| Sunday, 7th June 2026, 3:17 pm

എക്സ്പീരിയൻസ് കൊണ്ട് എന്നെക്കാളും സീനിയർ ആണ് എസ്തർ; സ്ക്രിപ്റ്റ് വായിച്ച നാല് പേരിൽ ഒന്ന് ഞാൻ: അൻസിബ

നന്ദന എം.സി

മലയാള സിനിമയിലെ എക്കാലത്തെയും വലിയ വിജയചിത്രങ്ങളിലൊന്നായ ദൃശ്യം അൻസിബ ഹസന്റെ കരിയറിലും നിർണായക വഴിത്തിരിവായിരുന്നു. ചിത്രത്തിലെ അഞ്ജു ജോർജ് എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ അൻസിബ, സിനിമയുടെ ചിത്രീകരണകാലത്തെ അനുഭവങ്ങളും സ്ക്രിപ്റ്റ് ലഭിച്ചപ്പോഴുണ്ടായ ആവേശവും ഇപ്പോൾ പങ്കുവെച്ചിരിക്കുകയാണ്.

അൻസിബ, Photo: X.com

ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചപ്പോൾ തന്നെ കഥാപാത്രത്തിന്റെ പ്രാധാന്യം സംവിധായകൻ വ്യക്തമാക്കിയിരുന്നുവെന്ന് അൻസിബ പറയുന്നു. സിനിമയുടെ അടിസ്ഥാന കഥ ആദ്യം വിശദീകരിച്ച ശേഷം മുഴുവൻ സ്ക്രിപ്റ്റും കൈമാറിയെന്നും താരം ഓർക്കുന്നു.

‘എന്റെ കരിയറിൽ ആദ്യമായിട്ടാണ് ഒരു സിനിമയുടെ പൂർണ സ്ക്രിപ്റ്റ് കൈയിൽ കിട്ടുന്നത്. വലിയൊരു പുസ്തകത്തിന്റെ രൂപത്തിൽ സ്പൈറൽ ബൈൻഡ് ചെയ്ത സ്ക്രിപ്റ്റായിരുന്നു അത്.

ലൊക്കേഷനിൽ ആകെ നാല് ആർട്ടിസ്റ്റുകൾക്കാണ് സ്ക്രിപ്റ്റ് നൽകിയിട്ടുള്ളത്, അതിൽ ഒരാളാണ് ഞാൻ എന്ന് ജീത്തു സാർ പറഞ്ഞിരുന്നു. അപ്പോൾ തന്നെ ഈ കഥാപാത്രത്തിന് എത്രമാത്രം പ്രാധാന്യമുണ്ടെന്ന് മനസിലായി,’ അൻസിബ പറഞ്ഞു.

സ്ക്രിപ്റ്റ് കിട്ടിയ ദിവസം തന്നെ ഒറ്റയിരുപ്പിൽ മുഴുവൻ വായിച്ചുതീർത്തുവെന്നും കഥയും കഥാപാത്രവും ആഴത്തിൽ മനസിലാക്കാൻ അതിലൂടെ സാധിച്ചുവെന്നും താരം വ്യക്തമാക്കി.

ദൃശ്യം , Photo: YouTube/ Screengrab

സിനിമയുടെ കഥാതന്തുവും കഥാപാത്രത്തിന്റെ വികാരതലങ്ങളും പഠിച്ചശേഷമാണ് ചിത്രീകരണത്തിലേക്ക് എത്തിയതെന്നും അൻസിബ കൂട്ടിച്ചേർത്തു.

അതേസമയം, ചിത്രത്തിന്റെ സെറ്റിൽ ആദ്യ ദിവസങ്ങളിൽ തനിക്ക് വലിയ ഭയമുണ്ടായിരുന്നുവെന്നും അൻസിബ തുറന്ന് പറഞ്ഞു. നിരവധി പരിചയസമ്പന്നരായ അഭിനേതാക്കൾക്കൊപ്പം അഭിനയിക്കേണ്ടി വന്നത് സമ്മർദമുണ്ടാക്കിയിരുന്നു.

‘അവിടെ ഒരു ആക്ടിങ് സ്കൂൾ പോലെയായിരുന്നു. എന്നേക്കാൾ ഏറെ അനുഭവമുള്ള കലാകാരന്മാരാണ് എല്ലാവരും. എസ്തർ അനിൽ പോലും എന്നേക്കാൾ കൂടുതൽ സിനിമകൾ ചെയ്തിട്ടുണ്ട്. എക്സ്പീരിയൻസ് കൊണ്ട് എസ്തർ എന്നേക്കാൾ സീനിയറാണ്,’ എന്നാണ് അൻസിബയുടെ വാക്കുകൾ.

ദൃശ്യം , Photo: YouTube/ Screengrab

സെറ്റിലെ പ്രവർത്തനരീതിയും വളരെ കൃത്യതയോടെയായിരുന്നുവെന്ന് താരം ഓർക്കുന്നു. ഓരോ രംഗത്തിനും മുമ്പ് റിഹേഴ്സൽ നടത്തുകയും പിന്നീട് അധികം ട്ടേക്കുകൾ എടുക്കാതെ സിംഗിൾ ടേക്കിൽ തന്നെ ഷോട്ടുകൾ പൂർത്തിയാക്കുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ ഓരോ അഭിനേതാവും നന്നായി തയ്യാറായിരിക്കേണ്ട സാഹചര്യമായിരുന്നുവെന്നും അൻസിബ പറഞ്ഞു.

Content Highlight: Ansiba shares her experience shooting for the movie Drishyam

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more