| Thursday, 15th January 2026, 6:29 pm

യു.എസ് കുടിയേറ്റവിരുദ്ധതയുടെ അടുത്ത ഇര; വെനസ്വേലന്‍ യുവാവിന് നേരെ വെടിയുതിര്‍ത്ത് സുരക്ഷാ സേന

മുഹമ്മദ് നബീല്‍

മിനിയാപോളിസ്: റെനി ഗുഡ് എന്ന യുവതിയെ സ്വന്തം കാറില്‍ വെടിവച്ചു കൊലപ്പെടുത്തിയതിനു പിന്നാലെ മിനിയോപോളിസില്‍ വെനസ്വേലന്‍ യുവാവിന് നേരെ വെടിയുതിര്‍ത്ത് അമേരിക്കന്‍ സുരക്ഷാ സേന

യു.എസ് ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി(ഡി.ഏച്ച്.എസ്) ഗാര്‍ഡ് ആണ് വെടിയുതിര്‍ത്തത്.

അനധികൃത കുടിയേറ്റം ആരോപിച്ചാണ് വെനസ്വലന്‍ പൗരന് നേരെ ഹോം ലാന്‍ഡ് സെക്യൂരിറ്റി ഗാര്‍ഡുകള്‍ വെടിയുതിര്‍ത്തത്.

പിടികൂടാന്‍ ശ്രമിക്കവേ രക്ഷപെടുന്നതിനു വേണ്ടി കാറുകൊണ്ട് നിര്‍ത്തിയിട്ടവാഹനങ്ങളെ ഇടിക്കുകയും സുരക്ഷാ ഉദ്യോഗസ്ഥരെ അക്രമിച്ചോടുകയും ചെയ്‌തെന്നാണ് ഉദ്യോഗസ്ഥരുടെ ഭാഷ്യം.

ഈ സമയത്ത് മറ്റു രണ്ടുപേര്‍ അടുത്തുള്ള അപ്പാര്‍ട്ട്മെന്റില്‍ നിന്നും പുറത്തുവന്ന്  ഉദ്യോഗസ്ഥര്‍ക്കുനേരെ സ്‌നോഷവലും ചൂലും ഉപയോഗിച്ച് പ്രതിഷേധിച്ചെന്നും ഈ ഘട്ടത്തില്‍ സ്വയം രക്ഷാര്‍ത്ഥമാണ് യുവാവിന്റെ കാലിനു വെടിയുതിര്‍ത്തതെന്നുമാണ് ഡി.എച്ച്.എസ്സിന്റെ വിശദീകരണം.

‘വെടിവെപ്പിനുശേഷം പ്രക്ഷോഭകര്‍ സേനക്കു നേരെ കല്ലും, മഞ്ഞുകട്ടയും, പടക്കങ്ങളും എറിഞ്ഞതും നിയമവിരുദ്ധ പ്രവൃത്തികളില്‍ ഏര്‍പെട്ടതും രാത്രി ഏറെ വൈകിയും സംഘര്‍ഷാവസ്ഥക്കു കാരണമായെന്നും മിനിയാപൊളിസ് പൊലീസ് മേധാവി ബ്രയാന്‍ ഒ ഹാര പത്രസമ്മേളനത്തില്‍ പറഞ്ഞു.

കുടിയേറ്റവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ ശമിപ്പിക്കുന്നതിനു പകരം 2000 സേനാംഗങ്ങളെ അധികമായി നഗരത്തില്‍ വ്യന്യസിക്കുകയാണ് ട്രംപ് ഭരണകൂടം ചെയ്തതെന്ന് മിനിയോപോളിസ് മേയര്‍ പ്രതികരിച്ചു. ട്രംപിനെതിരെ ഉയരുന്ന എല്ലാ ശബ്ദങ്ങളും അടിച്ചമര്‍ത്തപ്പെടുകയാണെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.

റെനി ഗുഡ് എന്ന വീട്ടമ്മ ജനുവരി ഏഴിന് സുരക്ഷാ ഉദ്യോഗസ്ഥരാല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നഗരത്തില്‍ വലിയ പ്രക്ഷോഭങ്ങള്‍ അരങ്ങേറിയിരുന്നു. കാറില്‍ യാത്രചെയ്യുകയായിരുന്ന ഇവരെ യാതൊരു പ്രകോപനവും കൂടാതെയാണ് സുരക്ഷാ സേന വെടിവെച്ച് കൊലപ്പെടുത്തിയത്.

Content Highlight: Another immigration-related shooting in Minneapolis

മുഹമ്മദ് നബീല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more