| Thursday, 31st July 2025, 2:22 pm

ജയിച്ചിട്ടും ജയിക്കാനാകാതെ പോയ ബിന്നീ.... ആ പഴയ പ്രകടനം പോലെ ഇതും ഞങ്ങള്‍ ഓര്‍മിക്കും...

ആദര്‍ശ് എം.കെ.

ഇന്ത്യന്‍ ക്രിക്കറ്റില്‍ അയാള്‍ വലിയ ഓളമുണ്ടാക്കിയെന്ന് ഒരിക്കലും അവകാശപ്പെടാന്‍ സാധിക്കില്ല. എന്നാല്‍ സ്റ്റുവര്‍ട്ട് ബിന്നിയെന്ന താരത്തെ ഓര്‍ത്തിരിക്കാന്‍ ഇന്ത്യന്‍ ആരാധകര്‍ക്ക് ഒരു മത്സരമുണ്ടായിരുന്നു, അതിപ്പോള്‍ രണ്ട് മത്സരമായിരിക്കുന്നു. രണ്ടാം മത്സരത്തില്‍ പൊരുതി നേടിയ വിജയം കൊണ്ട് ഫലമില്ലാതെ പോയെങ്കിലും ഈ രണ്ട് മത്സരങ്ങളും ഇന്ത്യന്‍ ആരാധകര്‍ എന്നെന്നും ഓര്‍ത്തുവെക്കുകയും ചെയ്യും.

ഒരു പതിറ്റാണ്ടിന് മുമ്പാണ് ആദ്യം പറഞ്ഞ മത്സരം അരങ്ങേറിയത്. ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനത്തിലെ രണ്ടാം ഏകദിനം. വേദിയാകുന്നത് ബംഗ്ലാ കടുവകളുടെ കോട്ടയായ ധാക്ക. ആദ്യ മത്സരത്തിലെ വിജയത്തിന്റെ ആവേശത്തിലാണ് ഇന്ത്യ രണ്ടാം മത്സരത്തിനിറങ്ങിയത്. ധാക്കയിലും വിജയിച്ച് പരമ്പര നേടുക എന്നത് തന്നെയായിരുന്നു ഇന്ത്യയുടെ ലക്ഷ്യം.

എന്നാല്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചകളിലൊന്നാണ് നേരിട്ടത്. ധാക്കയില്‍ താസ്‌കിന്‍ അഹമ്മദ് തീ തുപ്പിയപ്പോള്‍ ഇന്ത്യ വെറും 105ന് പുറത്തായി!

താസ്‌കിന്‍ അഹമ്മദ്

23 പന്തില്‍ 27 റണ്‍സ് നേടിയ ക്യാപ്റ്റന്‍ സുരേഷ് റെയ്‌ന ടോപ് സ്‌കോറര്‍, പതിനൊന്നാമനായി കളത്തിലിറങ്ങി 17 റണ്‍സടിച്ച ഉമേഷ് യാദവ് രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍, ഇരട്ടയക്കം കാണാതെ കൂടാരം കയറിയവര്‍ ഏഴ് പേര്‍… തലയില്‍ കൈവെച്ചുനില്‍ക്കുകയല്ലാതെ ഇന്ത്യന്‍ ആരാധകര്‍ക്ക് മറ്റൊന്നിനും കഴിയുമായിരുന്നില്ല.

താസ്‌കിന്‍ അഹമ്മദ് അഞ്ച് വിക്കറ്റുമായി തിളങ്ങിയപ്പോള്‍ മഷ്‌റാഫെ മൊര്‍താസ രണ്ട് വിക്കറ്റും നേടി. ഷാകിബ് അല്‍ ഹസന്‍, അല്‍ അമീന്‍ ഹൊസൈന്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

ബംഗ്ലാദേശ് ബാറ്റിങ്ങിനിറങ്ങും മുമ്പേ ഗ്യാലറിയിലെ കടുവക്കൂട്ടം ആഘോഷം തുടങ്ങി. ആകാശമിടിഞ്ഞുവീണാല്‍ പോലും ഈ മത്സരം തങ്ങള്‍ തോല്‍ക്കില്ല എന്ന് അവര്‍ ഉറച്ചുവിശ്വസിച്ചു. എന്നാല്‍ ക്രിക്കറ്റ് ദൈവങ്ങളുടെ പ്ലാന്‍ മറ്റൊന്നായിരുന്നു.

