| Thursday, 6th November 2025, 10:22 pm

എറണാകുളത്ത് വീണ്ടും ഡിജിറ്റല്‍ അറസ്റ്റ്; നഷ്ടപ്പെട്ടത് ഒരു കോടി നാല്‍പ്പത്തിയഞ്ച് ലക്ഷം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: എറണാകുളത്ത് ഡിജിറ്റല്‍ അറസ്റ്റിലൂടെ വീണ്ടും തട്ടിപ്പ്. സി.ബി.ഐ ചമഞ്ഞാണ് പ്രതികള്‍ പണം തട്ടിയെടുത്തത്. എറണാകുളം ടൗണ്‍ സ്വദേശിയായ ഡോ. സെബാസ്റ്റ്യൻ വി.ജെയാണ് തട്ടിപ്പിന് ഇരയായത്.

ഇയാളില്‍ നിന്ന് ഒരു കോടി മുപ്പത് ലക്ഷം രൂപയാണ് പ്രതികള്‍ തട്ടിയത്. കഴിഞ്ഞ ഒന്നാം തീയതി മുതല്‍ ആറാം തീയതി വരെ ഭീഷണി കോളുകള്‍ ലഭിച്ചുവെന്ന് പരാതിയിൽ പറയുന്നു.

ദേവിലാല്‍ സിങ്, പ്രണവ് ദയാല്‍ എന്നിവര്‍ക്കും കണ്ടാലറിയുന്ന മറ്റൊരാള്‍ക്കുമെതിരെയാണ് ഡോക്ടറുടെ പരാതി. കള്ളക്കേസില്‍ പെടുത്തുമെന്നായിരുന്നു പ്രതികളുടെ ഭീഷണി.

തന്നെ വിളിക്കുന്നത് തട്ടിപ്പുസംഘമാണെന്ന് തിരിച്ചറിഞ്ഞ ഡോക്ടര്‍ പിന്നീട് പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സൈബര്‍ പൊലീസ് കേസെടുത്തു.

സമാനമായ മറ്റൊരു തട്ടിപ്പും എറണാകുളത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മുംബൈ ക്രൈംബ്രാഞ്ച് എന്ന് വിശ്വസിപ്പിച്ച് പ്രതികള്‍ പണം തട്ടുകയായിരുന്നു. വീഡിയോ കോളിലൂടെ 15 ലക്ഷം രൂപയാണ് ഇത്തരത്തില്‍ തട്ടിയെടുത്തത്.

കേസുണ്ടെന്നും അറസ്റ്റ് ഒഴിവാക്കണമെങ്കില്‍ 15 ലക്ഷം രൂപ നല്‍കണമെന്നുമായിരുന്നു പ്രതികളുടെ ആവശ്യം. പള്ളുരുത്തി സ്വദേശിയാണ് തട്ടിപ്പിന് ഇരയായത്.

പരാതിക്കാരന്റെ ഭാര്യയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നാണ് പണം ട്രാന്‍സ്ഫര്‍ ചെയ്തത്. സംഭവത്തില്‍ പള്ളുരുത്തി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

നേരത്തെ വ്യാജ ബാങ്ക് അക്കൗണ്ട് തുടങ്ങി നിയമവിരുദ്ധ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയില്‍ നിന്ന് നാല് കോടിയിലധികം രൂപ തട്ടിയെടുത്തിരുന്നു. വെര്‍ച്വല്‍ അറസ്റ്റിലാണെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിപ്പ്.

കാക്കനാട് എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സ് സ്വദേശിനിയായ വീട്ടമ്മയുടെ 4,11,90,094 കോടി രൂപയാണ് തട്ടിയെടുത്തത്. ഇവരുടെ പേരില്‍ ദല്‍ഹി ഐ.സി.ഐ.സി.ഐ ബാങ്കില്‍ വ്യാജ അക്കൗണ്ട് ഉണ്ടെന്നും അതുവഴി സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നുമായിരുന്നു ഭീഷണി.

പിന്നാലെ മട്ടാഞ്ചേരി സ്വദേശിനിയിൽ നിന്നും രണ്ട് കോടി 88 ലക്ഷം രൂപയും നഷ്ടപ്പെട്ടിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റ് ചെയ്തുവെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. 56കാരിയായ ഉഷാ കുമാരിയാണ് തട്ടിപ്പിന് ഇരയായത്.

Content Highlight: Another digital arrest in Ernakulam; Rs 1 crore 45 lakhs lost

We use cookies to give you the best possible experience. Learn more