| Saturday, 23rd August 2025, 6:51 pm

'ഗര്‍ഭാവസ്ഥയില്‍ വയറില്‍ പോലും ചവിട്ടി' കാസര്‍ഗോട്ട് വീണ്ടും മുത്തലാഖ് ചൊല്ലിയതായി പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മഞ്ചേശ്വരം: കാസര്‍ഗോട്ട് യുവതിയെ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയതായി പരാതി. ദേലംപാടി സ്വദേശിയായ റാഫിദയാണ് പരാതി നല്‍കിയത്. യുവതിയുടെ പരാതിയില്‍ കര്‍ണാടക ഈശ്വരമംഗല സ്വദേശി ഇബ്രാഹിം ബാദുഷക്കെതിരെ പൊലീസ് കേസെടുത്തു.

ഗര്‍ഭിണിയായിരിക്കുമ്പോള്‍ പോലും ഇബ്രാഹിം ബാദുഷ ക്രൂരമായി മര്‍ദിച്ചുവെന്നും വയറില്‍ ചവിട്ടിയെന്നുമാണ് പരാതിയിലെ പ്രധാന ആരോപണം.

കുഞ്ഞിന്റെ പിതൃത്വത്തെ പോലും ചോദ്യം ചെയ്തതായും പരാതിയുണ്ട്. സ്ത്രീധനം കുറഞ്ഞു എന്നുള്‍പ്പെടെ ആരോപിച്ചാണ് മുത്തലാഖ് ചൊല്ലിയതെന്നും നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും യുവതി മാധ്യമങ്ങളോട് പ്രതികരിച്ചു.

മാര്‍ച്ചില്‍ സമാനമായ മറ്റൊരു കേസ് കാസര്‍ഗോട്ട് ഫയല്‍ ചെയ്തിരുന്നു. വാട്സ്ആപ്പിലൂടെ യുവതിയെ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയെന്നായിരുന്നു പരാതി. കല്ലൂരാവി സ്വദേശിയായ 21കാരിയെ നെല്ലിക്കട്ട സ്വദേശി അബ്ദുള്‍ റസാഖാണ് വാട്സ്ആപ്പ് സന്ദേശത്തിലൂടെ മുത്തലാഖ് ചൊല്ലിയത്.

ഫെബ്രുവരി 21നാണ് യുവാവ് വാട്സ്ആപ്പ് വഴി മുത്തലാഖ് സന്ദേശം അയച്ചത്. യു.എ.ഇയില്‍ ജോലി ചെയ്യുന്ന യുവാവ് യുവതിയുടെ പിതാവിന്റെ ഫോണിലേക്ക് സന്ദേശമയക്കുകയായിരുന്നു. നിങ്ങളുടെ മകളെ താന്‍ മുത്തലാഖ് ചൊല്ലിയെന്നും ഇനി നിങ്ങളുടെമകളെ സഹിക്കാന്‍ കഴിയില്ലെന്നുമാണ് യുവാവ് സന്ദേശം അയച്ചത്.

സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവിന്റെ ബന്ധുക്കള്‍ നിരന്തരം ഉപദ്രവിച്ചിരുന്നെന്നും യുവതിയുടെ പരാതിയുണ്ടായിരുന്നു. കൂടാതെ 12 ലക്ഷം രൂപ അബ്ദുല്‍ റസാഖ് തട്ടിയെടുത്തതായി പെണ്‍കുട്ടിയുടെ പിതാവ് ആരോപിച്ചിരുന്നു.

Content Highlight: Another triple talaq complaint in Kasaragod

We use cookies to give you the best possible experience. Learn more