ഇന്നിങ്‌സിലെ ആദ്യ പന്ത് തന്നെ മോഹിത് ശര്‍മയെ ബൗണ്ടറി കടത്തിയാണ് തമീം ഇഖ്ബാല്‍ സ്‌കോര്‍ ബോര്‍ഡ് തുറന്നത്. എന്നാല്‍ തൊട്ടടുത്ത പന്തില്‍ ഇഖ്ബാലിനെ വൃദ്ധിമാന്‍ സാഹയുടെ കൈകളിലെത്തിച്ച് മോഹത് ശര്‍മ താരത്തിന് സെന്റ് ഓഫ് നല്‍കി. ടീം സ്‌കോര്‍ 13ലെത്തിയപ്പോഴേക്കും മറ്റൊരു ഓപ്പണറായ ആനാമുല്‍ ഹഖും കൂടാരം കയറി. മോഹിത് ശര്‍മ തന്നെയാണ് വിക്കറ്റ് വീഴ്ത്തിയത്.

വിക്കറ്റ് നേടിയ മോഹിത് ശർമയെ അഭിനന്ദിക്കുന്ന ക്യാപ്റ്റന്‍ സുരേഷ് റെയ്ന

എന്നാല്‍ പിന്നീട് ക്രീസിലെത്തിയ മുഹമ്മദ് മിഥുനും മുഷ്ഫിഖുര്‍ റഹീമും കീഴടങ്ങാന്‍ ഒരുക്കമല്ലായിരുന്നു. ഇവരുടെ ചെറുത്തുനില്‍പ്പില്‍ ബംഗ്ലാ സ്‌കോര്‍ ബോര്‍ഡ് ചലിച്ചുതുടങ്ങി. 44ന് രണ്ട് എന്ന നിലയില്‍ മത്സരം ഏറെക്കുറെ തങ്ങളുടെ വരുതിയിലെത്തിയെന്ന് ബംഗ്ലാദേശുകാര്‍ ഉറപ്പിച്ച സ്റ്റുവര്‍ട്ട് ബിന്നിയെന്ന വലംകയ്യന്‍ മീഡിയം പേസര്‍ പന്ത് കയ്യിലെടുക്കുന്നത്.

ബിന്നിക്കൊപ്പം വിക്കറ്റ് ആഘോഷിക്കുന്ന ഇന്ത്യന്‍ ടീം

4.4 ഓവറില്‍ വെറും നാല് റണ്‍സ് മാത്രം വഴങ്ങി സ്റ്റുവര്‍ട്ട് ബിന്നി കീശയിലാക്കിയത് ആറ് ബംഗ്ലാ വിക്കറ്റുകള്‍! തോല്‍വിയുറപ്പിച്ച ഇന്ത്യയ്ക്ക് താരം സമ്മാനിച്ചത് 47 റണ്‍സിന്റെ ത്രസിപ്പിക്കുന്ന വിജയം.

സ്റ്റുവര്‍ട്ട് ബിന്നിയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡാകുന്ന നാസിര്‍ ഹുസൈന്‍

ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച വിജയങ്ങളിലൊന്നായാണ് ഈ മത്സരം അടയാളപ്പെടുത്തിയത്. ഇതിനൊപ്പം അന്താരാഷ്ട്ര കരിയറില്‍ വെറും 14 ഏകദിനം മാത്രം കളിച്ച സ്റ്റുവര്‍ട്ട് ബിന്നിയുടെ പേരും സുവര്‍ണലിപികളാല്‍ എഴുതപ്പെട്ടു.

2023 ലോകകപ്പ് സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരെ മുഹമ്മദ് ഷമി ഏഴ് വിക്കറ്റുമായി തിളങ്ങുന്നത് വരെ ഏകദിനത്തില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും മികച്ച ബൗളിങ് ഫിഗറായും ഇത് തലയുയര്‍ത്തി നിന്നു.

