| Thursday, 30th April 2026, 7:48 pm

ഷൂട്ട് തുടങ്ങുന്നതിന് ഒരാഴ്ച മുമ്പ് വരെ പി.കെ. റോസിയായി ഞാന്‍ തന്നെയായിരുന്നു, എന്നെ മാറ്റി എന്നറിഞ്ഞപ്പോള്‍ വിഷമമായി: അന്‍സിബ ഹസന്‍

അമര്‍നാഥ് എം.

ഇന്നത്തെ ചിന്താവിഷയം എന്ന ചിത്രത്തില്‍ ബാലതാരമായി സിനിമാലോകത്തേക്ക് കടന്നുവന്ന നടിയാണ് അന്‍സിബ ഹസന്‍. മലയാളത്തിന് പുറമെ തമിഴിലും ഒരുപിടി സിനിമകളുടെ ഭാഗമായ അന്‍സിബ ദൃശ്യം സീരീസിലൂടെയാണ് ശ്രദ്ധ നേടുന്നത്. ജോര്‍ജുകുട്ടിയുടെ മകളായ അഞ്ചു എന്ന കഥാപാത്രം അന്‍സിബക്ക് വലിയ റീച്ചാണ് സമ്മാനിച്ചത്.

അന്‍സിബ ഹസന്‍ Photo: Cue Studio/Sceen Grab

കരിയറില്‍ മിസ്സായിപ്പോയ സിനിമകളെക്കുറിച്ച് സംസാരിക്കുകയാണ് അന്‍സിബ ഹസന്‍. ചില സിനിമകളുടെ ഓഡിഷന് പോയിട്ടുണ്ടായിരുന്നെന്നും സെലക്ടാകുമെന്ന കരുതിയിട്ടും അവസരം ലഭിക്കാതെ പോയെന്നും താരം പറഞ്ഞു. എന്നാല്‍ ഓഡിഷന് സെലക്ടായിട്ടും അഭിനയിക്കാനാകാതെ പോയ സിനിമയായിരുന്നു സെല്ലുലോയ്‌ഡെന്ന് അന്‍സിബ കൂട്ടിച്ചേര്‍ത്തു. ഒറിജിനല്‍സിനോട് സംസാരിക്കുകയായിരുന്നു താരം.

സെല്ലുലോയ്ഡില്‍ പി.കെ. റോസി എന്ന ക്യാരക്ടര്‍ ഞാന്‍ ചെയ്യേണ്ടതായിരുന്നു. ഓഡിഷന് പോയി, ലുക്ക് ടെസ്റ്റും സ്‌ക്രീന്‍ ടെസ്റ്റുമെല്ലാം ചെയ്ത് സെലക്ടായതുമാണ്. ബയോപിക് എന്നതിലുപരി മലയാളത്തിലെ ആദ്യത്തെ നായികയുടെ വേഷം ബിഗ് സ്‌ക്രീനില്‍ അവതരിപ്പിക്കുക എന്നത് എനിക്ക് വലിയ എക്‌സൈറ്റ്‌മെന്റായിരുന്നു. പക്ഷേ, ഷൂട്ട് തുടങ്ങുന്നതിന് ഒരാഴ്ച മുമ്പ് ഒരു റിയാലിറ്റി ഷോയില്‍ ചാന്ദ്‌നിയുടെ പാട്ട് കമല്‍ സാര്‍ കണ്ടു.

ആ കഥാപാത്രത്തിന് ചാന്ദ്‌നി ആപ്റ്റായിരിക്കുമെന്ന് തോന്നി കമല്‍ സാര്‍ ആ കുട്ടിയെ ലുക്ക് ടെസ്‌റ്റൊക്കെ ചെയ്ത് ഓക്കെയായി. ഇത് അവര്‍ എന്നെ വിളിച്ച് പറഞ്ഞു. എനിക്ക് അത് കേട്ടിട്ട് വലിയ വിഷമമായി. ആ സമയത്ത് ഞാന്‍ എല്ലാവരോടും എനിക്ക് ചാന്‍സ് കിട്ടിയെന്നൊക്കെ പറഞ്ഞ് വെച്ചതുമാണ്. പൃഥ്വിരാജിന്റെ കൂടെ അഭിനയിക്കുന്നു എന്ന് ഫ്രണ്ട്‌സിനോട് പറഞ്ഞിട്ട് അത് പോയപ്പോള്‍ ഞാന്‍ ശരിക്കും ഡൗണായി,’ അന്‍സിബ പറഞ്ഞു.

അന്നത്തെ ദിവസം താന്‍ റൂമിനുള്ളില്‍ തന്നെ കഴിഞ്ഞുകൂടിയെന്നും വീട്ടുകാരെ അക്കാര്യം അറിയിച്ചില്ലെന്നും അന്‍സിബ പറയുന്നു. ഷൂട്ടൊക്കെ കഴിഞ്ഞ് സിനിമ റിലീസായ ദിവസം അത് കാണാന്‍ താന്‍ പോകാന്‍ കൂട്ടാക്കിയില്ലെന്നും വീട്ടുകാരെല്ലാം നിര്‍ബന്ധിച്ചതുകൊണ്ട് മാത്രം പോകേണ്ടി വന്നെന്നും താരം കൂട്ടിച്ചേര്‍ത്തു.

‘കോഴിക്കോട് അപ്‌സര തിയേറ്ററിലായിരുന്നു ടിക്കറ്റ് ബുക്ക് ചെയ്തത്. എന്നെ വിളിച്ചപ്പോള്‍ ഞാന്‍ വരുന്നില്ലെന്ന് പറഞ്ഞതായിരുന്നു. വീട്ടുകാരാണെങ്കില്‍ എല്ലാ സിനിമയും ഫസ്റ്റ് ഡേ തന്നെ കാണുന്നവരാണ്. അവര്‍ക്ക് എന്റെ ഇമോഷനെ ഒരു വിലയുമില്ലെന്ന് തോന്നി. സിനിമയിലെ ‘ഏനുണ്ടോടി അമ്പിളി ചന്തം’ എന്ന പാട്ട് കാണുമ്പോഴെല്ലാം ‘ശ്ശെ, ഞാന്‍ ചെയ്യേണ്ട വേഷമായിരുന്നല്ലോ’ എന്നായിരുന്നു എന്റെ ചിന്ത,’ അന്‍സിബ പറയുന്നു.

Content Highlight: Ansiba Hassan saying she was selected for P K Rosy’s character in celluloid movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more