ഗസ സിറ്റി: വെടിനിർത്തൽ കരാർ നിലനിൽക്കുമ്പോഴും ഗസ മുനമ്പിൽ ആക്രമണം തുടർന്ന് ഇസ്രഈൽ. വെള്ളിയാഴ്ച മധ്യ ഗസയിലുണ്ടായ വിവിധ ഡ്രോൺ ആക്രമണങ്ങളിൽ ഏഴ് ഫലസ്തീനികൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി മെഡിക്കൽ വൃത്തങ്ങളെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്തു.
ദേർ അൽ ബലാഹിലെ ബുറൈജ് അഭയാർഥി ക്യാമ്പിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ നാല് ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ക്യാമ്പിനുള്ളിലെ സാധാരണക്കാരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
ദേർ അൽ ബലാഹ് നഗരത്തിന്റെ പ്രവേശന കവാടത്തിന് സമീപമുണ്ടായ മറ്റൊരു ഡ്രോൺ ആക്രമണത്തിൽ രണ്ടുപേരും, നുസൈറാത്ത് അഭയാർഥി ക്യാമ്പിലുണ്ടായ ആക്രമണത്തിൽ ഒരാളും കൊല്ലപ്പെട്ടു.
പരിക്കേറ്റവരെ മധ്യ ഗസയിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും ജീവനക്കാരുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും കടുത്ത ക്ഷാമം കാരണം ആശുപത്രികൾ പരിമിതമായ ശേഷിയിലാണ് പ്രവർത്തിക്കുന്നതെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു.
വെള്ളിയാഴ്ച കിഴക്കൻ ഗസ സിറ്റിയിലെ അൽ ഷുജയ്യ പ്രദേശത്തും തെക്കൻ ഗസയിലെ ഖാൻ യൂനിസിന് കിഴക്കുള്ള യെല്ലോ ലൈനിന് സമീപവും സ്ഫോടകവസ്തുക്കൾ ഘടിപ്പിച്ച ഡ്രോണുകൾ ഉപയോഗിച്ച് ഇസ്രഈൽ സൈന്യം കെട്ടിടങ്ങൾ തകർത്തു.
ഐക്യരാഷ്ട്രസഭയുടെ സാറ്റലൈറ്റ് സെന്ററായ യുനോസാറ്റിന്റെ കണക്കനുസരിച്ച് 2026 ജൂൺ 16 വരെ ഗാസയിലെ ആകെ കെട്ടിടങ്ങളുടെ 82 ശതമാനത്തോളം (ഏകദേശം 2,01,290 കെട്ടിടങ്ങൾ) ഭാഗികമായോ പൂർണമായോ തകർക്കപ്പെട്ടിട്ടുണ്ട്.
2025 ഒക്ടോബർ 10ന് പ്രാബല്യത്തിൽ വന്ന വെടിനിർത്തൽ കരാർ ഇസ്രഈൽ ആവർത്തിച്ച് ലംഘിക്കുന്നതായും, കരാറിന് ശേഷം മാത്രം 1,600ലധികം ഫലസ്തീനികൾ കൊല്ലപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു. 2023 ഒക്ടോബറിൽ ആരംഭിച്ച ഇസ്രഈൽ ആക്രമണങ്ങളിൽ ഇതുവരെ 74,000ത്തിലധികം ഫലസ്തീനികൾ കൊല്ലപ്പെടുകയും 1,76,000 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം, ലോക ശിശുദിനമായ വെള്ളിയാഴ്ച ഇസ്രഈൽ ജയിലുകളിൽ ഏകദേശം 350 ഫലസ്തീൻ കുട്ടികൾ തടവിൽ കഴിയുന്നതായി ഫലസ്തീൻ തടവുകാരുടെ സംഘടനകൾ വെളിപ്പെടുത്തി.
തടവിലുള്ള കുട്ടികൾ കടുത്ത പീഡനവും പട്ടിണിയും നേരിടുന്നതായും അവർക്ക് ചികിത്സയും വിദ്യാഭ്യാസവും കുടുംബാംഗങ്ങളുമായുള്ള കൂടിക്കാഴ്ചയും നിഷേധിക്കപ്പെടുന്നതായും ഫലസ്തീൻ പ്രിസണേഴ്സ് സൊസൈറ്റി പ്രസ്താവനയിൽ പറഞ്ഞു.
തടവിലാക്കിയ കുട്ടികളെക്കുറിച്ചുള്ള വിവരങ്ങൾ മറച്ചുവെക്കുന്നതും സന്ദർശനാനുമതി നിഷേധിക്കുന്നതും കാരണം ഗസയിൽനിന്ന് പിടികൂടിയ കുട്ടികളുടെ കൃത്യമായ എണ്ണം കണ്ടെത്താൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും സംഘടനകൾ വ്യക്തമാക്കി.
Content Highlight:Another Israeli drone strike in central Gaza despite the ceasefire agreement; seven Palestinians killed.