ന്യൂസിലാൻഡിനെതിരെയുള്ള രണ്ടാം ഏകദിനത്തിൽ ഇന്ത്യ തകർപ്പൻ വിജയമാണ് സ്വന്തമാക്കിയിരുന്നത്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഡക്ക് വർത്ത് ലൂയിസ് സ്റ്റേൺ നിയമപ്രകാരം നാല് റൺസിനാണ് ഇന്ത്യയുടെ വിജയം. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ന്യൂസിലാൻഡിനെ ബാറ്റിങ്ങിനിയക്കുകയായിരുന്നു.
മഴമൂലം 47 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 41 ഓവറിൽ 134 ന് ഓൾ ഔട്ട് ആയി. വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയുടെ ഇന്നിങ്സ് 113 റൺസിന് ഏഴ് വിക്കറ്റ് എന്ന നിലയിൽ നിൽക്കെ മഴ വീണ്ടും വില്ലനായി എത്തുകയായിരുന്നു. ഒടുവിൽ ഡക്ക് വർത്ത് ലൂയിസ് കണക്കുകൾ പ്രകാരം വിജയലക്ഷ്യം 26 ഓവറിൽ 110 റൺസാക്കി ചുരുക്കിയതോടെ ഇന്ത്യ വിജയം നേടുകയായിരുന്നു.
ഇന്ത്യൻ ബൗളിങ്ങിൽ നാല് വിക്കറ്റ് നേടി ഗുർണൂർ ബ്രാർ മികച്ച പ്രകടനമാണ് നടത്തിയത്. ഔഖിബ് നബി, അക്സർ പട്ടേൽ, അൻഷുൽ കാംബോജ് എന്നിവർ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. മത്സരത്തിൽ ബൗളിങിനൊപ്പം ഫീൽഡിങ്ങിലും കാംബോജ് കരുത്തുകാട്ടി. മൂന്ന് ക്യാച്ചുകളാണ് താരം കൈപ്പിടിയിലാക്കിയത്. ടിം സൈഫർട്ട്, ഡാറിൽ മിച്ചൽ, ഗ്ലെൻ ഫിലിപ്സ് എന്നിവരെയാണ് താരം ക്യാച്ചിലൂടെ മടക്കിയയച്ചത്.
തോടെ ഒരു അപൂർവനേട്ടവും കാംബോജ് കൈപ്പിടിയിലാക്കി. ഒരു ഏകദിന മത്സരത്തിൽ രണ്ട് വിക്കറ്റുകളും മൂന്ന് ക്യാച്ചുകളും നേടുന്ന മൂന്നാമത്തെ ഇന്ത്യൻ പേസറായാണ് കാംബോജ് മാറിയത്. മനോജ് പ്രഭാകർ, സഹീർ ഖാൻ എന്നിവരാണ് ഇതിനുമുമ്പ് ഈ റെക്കോഡ് കൈവരിച്ച പേസർമാർ.
1994ൽ വെസ്റ്റ് ഇൻഡീസിനെതിരെയായിരുന്നു മനോജിന്റെ നേട്ടം. പിന്നീട് 2011 ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരെ സഹീർ ഖാനും ഈ നേട്ടം ആവർത്തിച്ചു. ഇപ്പോൾ 2011ലെ ഐതിഹാസികമായ ഇന്ത്യയുടെ ലോകകപ്പ് വിജയങ്ങൾ പിറന്ന് 15 വർഷങ്ങൾക്ക് ശേഷം കാംബോജും ഈ അപൂർവ റെക്കോഡ് കൈപ്പിടിയിലാക്കിയിരിക്കുകയാണ്.
ന്യൂസിലാൻഡിനെതിരെയുള്ള ആദ്യ ഏകദിനത്തിലെ പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് സ്വന്തമാക്കിയത് കാംബോജ് ആയിരുന്നു. പത്ത് ഓവറിൽ 22 റൺസ് മാത്രം വിട്ടു കൊടുത്ത് രണ്ട് വിക്കറ്റാണ് അൻഷൂൽ നേടിയത്. 2.2 എന്ന എക്കോണമി ആണ് താരത്തിനെ കളിയിലെ താരമാക്കിയത്.
വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ഏകദിനത്തിൽ ആദ്യമായി ഇന്ത്യയ്ക്ക് വേണ്ടി കളത്തിലിറങ്ങിയ അൻഷൂലിന് തന്റെ അരങ്ങേറ്റം ഓർമിക്കാനാഗ്രഹിക്കുന്ന ഒന്നായിരുന്നില്ല. ന്യൂ ചണ്ഡിഗഡിലെ റണ്ണൊഴുകുന്ന പിച്ചിൽ നടന്ന മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 351 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റ് ഇൻഡീസ് ബൗളർമാരെ നിഷ്കരുണം മർദിച്ചു.
അന്ന് അൻഷൂൽ കാംബോജ് ഒമ്പത് ഓവറിൽ വഴങ്ങിയത് 82 റൺസ് ആയിരുന്നു. പരമ്പരയിൽ പിന്നീട് താരത്തിന് അവസരവും ലഭിച്ചില്ല. എന്നാൽ ന്യൂസിലാൻഡിനെതിരെ താരം ശക്തമായി തിരിച്ചുവരികയായിരുന്നു.
അതേസമയം രണ്ടാം മത്സരവും വിജയിച്ചതോടെ ഇന്ത്യ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ 2-0ത്തിന് മുന്നിലാണ്. നവംബർ 10നാണ് പരമ്പരയിലെ മൂന്നാം മത്സരം നടക്കുന്നത്. ഈ മത്സരം കൂടി വിജയിക്കാനായാൽ ഗില്ലിനും സംഘത്തിനും പരമ്പര സ്വന്തമാക്കാൻ സാധിക്കും. എന്നാൽ സ്വന്തം മണ്ണിൽ പരമ്പര കൈവിടാതിരിക്കാൻ കിവീസിനും വിജയം അനിവാര്യമാണ്.
Content Highlight: Anshul Kamboj create a rare record for India in ODI