| Tuesday, 19th May 2026, 7:30 pm

'ദൃശ്യത്തിന്റെ സ്ക്രിപ്റ്റ് തന്നത് എനിക്കും ലാലേട്ടനും മാത്രം': അൻസിബ

കെ.എസ് ഷാബിന

മലയാള സിനിമാ ചരിത്രത്തെ ‘ദൃശ്യം’ എന്ന ഒറ്റച്ചിത്രം കൊണ്ട് തിരുത്തിക്കുറിച്ച സംവിധായകനാണ് ജീത്തു ജോസഫ്. റിലീസ് ചെയ്ത് വർഷങ്ങൾ കഴിഞ്ഞിട്ടും ആഗോള തലത്തിൽ ഇന്നും ചർച്ച ചെയ്യപ്പെടുന്ന ഒരു ദൃശ്യവിസ്മയമായി ഈ ഫ്രാഞ്ചൈസി നിലനിൽക്കുന്നു. ഈ ചിത്രത്തിൽ ജോർജ്ജുകുട്ടിയുടെ മൂത്ത മകളായ ‘അഞ്ജു’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് അൻസിബ ഹസ്സൻ. ദൃശ്യം 3-ന്റെ പ്രൊമോഷന്റെ ഭാഗമായി ക്ലബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ, സിനിമയുടെ തുടക്കകാലത്തെ മറക്കാനാകാത്ത ചില അനുഭവങ്ങൾ പങ്കുവെക്കുകയാണ് താരം ഇപ്പോൾ.

താൻ ചിത്രത്തിലേക്ക് എത്തിയത് വളരെ അവിചാരിതമായാണെന്ന് അൻസിബ ഓർക്കുന്നു. ദൃശ്യം സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കാൻ വെറും രണ്ട് ദിവസം മാത്രം ബാക്കിയുള്ളപ്പോഴാണ് ഓഡിഷനിലൂടെ താരം തെഞ്ഞെടുക്കപ്പെടുന്നത്. സിനിമയുടെ ആദ്യ ഷെഡ്യൂളിൽ, സ്കൂളിൽ വെച്ചുള്ള സീനായിരുന്നു ആദ്യമെടുത്തത്. സിനിമയിലെ ആദ്യ ഷോട്ട് തന്നെ അൻസിബയെ വെച്ചായിരുന്നു ചിത്രീകരിച്ചത് എന്ന പ്രത്യേകതയുമുണ്ട്. അന്ന് സ്കൂളിലെ ഷോട്ടുകൾ മുഴുവൻ എടുത്തു കഴിഞ്ഞപ്പോഴാണ് സംവിധായകൻ ജീത്തു ജോസഫ് അൻസിബയെ ഞെട്ടിച്ചുകൊണ്ട് ആ സർപ്രൈസ് നൽകിയത്.

ദൃശ്യം.Photo:Imdb

സ്കൂൾ സീനുകൾക്ക് ശേഷം ജീത്തു സർ അൻസിബയുടെ അരികിലെത്തി സിനിമയുടെ പൂർണ്ണമായ സ്ക്രിപ്റ്റ് കയ്യിൽ ഏൽപ്പിച്ചു. സ്ക്രിപ്റ്റ് മുഴുവൻ വായിക്കാൻ പറഞ്ഞ ശേഷം അദ്ദേഹം കൂട്ടിച്ചേർത്ത വാക്കുകളാണ് അൻസിബയെ അത്ഭുതപ്പെടുത്തിയത്:

‘ഈ ലൊക്കേഷനിൽ ഫുൾ സ്ക്രിപ്റ്റ് കൊടുത്തിരിക്കുന്ന രണ്ടാൾക്കാരേ ഉള്ളൂ. ഒന്ന് ലാലേട്ടൻ, പിന്നെ നിനക്കും!’, ജീത്തു ജോസഫ് പറഞ്ഞ വാക്കുകൾ അൻസിബ ഓർത്തെടുക്കുന്നു.

ഒരു തുടക്കക്കാരിയായ തനിക്ക് മലയാള സിനിമയിലെ വൻ താരനിര അണിനിരക്കുന്ന ഒരു ചിത്രത്തിൽ ഇത്രയും വലിയൊരു ഉത്തരവാദിത്തവും പ്രാധാന്യവും നൽകിയപ്പോൾ വലിയൊരു പേടിയും ഒപ്പം മറക്കാനാകാത്ത സന്തോഷവും തോന്നി എന്ന് താരം പങ്കുവെക്കുന്നു.

ദൃശ്യം.Photo: Cinema Chat

ദൃശ്യം സിനിമയുടെ കഥയുടെ കാതൽ പരിശോധിച്ചാൽ അൻസിബ അവതരിപ്പിച്ച അഞ്ജു എന്ന കഥാപാത്രമാണ് കഥയെ മുന്നോട്ട് നയിക്കുന്ന പ്രധാന ഘടകം. അഞ്ജുവിന് നേരെ ഉണ്ടാകുന്ന അപ്രതീക്ഷിത പ്രതിസന്ധിയും, അതിനെത്തുടർന്ന് തന്റെ കുടുംബത്തെ രക്ഷിക്കാൻ ജോർജ്ജുകുട്ടി നടത്തുന്ന ബുദ്ധിപരമായ നീക്കങ്ങളുമാണ് സിനിമ. കഥാപാത്രത്തിന്റെ മാനസിക സംഘർഷങ്ങളും ഭയവും ഒട്ടും ചോർന്നുപോകാതെ സ്ക്രീനിൽ എത്തിക്കാൻ അൻസിബയ്ക്ക് സാധിച്ചിരുന്നു. അതുകൊണ്ട് തന്നെയാണ് ആ ലൊക്കേഷനിൽ സംവിധായകൻ അൻസിബയ്ക്ക് കൃത്യമായ സ്ക്രിപ്റ്റ് നൽകി കഥാപാത്രത്തെ പൂർണമായി ഉൾക്കൊള്ളാൻ സഹായിച്ചതും.

അൻസിബയുടെ ഈ വാക്കുകൾ ദൃശ്യം സിനിമയുടെ ആരാധകർക്കിടയിൽ വീണ്ടും പഴയ ഓർമ്മകൾ ഉണർത്തുന്ന ഒന്നായി മാറിയിരിക്കുകയാണ്. പുതിയ ഭാഗത്തിലും അഞ്ജു എന്ന കഥാപാത്രത്തിന്റെ പ്രകടനം കാണാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

Content Highlight: Ansiba hassan talks about Drishyam

കെ.എസ് ഷാബിന

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.

We use cookies to give you the best possible experience. Learn more