എറണാകുളം: സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണം ഉയരുന്നതിനിടെ കൊച്ചിയിൽ വീണ്ടും എച്ച്1എൻ1 (H1N1) മരണം റിപ്പോർട്ട് ചെയ്തു. എറണാകുളം പാലാരിവട്ടം സ്വദേശിനി ലളിതാംബികയാണ് രോഗബാധയെ തുടർന്ന് മരണപ്പെട്ടത്.
പനി ബാധിച്ചതിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു ഇവർ. രോഗലക്ഷണങ്ങൾ വഷളായതിനെ തുടർന്ന് നടത്തിയ വിദഗ്ദ്ധ പരിശോധനയിലാണ് എച്ച്1എൻ1 സ്ഥിരീകരിച്ചത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വീണ്ടും എച്ച്1എൻ1 മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് ആരോഗ്യവകുപ്പിനെയും പൊതുജനങ്ങളെയും ഒരുപോലെ ആശങ്കയിലാക്കുന്നുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുൻപ് കോട്ടയത്തും സമാനമായ രീതിയിൽ എച്ച്1എൻ1 മരണം റിപ്പോർട്ട് ചെയ്തിരുന്നു.
നാല് ദിവസം മുമ്പ് കോട്ടയം കാഞ്ഞിരപ്പള്ളി കപ്പാട് സ്വദേശിയായ യുവാവ് പനി ബാധിച്ച് മരിച്ചിരുന്നു. പനിയെ തുടർന്ന് നാല് ദിവസത്തോളം കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നയാളുടെ ആരോഗ്യനില വഷളായതിനെ തുടർന്നാണ് കോട്ടയത്തെ വിദഗ്ദ്ധ ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടെ വെച്ച് നടത്തിയ വിശദമായ പരിശോധനയിലാണ് യുവാവിന് എച്ച്1എൻ1 വൈറസ് ബാധ സ്ഥിരീകരിച്ചത്.
എച്ച്1എൻ1: പ്രധാന ലക്ഷണങ്ങൾ
സാധാരണ പനി ലക്ഷണങ്ങളുമായി എച്ച്1എൻ1 മാറിപ്പോകാൻ സാധ്യതയുള്ളതിനാൽ താഴെ പറയുന്ന ലക്ഷണങ്ങൾ കണ്ടാൽ ഉടനടി വൈദ്യസഹായം തേടേണ്ടതാണ്:
കടുത്ത പനിയും ശരീരവേദനയും
കഠിനമായ ചുമ, തൊണ്ടവേദന, മൂക്കൊലിപ്പ്
ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട്
കടുത്ത ക്ഷീണവും തലവേദനയും
ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിർദേശം
പനി ബാധിച്ച് മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ സ്വയംചികിത്സ പൂർണമായും ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് കർശന നിർദേശം നൽകിയിട്ടുണ്ട്. സാധാരണ പനിയെന്ന് കരുതി അവഗണിക്കുന്നത് രോഗം സങ്കീർണമാകാൻ കാരണമാകും.
ഗർഭിണികൾ, കുട്ടികൾ, പ്രായമായവർ, മറ്റ് ഗുരുതര രോഗങ്ങളുള്ളവർ (പ്രമേഹം, ഹൃദ്രോഗം, ശ്വാസകോശ രോഗങ്ങൾ) എന്നിവർക്ക് എച്ച്1എൻ1 ബാധിച്ചാൽ ഗുരുതരമാകാൻ സാധ്യത കൂടുതലായതിനാൽ പ്രത്യേക ജാഗ്രത പുലർത്തണമെന്നും അധികൃതർ ഓർമിപ്പിച്ചു. പ്രദേശങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങളും പ്രതിരോധ ബോധവത്കരണവും ശക്തമാക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.
Content Highlight: Another H1N1 death in Kochi