ആറ് ടെസ്റ്റും 14 ഏകദിനവും മൂന്ന് ടി-20ഐയും കളിച്ച ബിന്നിയുടെ അന്താരാഷ്ട്ര കരിയര്‍ വിസ്മൃതിയിലാണ്ടുപോയെങ്കിലും ഇന്ത്യയെ രക്ഷിച്ചെടുത്ത ഈ മത്സരം ഒരിക്കലും ആരാധകര്‍ മറന്നില്ല, അവരെക്കൊണ്ടത് മറക്കാന്‍ സാധിക്കുമായിരുന്നില്ല…

സ്റ്റുവര്‍ട്ട് ബിന്നി

2021ല്‍ അന്താരാഷ്ട്ര കരിയറിനോട് വിടപറഞ്ഞ് നാല് വര്‍ഷങ്ങള്‍ക്കിപ്പുറം ബിന്നി ഒരിക്കല്‍ക്കൂടി രക്ഷകന്റെ കുപ്പായമണിഞ്ഞു. ഇത്തവണ ഇതിഹാസങ്ങള്‍ അണിനിരന്ന ഇന്ത്യ ചാമ്പ്യന്‍സിനെയാണ് ബിന്നി വിജയത്തിലേക്ക് നയിച്ചത്.

വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സിന്റെ രണ്ടാം എഡിഷന്‍. ഇന്ത്യയെത്തുന്നത് ഡിഫന്‍ഡിങ് ചാമ്പ്യന്‍മാര്‍ എന്ന നെറ്റിപ്പട്ടവുമായി. ക്രിക്കറ്റ് ആരാധകര്‍ കാത്തിരുന്ന റീമാച്ചിന് ടൂര്‍ണമെന്റിന്റെ ആദ്യ മത്സരത്തില്‍ കളമൊരുങ്ങി. 2024ല്‍ കിരീടമുയര്‍ത്താന്‍ തങ്ങള്‍ പരാജയപ്പെടുത്തിയ അതേ പാകിസ്ഥാന്‍ ചാമ്പ്യന്‍സ് തന്നെ എതിരാളികള്‍. എന്നാല്‍ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ കളത്തിലിറങ്ങാന്‍ വിസമ്മതിച്ചു. ഇതോടെ ഇരു ടീമുകള്‍ക്കും പോയിന്റ് പങ്കുവെച്ചുനല്‍കി.

അടുത്ത മൂന്ന് മത്സരത്തിലും ഇന്ത്യയ്ക്ക് നേരിടേണ്ടി വന്നത് ഗംഭീര പരാജയങ്ങള്‍. സൗത്ത് ആഫ്രിക്ക ചാമ്പ്യന്‍സും ഓസ്‌ട്രേലിയ ചാമ്പ്യന്‍സും ഇംഗ്ലണ്ട് ചാമ്പ്യന്‍സും ദയവേതുമില്ലാതെ ഇന്ത്യയെ തകര്‍ത്തുവിട്ടു. എല്ലാ ടീമുകളും തങ്ങളുടെ ആദ്യ നാല് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ഒറ്റ വിജയം പോലുമില്ലാത്ത ഏക ടീമായി യുവരാജിന്റെ സംഘം പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരായി തലകുനിച്ചുനിന്നു.

മൂന്ന് ടീമുകള്‍ സെമിയുറപ്പിക്കുകയും അടുത്ത മൂന്ന് ടീമുകള്‍ സെമി ഫൈനലിലെ നാലാം സ്ലോട്ടിനായി പോരാടുകയും ചെയ്ത മത്സരങ്ങള്‍, ഇന്ത്യയ്ക്ക് എതിരാളികള്‍ ക്രിസ് ഗെയ്‌ലിന്റെ വെസ്റ്റ് ഇന്‍ഡീസ് ചാമ്പ്യന്‍സ്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് ചാമ്പ്യന്‍സ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സ് അടിച്ചെടുത്തു. എട്ട് സിക്‌സറും മൂന്ന് ഫോറുമടക്കം 43 പന്തില്‍ പുറത്താകാതെ 74 റണ്‍സ് നേടിയ കെയ്‌റോണ്‍ പൊള്ളാര്‍ഡിന്റെ കരുത്തിലാണ് കരീബിയന്‍സ് മികച്ച സ്‌കോറിലെത്തിയത്.

