| Thursday, 3rd September 2026, 3:59 pm

ലക്ഷ്മിപ്രിയ അധിക്ഷേപിച്ചുവെന്ന അന്‍സിബയുടെ പരാതി ഗൗരവമുള്ളത്: ഹൈക്കോടതി

നിഷാന. വി.വി

തിരുവനന്തപുരം: ലക്ഷ്മിപ്രിയ അധിക്ഷേപിച്ചുവെന്നുള്ള അന്‍സിബ ഹസന്റെ പരാതി ഗൗരവമുള്ളതെന്ന് ഹൈക്കോടതി. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കേണ്ടതുണ്ടെന്നും ഹൈക്കോടതി പറഞ്ഞു.

അന്‍സിബയുടെ ഹരജിയില്‍ തിങ്കളാഴ്ച വിധി പറയും. സ്ത്രീത്വത്തെ അപമാനിച്ചുവെന്നതായിരുന്നു അന്‍സിബ നല്‍കിയ പരാതി.ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ലക്ഷ്മിപ്രിയ ഇത്തരത്തില്‍ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയതെന്ന് അന്‍സിബ പറയുന്നു.

എന്നാല്‍ അന്‍സിബയുടെ പരാതി എറണാകുളം മജിസ്‌ട്രേറ്റ് കോടതി തള്ളുകയായിരുന്നു. പിന്നാലെയാണ് ഹൈക്കോടതിയെ സമീപിച്ചത്.അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാന്‍ മാത്രമുള്ള വകുപ്പുകളില്ലെന്നും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്നുമായിരുന്നു മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദേശം.

താരസംഘടനയായ അമ്മയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കിടെയായിരുന്നു ഇത്തരത്തിലുള്ള സംഭവം. അന്‍സിബയും ലക്ഷ്മി പ്രിയയും തമ്മില്‍ തര്‍ക്കം രൂക്ഷമായ സാഹചര്യത്തിലാണ് ലക്ഷ്മി പ്രിയ യുട്യൂബ് ചാനലിന് അഭിമുഖം നല്‍കിയതും അന്‍സിബയെ കുറിച്ച് പരാതിക്ക് കാരണമായ രീതിയില്‍ സംസാരിച്ചതും.

ലക്ഷ്മി പ്രിയ നേരത്തെ തൃപ്പൂണിത്തുറ വനിതാ പോലീസില്‍ അന്‍സിബക്കെതിരെ പരാതി നല്‍കിയിരുന്നു. ശേഷം സ്റ്റേഷനില്‍ വിളിപ്പിച്ച് മൂന്ന് മണിക്കൂര്‍ മാനസികമായി പീഡിപ്പിച്ചു എന്ന് അന്‍സിബ ആരോപിച്ചിരുന്നു. നടന്‍ ടിനിടോമിനെതിരെയും അന്‍സിബ പരാതി നല്‍കിയിരുന്നു. മതപരമായി അധിക്ഷേപിച്ചുവെന്ന് കാണിച്ചാണ് പരാതി.

Content Highlight: Ansiba’s complaint that Lakshmipriya insulted her is serious: High Court

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more