മലയാള സിനിമയുടെ ചരിത്രത്തിൽ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറിയ ചിത്രമാണ് ‘ദൃശ്യം’. ജീത്തു ജോസഫിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം മലയാളത്തിൽ മാത്രമല്ല, ഇന്ത്യൻ സിനിമയുടെ തലത്തിൽ തന്നെ വലിയ ചർച്ചയായിരുന്നു.
മോഹൻലാൽ നായകനായ ചിത്രത്തിൽ മീന, എസ്തർ അനിൽ, അൻസിബ ഹസൻ, ആശ ശരത് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ചിത്രത്തിന്റെ വമ്പൻ വിജയത്തിന് പിന്നാലെ നിരവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട ‘ദൃശ്യം’ ഇന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ട ചിത്രമായി തുടരുകയാണ്.
ദൃശ്യം3, Photo: IMDb
ഇപ്പോൾ ‘ദൃശ്യം’ സിനിമയിലേക്ക് താൻ എങ്ങനെ തെരഞ്ഞെടുക്കപ്പെട്ടു എന്ന ഓർമകൾ പങ്കുവെക്കുകയാണ് നടി അൻസിബ ഹസൻ. ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ സിനിമാ ജീവിതത്തിലെ നിർണായക വഴിത്തിരിവായ ആ അനുഭവം തുറന്നുപറഞ്ഞത്.
തമിഴ് സിനിമയുടെ ഒരു പോസ്റ്ററിൽ തന്റെ ചിത്രം കണ്ടതിനെ തുടർന്നാണ് സംവിധായകൻ ജീത്തു ജോസഫ് ‘ദൃശ്യം’ സിനിമയിലേക്ക് വിളിച്ചതെന്ന് അൻസിബ പറയുന്നു. തുടർന്ന് ഓഡിഷനിൽ പങ്കെടുക്കാനായി ചെന്നൈയിൽ നിന്ന് ജീത്തു ജോസഫിന്റെ വീട്ടിലെത്തുകയായിരുന്നു. ഓഡിഷൻ കഴിഞ്ഞ് തിരികെ പോകാൻ ഒരുങ്ങുമ്പോഴാണ് ജീവിതത്തിലെ ഏറ്റവും വലിയ സർപ്രൈസ് ലഭിച്ചതെന്ന് താരം ഓർക്കുന്നു.
‘തിരിച്ചുപോകുന്നതിന് മുമ്പ് ഡ്രസിന്റെ അളവ് കൊടുത്തിട്ട് പോകണമെന്ന് ജീത്തു സാർ പറഞ്ഞു. അത് കേട്ടപ്പോൾ ഞാൻ ശരിക്കും ഞെട്ടി. എന്നെ സിനിമയിലേക്ക് സെലക്ട് ചെയ്തോ എന്ന് അദ്ഭുതത്തോടെ ചോദിച്ചു. അപ്പോൾ അദ്ദേഹം ചിരിച്ചുകൊണ്ട് ‘രണ്ടുദിവസം കഴിഞ്ഞാൽ ഷൂട്ടിങ് തുടങ്ങുകയാണ്’ എന്ന് പറഞ്ഞു,’ എന്നാണ് അൻസിബയുടെ വാക്കുകൾ.
ദൃശ്യം, Photo: IMDb
സിനിമയുടെ ചിത്രീകരണത്തിനായി മാതാപിതാക്കളോടൊപ്പം തൊടുപുഴയിലെ ലൊക്കേഷനിലെത്തിയതായും താരം പറഞ്ഞു. ചിത്രത്തിലെ ആദ്യ ഷോട്ട് തന്നെ തന്റെ കഥാപാത്രത്തെ ഉൾപ്പെടുത്തിയാണ് ചിത്രീകരിച്ചതെന്നും അൻസിബ ഓർക്കുന്നു.
നിർമാതാവ് ആന്റണി പെരുമ്പാവൂരാണ് ആദ്യ രംഗത്തിന് ക്ലാപ്പടിച്ചതെന്നും താരം വ്യക്തമാക്കി. ‘മേ ഐ കം ഇൻ മാം’ എന്ന് ചോദിച്ച് പ്രിൻസിപ്പലിന്റെ മുറിയിലേക്ക് കയറിവരുന്ന രംഗമായിരുന്നു തന്റെ ആദ്യ ഷോട്ടെന്ന് അൻസിബ പറഞ്ഞു.
2013-ലാണ് ‘ദൃശ്യം’ ചിത്രീകരണം ആരംഭിച്ചത്. കഥാപാത്രത്തെക്കുറിച്ച് ലഭിച്ച പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ആദ്യ ദിവസം അഭിനയിച്ചതെന്നും താരം വ്യക്തമാക്കി. ചിത്രീകരണം ആരംഭിച്ച ദിവസം വൈകുന്നേരമാണ് ജീത്തു ജോസഫ് സിനിമയുടെ തിരക്കഥ കൈമാറിയതെന്നും അൻസിബ പറഞ്ഞു.
‘വളരെ കുറച്ച് ആളുകൾക്ക് മാത്രമാണ് തിരക്കഥ വായിക്കാൻ നൽകിയിട്ടുള്ളത്. അടുത്ത ദിവസം വരുമ്പോൾ കഥയും കഥാപാത്രങ്ങളും നന്നായി മനസിലാക്കി വരണം എന്ന് ജീത്തു സാർ പ്രത്യേകം പറഞ്ഞിരുന്നു,’ എന്നാണ് അൻസിബയുടെ വാക്കുകൾ.
Content Highlight: Ansiba Hasan talks about being selected for the film Drishyam