| Tuesday, 2nd September 2025, 10:15 pm

അഫ്ഗാനില്‍ വീണ്ടും ഭൂകമ്പം; 1400 കടന്ന് മരണസംഖ്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ വീണ്ടും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. അഫ്ഗാനിലെ വടക്കുകിഴക്കന്‍ മേഖലയിലാണ് പ്രകമ്പനം രേഖപ്പെടുത്തിയത്. കുനാര്‍ പ്രവിശ്യയിലെ ജലാലാബാദില്‍ നിന്ന് 34 കിലോമീറ്റര്‍ വടക്കുകിഴക്കായാണ് ഭൂചലനം ഉണ്ടായതെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ സ്ഥിരീകരിച്ചു.

രക്ഷാപ്രവര്‍ത്തനം തുടരുന്നതായി താലിബാന്‍ വക്താവ് അറിയിച്ചു. എത്തിപ്പെടാന്‍ ദുസ്സഹമായ കിഴക്കന്‍ മേഖലയിലേക്ക് കടക്കാനാണ് രക്ഷാപ്രവര്‍ത്തകര്‍ ഇപ്പോള്‍ ശ്രമിക്കുന്നതെന്ന് താലിബാന്‍ സര്‍ക്കാര്‍ വക്താവ് സബിഹുള്ള മുജാഹിദ് പറഞ്ഞു.

ഞായറാഴ്ച ഉണ്ടായ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 1400ലധികം പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ച രാത്രിയോടെയാണ് ഭൂചലനമുണ്ടായത്. നന്‍ഗര്‍ഹാര്‍ പ്രവിശ്യയിലെ ജലാലാബാദില്‍ നിന്ന് 27 കിലോമീറ്റര്‍ വടക്കുകിഴക്ക് ഭാഗത്തായാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. എട്ട് കിലോമീറ്റര്‍ ആഴത്തിലാണ് പ്രകമ്പനം ഉണ്ടായത്.

ഭൂകമ്പത്തില്‍ നൂര്‍ഗല്‍, സാവ്‌കെ, വാതപൂര്‍, മനോഗി, ചാപ്പ ദാര ജില്ലകളില്‍ കനത്ത നാശനഷ്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിലവില്‍ 2500ഓളം ആളുകളാണ് പരിക്കേറ്റ് ചികിസയില്‍ കഴിയുന്നത്. നിരവധി ഗ്രാമങ്ങളും കെട്ടിടങ്ങളും പൂര്‍ണമായും നശിച്ചു. നാശനഷ്ടത്തിന്റെ പൂര്‍ണമായ വ്യാപ്തി ഇതുവരെ കണക്കാക്കാന്‍ കഴിഞ്ഞിട്ടില്ല.

അഫ്ഗാനിലെ ദുരന്തബാധിതര്‍ക്ക് അടിയന്തര സഹായങ്ങള്‍ എത്തിക്കുന്ന ഐക്യരാഷ്ട്ര സഭയുടെയും റെഡ് ക്രോസിന്റെയും ശ്രമങ്ങള്‍ക്ക് യു.കെ സര്‍ക്കാര്‍ പിന്തുണ അറിയിച്ചതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. യൂറോപ്യന്‍ യൂണിയന്‍ 130 ടണ്‍ അടിയന്തര സാമഗ്രികള്‍ സഹായമായി എത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ഇന്നലെ ദുരന്തബാധിതരായ 1000 കുടുംബങ്ങള്‍ക്ക് താത്കാലിക ടെന്റുകളും 15 ടണ്‍ ഭക്ഷ്യവസ്തുക്കളും എത്തിച്ചതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ അറിയിച്ചിരുന്നു. ഇനിയുള്ള ദിവസങ്ങളിലും അഫ്ഗാനുള്ള സഹായങ്ങള്‍ തുടരുമെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു.

2023ല്‍ അഫ്ഗാനിലെ ഹെറാത്ത് പ്രവിശ്യയില്‍ മൂന്ന് വലിയ ഭൂകമ്പങ്ങള്‍ രേഖപ്പെടുത്തിയിരുന്നു. ഇതില്‍ 1300ഓളം ആളുകളാണ് കൊല്ലപ്പെട്ടത്. 1700 പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 2022ല്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ അഫ്ഗാനിലെ തെക്കുകിഴക്കന്‍ മേഖലയില്‍ കുറഞ്ഞത് 1300 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

Content Highlight: Another earthquake hits Afghanistan; over 1,400 dead so far

We use cookies to give you the best possible experience. Learn more