കൊച്ചി: സമൂഹ മാധ്യമങ്ങളില്‍ തന്നെ അപമാനിച്ചെന്ന പരാതിയില്‍ പൊലീസ് നടപടിയെടുക്കാത്തതില്‍ വീണ്ടും പ്രതികരണവുമായി നടി അന്‍സിബ ഹസന്‍. സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിച്ച മറ്റു ചില കേസുകളില്‍ പ്രതികളെ പിടികൂടിയെങ്കിലും തന്റെ പരാതിയില്‍ ഇത്തരം നടപടിയൊന്നുമുണ്ടായിട്ടില്ലെന്ന് അന്‍സിബ ഫേസ്ബുക്ക് പോസ്റ്റില്‍ ഓര്‍മിപ്പിക്കുന്നു.
‘സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിച്ചതിന് പ്രതികളെ പിടികൂടി എന്നറിഞ്ഞു. പ്രിയപ്പെട്ട പാട്ടുകാരന്റെ സുഹൃത്തിന്റെ ഭാര്യയെ അധിക്ഷേപിച്ചതിലും പൊതുപ്രവര്‍ത്തകയെ അധിക്ഷേപിച്ചതിലും നീതി നല്‍കാന്‍ പോലീസുകാര്‍ക്ക് കഴിഞ്ഞു. വളരെ സന്തോഷം. പക്ഷേ ഞാന്‍, എനിക്ക്?,’ അന്‍സിബ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ഭരണഘടനയുടെ 14-ാം അനുച്ഛേദത്തെ നിര്‍വചിക്കുന്ന വാചകവും ഫേസ്ബുക്ക് പോസ്റ്റില്‍ അന്‍സിബ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ‘ആര്‍ട്ടിക്കിള്‍ 14 (നിയമത്തിന് മുമ്പിലുള്ള തുല്യത): ഇന്ത്യയില്‍ നിയമത്തിന് മുന്നില്‍ ഒരു വ്യക്തിയുടെയും തുല്യത ഭരണകൂടം നിഷേധിക്കില്ലെന്ന് ഉറപ്പ് നല്‍കുന്നു. ഇത് പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും തുല്യമായയ നിയമപരമായ സ്ഥാനം ഉറപ്പ് നല്‍കുന്നു,’ എന്നാണ് അന്‍സിബ കുറിച്ചത്.
കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയില്‍ യൂട്യൂബര്‍ രാജന്‍ ജോസഫും, ഗായകന്‍ ഹനാന്‍ ഷായുടെ സുഹൃത്തിന്റെ ഭാര്യയുടെ പരാതിയില്‍ തൊപ്പി ഗാങ്ങിലെ അംഗമായിരുന്ന മുഹമ്മദ് എന്ന മമ്മുവും അറസ്റ്റിലായിരുന്നു. എന്നാല്‍, തന്നെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന അന്‍സിബയുടെ പരാതിയില്‍ പൊലീസ് നടപടിയൊന്നും സ്വീകരിച്ചിരുന്നില്ല.
സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചു എന്ന കേസിലാണ് രാജന്‍ ജോസഫ് അറസ്റ്റിലായത്. ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയില്‍ അടൂര്‍ പൊലീസ് എറണാകുളത്തുനിന്ന് രാജന്‍ ജോസഫിനെ പിടികൂടുകയായിരുന്നു. പരാതിയില്‍ രാജന്‍ ജോസഫിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം പോലീസ് കേസെടുത്തിരുന്നു
തൊപ്പിയും സംഘവും ഒരു ലൈവ് സ്ട്രീമില്‍ യുവതിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയെന്ന പരാതിയിലാണ് മമ്മുവിനെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് സ്വദേശിയാണ് പരാതിക്കാരിയായ യുവതി.
നടി ലക്ഷ്മിപ്രിയക്കും ഒരു യൂട്യൂബ് ചാനലിനുമെതിരെയായിരുന്നു അന്‍സിബ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. എന്നാല്‍ പരാതിയില്‍ കേസെടുക്കാന്‍ വകുപ്പില്ലെന്നായിരുന്നു പൊലീസ് നിലപാട്.
ആഭ്യന്തര മന്ത്രി വിളിച്ച് പറഞ്ഞിട്ടും തന്റെ പരാതിയില്‍ പൊലീസ് കേസെടുക്കുന്നില്ലെന്ന് അന്‍സിബ നേരത്തെ പറഞ്ഞിരുന്നു. കൊച്ചിയില്‍ വാര്‍ത്താ സമ്മേളനം നടത്തവെയാണ് അന്‍സിബ ഈ കാര്യം പറഞ്ഞത്. സംസ്ഥാനത്തിന്റെ ആഭ്യന്തര മന്ത്രി നേരിട്ട് വിളിച്ചുപറഞ്ഞിട്ടും കേസെടുക്കാന്‍ തയാറാകാത്ത പൊലീസ് സ്റ്റേഷനുകളാണോ കേരളത്തിലുള്ളതെന്ന് അന്‍സിബ അന്ന് ചോദിച്ചിരുന്നു.
പിന്നീട് ഈ പരാതി സംബന്ധിച്ച് താന്‍ കൊച്ചി പൊലീസ് കമ്മീഷണറെ വിളിച്ചിരുന്നതായും പരാതിയില്‍ കേസെടുത്തെന്ന് കമ്മീഷണര്‍ പറഞ്ഞുവെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. എന്നാല്‍ തന്റെ പരാതിയില്‍ പൊലീസ് കേസെടുത്തില്ലെന്നും കമ്മീഷണര്‍ മന്ത്രിയെ പറ്റിച്ചതാവുമെന്നുമാണ് മന്ത്രിയുടെ അവകാശവാദത്തോട് അന്‍സിബ പ്രതികരിച്ചത്.
Content Highlight: Ansiba Hassan Response After Arrests of Thoppi Gang Member and Youtuber