മട്ടാഞ്ചേരി: കൊച്ചിയില്‍ വെര്‍ച്വല്‍ അറസ്റ്റിന്റെ പേരില്‍ വീണ്ടും തട്ടിപ്പ്. മട്ടാഞ്ചേരി സ്വദേശിനിയില്‍ നിന്ന് രണ്ട് കോടി 88 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റ് ചെയ്തുവെന്ന് അറിയിച്ചായിരുന്നു തട്ടിപ്പ്.
സംഭവത്തില്‍ മട്ടാഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 56കാരിയായ ഉഷാ കുമാരിയാണ് തട്ടിപ്പിന് ഇരയായത്.
ഇവരുടെ കൈവശമുണ്ടായിരുന്ന പണം അക്കൗണ്ടിലൂടെ ട്രാന്‍സ്ഫര്‍ ചെയ്ത് വാങ്ങുകയായിരുന്നു. സ്വര്‍ണം പണയം വെച്ച പണം ഉള്‍പ്പെടെയാണ് പ്രതികള്‍ തട്ടിയത്. മലയാളികള്‍ ഉള്‍പ്പെട്ട സംഘമാണ് തട്ടിപ്പ് നടത്തിയതെന്നാണ് വിവരം.
നേരത്തെ വ്യാജ ബാങ്ക് അക്കൗണ്ട് തുടങ്ങി നിയമ വിരുദ്ധ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയില്‍ നിന്ന് നാല് കോടിയിലധികം രൂപ തട്ടിയെടുത്തിരുന്നു. വെര്‍ച്വല്‍ അറസ്റ്റിലാണെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിപ്പ്.
കാക്കനാട് എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സ് സ്വദേശിനിയായ വീട്ടമ്മയുടെ 4,11,90,094 കോടി രൂപയാണ് തട്ടിയെടുത്തത്. ഇവരുടെ പേരില്‍ ദല്‍ഹി ഐ.സി.ഐ.സി.ഐ ബാങ്കില്‍ വ്യാജ അക്കൗണ്ട് ഉണ്ടെന്നും അതുവഴി സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നുമായിരുന്നു ഭീഷണി.
ഇതിനുപിന്നാലെ കോട്ടയത്ത് ഒരു ഡോക്ടറെ വെര്‍ച്വല്‍ അറസ്റ്റില്‍ നിന്ന് പൊലീസ് ലൈവായി രക്ഷപ്പെടുത്തിയിരുന്നു. ചങ്ങനാശ്ശേരി സ്വദേശിയായ ഡോക്ടറെ മുബൈ പൊലീസ് എന്ന് പറഞ്ഞാണ് തട്ടിപ്പ് സംഘം സമീപിച്ചത്. ബാങ്കില്‍ നിന്ന് കൂടുതല്‍ തുക ട്രാന്‍സാക്ഷന്‍ നടക്കുന്നതായി ബാങ്കിന്റെ സെക്യൂരിറ്റി വിഭാഗമാണ് പൊലീസിനെ അറിയിച്ചത്.
തുടര്‍ന്ന് പൊലീസ് ഡോക്ടറുടെ സമീപം എത്തുകയായിരുന്നു. സംഘം കോള്‍ ചെയ്യുന്നതിനിടെ റൂമിന് പുറത്തേക്ക് പോകരുതെന്ന് തട്ടിപ്പുകാര്‍ ഡോക്ടറോട് ഹിന്ദിയില്‍ പറയുന്നതായി ഇന്‍സ്‌പെക്ടര്‍ കേള്‍ക്കുകയും, ശേഷം ഉദ്യോഗസ്ഥന്‍ റൂമിലേക്ക് കയറുകയും ഫോണ്‍ പരിശോധിക്കുകയും ചെയ്തതോടെ വെര്‍ച്വല്‍ അറസ്റ്റിന്റെ തെളിവുകള്‍ കണ്ടെത്തുകയായിരുന്നു.
ഇന്‍സ്പെക്ടര്‍ തങ്ങള്‍ കേരള പൊലീസാണെന്ന്പറഞ്ഞ് ചോദ്യം ചെയ്തതോടെ തട്ടിപ്പ് സംഘം കോള്‍ കട്ട് ചെയ്യുകയും ചെയ്തു. ഡോക്ടറില്‍ നിന്ന് അഞ്ച് ലക്ഷം രൂപയാണ് തട്ടിപ്പ് സംഘം കൈക്കലാക്കിയത്. ഇതില്‍ 4,35,000 രൂപ ഫ്രീസ് ചെയ്യപ്പെട്ടിരിന്നു. 65000 രൂപ മാത്രമാണ് നഷ്ടമായത്.
Content Highlight: Another virtual arrest; Rs 2.88 crores extorted from a woman from Mattancherry