ഇന്ത്യ ചാമ്പ്യന്‍സിനായി പിയൂഷ് ചൗള മൂന്ന് വിക്കറ്റെടുത്തു. വരുണ്‍ ആരോണും സ്റ്റുവര്‍ട്ട് ബിന്നിയും രണ്ട് വീതം വിക്കറ്റുകളെടുത്തപ്പോള്‍ നവന്‍ നേഗി ഒരു വിക്കറ്റും സ്വന്തമാക്കി.

14.1 ഓവറില്‍ വിജയിക്കാനായാല്‍ നെറ്റ് റണ്‍ റേറ്റിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയ്ക്ക് സെമി കളിക്കാം എന്ന് തീരുമാനിക്കപ്പെട്ടു. 120 പന്തില്‍ 145 ആണ് ഇന്ത്യയുടെ വിജയലക്ഷ്യമെങ്കിലും ’85 പന്തില്‍ 145 ആയി ഇന്ത്യയുടെ വിജയലക്ഷ്യം മാറി’

എട്ട് റണ്‍സടിച്ച റോബിന്‍ ഉത്തപ്പയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടപ്പെട്ടത്. ശിഖര്‍ ധവാന്‍ 18 പന്തില്‍ 25 റണ്‍സിനും മടങ്ങി. ഗുര്‍കിരാത് സിങ്ങും സുരേഷ് റെയ്‌നയും എട്ട് വിക്കറ്റിന് പുറത്തായപ്പോള്‍ ഇന്ത്യയുടെ സ്‌കോര്‍ 7.1 ഓവറില്‍ 52! ഇനിയുള്ള ഏഴ് ഓവറില്‍ ഇന്ത്യയ്ക്ക് സെമിയില്‍ പ്രവേശിക്കാന്‍ വേണ്ടത് 93 റണ്‍സ്!

തുടര്‍ന്ന് ഗ്രേസ് റോഡ് കാണുന്നത് ഇന്ത്യയുടെ രക്ഷകന്റെ പിറവിക്കായിരുന്നു. 21 പന്തില്‍ പുറത്താകാതെ 50 റണ്‍സുമായി ബിന്നി പുറത്താകാതെ നിന്നു. നാല് സിക്‌സറും മൂന്ന് ഫോറുമടക്കം 238.10 സ്‌ട്രൈക്ക് റേറ്റിലാണ് താരം റണ്ണടിച്ചത്. ക്യാപ്റ്റന്‍ യുവരാജ് സിങ്ങിനും യൂസുഫ് പത്താനുമൊപ്പം കൂട്ടുകെട്ടുണ്ടാക്കി 13.2 ഓവറില്‍ ബിന്നി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. മത്സരത്തിലെ താരവും ആരാധകരുടെ ബിന്നിച്ചായന്‍ തന്നെയായിരുന്നു.

പോയിന്റ് പട്ടികയിലെ നാലാം സ്ഥാനക്കാരായി സെമിയില്‍ പ്രവേശിച്ചെങ്കിലും സെമി കളിക്കാതെ ഇന്ത്യ പുറത്തായി. എഡ്ജ്ബാസ്റ്റണില്‍ നടക്കേണ്ടിയിരുന്ന മത്സരത്തില്‍ പാകിസ്ഥാന്‍ ചാമ്പ്യന്‍സിനെയാണ് നേരിടേണ്ടിയിരുന്നത് എന്നതിനാല്‍ കളിക്കാനില്ല എന്ന് ഇന്ത്യ ചാമ്പ്യന്‍സ് അറിയിക്കുകയായിരുന്നു. ഇതോടെ ബിന്നിയുടെ വെടിക്കെട്ട് ഇന്നിങ്‌സിനും അര്‍ത്ഥമില്ലാതെ പോയി.

ലക്ഷ്യത്തിലേക്ക് ആദ്യമോടിയെത്തിയിട്ടും വിജയിക്കാന്‍ സാധിക്കാതെ പോയെങ്കിലും ബിന്നിയുടെ ഈ പ്രകടനം എന്നെന്നും ആരാധകരുടെ മനസിലുണ്ടാകും, 2014ല്‍ ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചപോലെ….

Content Highlight: Another memorable performance by Stuart Binny.

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more