജ്ഞാതന്‍ അയച്ചുതന്നത്’ എന്ന് വരുത്തിത്തീര്‍ക്കാനോ ആയിരിക്കാം പ്ലാന്‍. ഒറിജിനല്‍ സോഴ്‌സ് മറച്ചുവെക്കാനുള്ള ഇത്തരം പ്ലാനുകള്‍ ക്രിമിനല്‍ കേസുകളില്‍ സാധാരണമാണ്.
4 അഞ്ജുവിനെ ജോര്‍ജുകുട്ടി ക്രൂരമായി അടിച്ച് പരിക്കേല്‍പ്പിക്കുന്ന രംഗം
കേസില്‍ നിന്ന് രക്ഷപ്പെടാന്‍ സ്വന്തം മകളെപ്പോലും അടിച്ചു പരിക്കേല്‍പ്പിക്കുന്ന ക്രൂരതയിലേക്ക് ജോര്‍ജുകുട്ടി മാറി എന്ന ഭ്രാന്തമായ അവസ്ഥ പ്രേക്ഷകര്‍ക്ക് മനസ്സിലാക്കാന്‍ വേണ്ടിയാണ് ആ സീന്‍ ഒരുക്കിയിരിക്കുന്നത്. മാത്രമല്ല, കോടതിയിലും പൊലീസിന് മുന്നിലും മുറിവുകള്‍ വ്യാജമല്ലെന്ന് തെളിയിക്കാനും ‘വൂണ്ട് സര്‍ട്ടിഫിക്കറ്റ്’ കൃത്യമായി ലഭിക്കാനും ഇത്തരം ഗുരുതരമായ പരിക്കുകള്‍ അനിവാര്യമായിരുന്നു. എങ്കില്‍ മാത്രമേ അഞ്ജുവിനെ അവിടെ സേഫ് ആക്കാന്‍ സാധിക്കുമായിരുന്നുള്ളൂ.
5 പ്രഭാകറിന്റെ ‘മണ്ടന്‍’ പ്ലാനുകള്‍
പ്രഭാകര്‍ ഒരു അതിബുദ്ധിമാനോ ബോണ്‍ ക്രിമിനലോ അല്ല. സ്വന്തം മകനെ നഷ്ടപ്പെടുകയും ഭാര്യയുടെ മാനസികനില തകരുകയും ചെയ്ത ഒരു സാധാരണക്കാരന്റെ പ്രതികാര ചിന്തകള്‍ മാത്രമാണ് അയാളെ നയിക്കുന്നത്. അതുകൊണ്ട് തന്നെ അയാളുടെ പ്ലാനുകളില്‍ ഒട്ടും പ്രൊഫഷണല്‍ അല്ലാത്ത സില്ലി ബ്ലണ്ടറുകള്‍ ഉണ്ടാകുന്നത് സ്വാഭാവികം. ജോര്‍ജുകുട്ടിയുടെ മേല്‍ കടുത്ത മാനസിക സമ്മര്‍ദം ചെലുത്താനും, അഞ്ജുവിന്റെ മാനസികാവസ്ഥയ്ക്ക് പ്രശ്‌നമുണ്ടെന്നും മുന്‍പ് വിവാഹങ്ങള്‍ മുടങ്ങാന്‍ ഇത് കാരണമായി എന്ന് കോടതിയില്‍ സ്ഥാപിക്കാനുമാണ് അയാള്‍ ശ്രമിക്കുന്നത്. ഇതിന് വലിയ ലോജിക്കിന്റെ ആവശ്യമില്ല.
