വാഷിങ്ടൺ: അമേരിക്കയിലെ ഉയർന്ന ഇന്റലിജൻസ് ഉദ്യോഗസ്ഥ അമറില്ലിസ് ഫോക്സ് കെന്നഡി പ്രധാനപ്പെട്ട രണ്ട് സ്ഥാനങ്ങളിൽനിന്നും രാജിവെച്ചതായി റിപ്പോർട്ട്.
നാഷണൽ ഇന്റലിജൻസ് ഡയറക്ടർ ഓഫീസിലെയും ഓഫീസ് ഓഫ് മാനേജ്‌മെന്റ് ആൻഡ് ബജറ്റിലെയും ഉന്നത സ്ഥാനങ്ങളാണ് ഇവർ രാജിവെച്ചതെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
ഉയർന്ന പദവികളിൽ നിന്നും രാജിവെച്ചെങ്കിലും പ്രെസിഡൻഷ്യൽ അഡ്വൈസറി ബോർഡിലെ അംഗത്വം നിർലനിർത്തുമെന്ന് അവർ പറഞ്ഞു. അമേരിക്കയുടെ സുരക്ഷാ അജൻസികളിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ രാജികളിൽ ഒടുവിലത്തേതാണ് ഫോക്സ് കെന്നഡിയുടേത്.
ഇറാനെതിരെയുള്ള അമേരിക്കയുടെ ഏകപക്ഷീയ ആക്രമണത്തിൽ ട്രംപുമായി വിയോജിപ്പുണ്ടായതിനെത്തുടർന്ന് നാഷണൽ കൗണ്ടർ ടെററിസം സെന്റർ ഡയറക്ടർ സ്ഥാനത്തുനിന്ന് ജോ കെന്റ് മാർച്ച് മാസം രാജിവെച്ചിരുന്നു. യു.എസ് വാർ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായതിനെത്തുടർന്ന് നിരവധി ഉയർന്ന യു.എസ് സൈനിക ഉദ്യോഗസ്ഥരെ അവരുടെ സ്ഥാനങ്ങളിൽനിന്നും നീക്കിയിരുന്നു.
ഇറാനെതിരെ അമേരിക്കയും ഇസ്രഈലും സംയുക്തമായി തുടങ്ങിവെച്ച യുദ്ധം അമേരിക്കയ്ക്ക് വലിയ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്, കഴിഞ്ഞ ദിവസം അമേരിക്കൻ കോൺഗ്രസിൽ അവതരിപ്പിച്ച റിപ്പോർട്ടുകൾ അനുസരിച്ച് യു.എസ്സിന് ഇതുവരെ 43 യുദ്ധ വിമാനങ്ങളാണ് നഷ്ടപെട്ടിരിക്കുന്നത്. ഇത് ഏകദേശം 260 കോടി ഡോളർ വരും.
കൂടാതെ ഹോർമുസ് കടലിടുക്ക് അടച്ചതോടെ അമേരിക്കയ്ക്ക് എണ്ണ വ്യാപാരത്തിലൂടെ ലഭിച്ചിരുന്ന വരുമാനവും ഏറക്കുറെ ഇല്ലാതെയായി. കഴിഞ്ഞദിവസം ന്യൂയോർക് ടൈംസ് പുറത്തുവിട്ട സർവ്വേ റിപ്പോർട്ടുകൾ പ്രകാരം അമേരിക്കയിലെ ഭൂരിഭാഗം ജനങ്ങളും ട്രംപ് ഭരണകൂടം ഇസ്രഈലിന് സാമ്പത്തികവും സൈനികവുമായ സഹായങ്ങൾ നൽകുന്നതിനെയും എതിർക്കുന്നുണ്ട്.
ഇത്തരം എതിർപ്പുകൾ തന്നെയാണ് മുതിർന്ന സൈനിക, ഇന്റലിജൻസ് ഉദ്യോഗസ്ഥരുടെ രാജിക്ക് കാരണമെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ.
Content Highlight: Another resignation from US security agencies; Intelligence officer leaves important positions