6 അവിരയുടെ ഒളിച്ചോട്ടവും ടുണീഷ്യന്‍ കണക്ഷനും
ദുബായിലെ ജയില്‍ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ പ്രഭാകറിന്റെ സഹായത്തോടെ അവിര തന്റെ മരണം വ്യാജമായി സൃഷ്ടിച്ച് ടുണീഷ്യയിലേക്ക് കടക്കുന്നതിനെപ്പറ്റിയും സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. തകര്‍ന്ന ബിസിനസില്‍ നിന്നും കരകയറ്റിയതിന്റെ പേരില്‍ ഒരാള്‍ സ്വന്തം ജീവിതം തന്നെ ഹോമിക്കുമോ എന്നതായിരുന്നു ചോദ്യം.
ദുബായിലെ കേസില്‍ നിന്ന് അവിര പൂര്‍ണമായി രക്ഷപ്പെട്ടിട്ടുണ്ടാവില്ല. അവിര മരണപ്പെട്ടെന്ന് വരുത്തിത്തീര്‍ത്ത ശേഷം ഡെത്ത് സര്‍ട്ടിഫിക്കറ്റ് അവിടെ കൊടുക്കേണ്ട സാഹചര്യം ഉണ്ടായിരിക്കാം. ദുബായ് ജയിലില്‍ കിടക്കുന്നതിനേക്കാള്‍ ഭേദം ഐഡന്റിറ്റി മാറി മറ്റൊരു രാജ്യത്ത് കഴിയുന്നതാണ്. ഭാവിയില്‍ മാതാപിതാക്കളെയും അങ്ങോട്ടേക്ക് മാറ്റാന്‍ പ്രഭാകര്‍ പ്ലാന്‍ ചെയ്തിട്ടുണ്ടാകാം. സിനിമയില്‍ ഇത് ചെറുതായി ഒന്ന് പറഞ്ഞുപോയിരുന്നെങ്കില്‍ അല്പം കൂടി വ്യക്തമാകുമായിരുന്നു.
7. ‘ബക്കറ്റ് സ്റ്റാര്‍’
തുടക്കത്തില്‍ വലിയ ഹൈപ്പ് നല്‍കുകയും പിന്നീട് ഒരു ബക്കറ്റും പിടിച്ച് അപ്രത്യക്ഷമാവുകയും ചെയ്ത സഹദേവന്റെ മകളെ ‘ബക്കറ്റ് സ്റ്റാര്‍സ്’ എന്ന് ട്രോളന്മാര്‍ വിളിക്കുന്നുണ്ട്. സഹദേവന് വേണ്ടി വിവരങ്ങള്‍ ശേഖരിക്കുക എന്നതായിരുന്നു ഇവരുടെ റോള്‍. രണ്ടാം പകുതിയില്‍ പ്രഭാകറും പിന്നീട് തോമസ് ബാസ്റ്റിനും ലീഡ് വില്ലന്മാരായി വരുമ്പോള്‍ സ്വാഭാവികമായും ഇവര്‍ക്ക് സ്‌ക്രീന്‍ സ്‌പേസ് കുറയും. ഈ കഥാപാത്രങ്ങള്‍ക്ക് കൃത്യമായ ഒരു അവസാനം നല്‍കാത്തത് ‘ദൃശ്യം 4’ ലേക്ക് ഉള്ള ഒരു ലീഡ് ആയിരിക്കാം.
എപ്പോഴും അജയ്യനായ ഒരു നായകനല്ല ജോര്‍ജുകുട്ടി എന്നും, അയാള്‍ ഇപ്പോള്‍ കടുത്ത മെന്റല്‍ ബ്രേക്ക്ഡൗണ്‍ സ്റ്റേജിലൂടെയാണ് കടന്നുപോകുന്നത് എന്നും പ്രേക്ഷകര്‍ക്ക് മനസ്സിലാക്കാന്‍ കഥാഗതിയില്‍ മുകളില്‍ പറഞ്ഞിരിക്കുന്ന ഒരോ രംഗങ്ങളും ആവശ്യമായിരുന്നെന്നും ഇവര്‍ പറയുന്നു.
Content Highlight: Answers to the 7 Most Trolled Scenes in ‘Drishyam 3’