| Friday, 6th November 2026, 9:41 pm

വീണ്ടും വീണ്ടും യൂ ടേണ്‍; എസ്.ഐ.ആറില്‍ വീണ്ടും അവസരം നല്‍കിയത് വോട്ടര്‍മാരെ തെറ്റായി ഒഴിവാക്കിയതിന്റെ തെളിവ്: കോണ്‍ഗ്രസ്

റെന്വര്‍ പി

ന്യൂദല്‍ഹി: ദല്‍ഹിയിലും ആറ് സംസ്ഥാനങ്ങളിലും എസ്.ഐ.ആറില്‍ കരട് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാതെ പോയ വോട്ടര്‍മാര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വീണ്ടും അവസരം നല്‍കിയതിന് പിന്നാലെ എസ്.ഐ.ആര്‍ നടപടികളെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും വിമര്‍ശിച്ച് കോണ്‍ഗ്രസ്. കേന്ദ്രസര്‍ക്കാര്‍ വീണ്ടും യുടേണ്‍ അടിച്ചതായി കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് അഭിപ്രായപ്പെട്ടു. സോഷ്യല്‍ മീഡിയ പോസ്റ്റിലുടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വോട്ടര്‍മാരെ തെറ്റായി നീക്കം ചെയ്യുകയും ഒഴിവാക്കുകയും ചെയ്‌തെന്നതിന്റെ തെളിവാണ് ഇപ്പോള്‍ വീണ്ടും പേര് ചേര്‍ക്കാന്‍ അവസരം നല്‍കിയ നടപടിയെന്നും ജയറാം രമേശ് പറഞ്ഞു. തുടര്‍ച്ചയായ തിരുത്തലുകള്‍ വരുത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ബന്ധിതരാവുകയാണ്. രാജ്യത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജി വെക്കണമെന്നും എസ്.ഐ.ആര്‍ നടപടികള്‍ നിര്‍ത്തിവെക്കണമെന്നുമുള്ള പ്രതിപക്ഷത്തിന്റെ ആവശ്യവും അദ്ദേഹം ആവര്‍ത്തിച്ചു.

‘ഏഴ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും നടന്നുകൊണ്ടിരിക്കുന്ന എസ്.ഐ.ആര്‍ പ്രക്രിയയില്‍, ഒഴിവാക്കപ്പെട്ട വോട്ടര്‍മാരെ ഉള്‍പ്പെടുത്താന്‍ ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നു. എ.എസ്.ഡി.ഡി (അബ്‌സെന്റ, ഷിഫ്റ്റഡ്, ഡെഡ്, ഡ്യൂപ്ലിക്കേറ്റ് ) എന്ന വിഭാഗത്തില്‍ പെടുത്തി വോട്ടര്‍മാരെ തെറ്റായി നീക്കം ചെയ്യുകയും ഒഴിവാക്കുകയും ചെയ്തിരുന്നുവെന്നതത് വൈകിയാണെങ്കിലും സമ്മതിച്ചതിന്റെ രേഖയാണിത്,’ ജയറാം രമേശ് പറഞ്ഞു.

13 കോടിയിലധികം ഇന്ത്യക്കാരുടെ ഭരണഘടനാപരമായ വോട്ടവകാശം കവര്‍ന്നെടുത്ത എസ്.ഐ.ആര്‍ നടപടിക്കെതിരെ രാജ്യവ്യാപകമായി ഉയര്‍ന്ന പ്രതിഷേധത്തെത്തുടര്‍ന്ന്, തുടര്‍ച്ചയായ തിരുത്തലുകള്‍ വരുത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ബന്ധിതരാവുകയാണ്. ഓരോ പുതിയ ഉത്തരവും ഒരു ചോദ്യം ഉയര്‍ത്തുന്നു. എല്ലാ ഇന്ത്യക്കാരെയും വലച്ച് ഉദ്യോഗസ്ഥതലത്തില്‍ സ്വീകരിച്ച അബദ്ധം നിറഞ്ഞ നടപടികള്‍ കൊണ്ട് എന്ത് പ്രയോജനമാണ് ഉണ്ടായതെന്നും കോണ്‍ഗ്രസ് നേതാവ് ചോദിച്ചു.

ആവര്‍ത്തിച്ചുള്ള ഈ വിശദീകരണങ്ങളും ഭേദഗതികളും, പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ചേര്‍ന്ന് ആസൂത്രണം ചെയ്ത ദുരുദ്ദേശ്യപരമായ നീക്കങ്ങളെത്തന്നെയാണ് തുറന്നുകാട്ടുന്നത്. അവര്‍ ഇപ്പോള്‍ പിടിക്കപ്പെട്ടിരിക്കുന്നു. എസ്.ഐ.ആര്‍ എന്നത് വോട്ട് മോഷണത്തിന്റെ ഏറ്റവും പുതിയ രൂപമാണ്. ഈ തട്ടിപ്പ് പുറത്തായതോടെ, തങ്ങളുടെ തെറ്റായ നീക്കങ്ങള്‍ മറച്ചുവെക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനും പ്രധാനമന്ത്രി-ആഭ്യന്തരമന്ത്രി കൂട്ടുകെട്ടും കിണഞ്ഞു പരിശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

‘ഓരോ തിരുത്തല്‍ നടപടിയും ഇനി പറയുന്ന കാര്യങ്ങളെ കൂടുതല്‍ വ്യക്തമാക്കുന്നു: ഗ്യാനേഷ് കുമാര്‍ സ്ഥാനമൊഴിയണം, എസ്.ഐ.ആര്‍ നടപടികള്‍ നിര്‍ത്തിവെക്കണം.’ ജയറാം രമേശ് കൂട്ടിച്ചേര്‍ത്തു.

ദല്‍ഹി, മഹാരാഷ്ട്ര, ഹരിയാന, ആന്ധ്രാപ്രദേശ്, ജാര്‍ഖണ്ഡ്, തെലങ്കാന, നാഗാലാന്‍ഡ് എന്നിവിടങ്ങളില്‍ അബ്‌സെന്റ് (ഹാജരാവാത്തവര്‍), ഷിഫ്റ്റഡ് (താമസം മാറിയവര്‍), ഡെഡ് (മരണപ്പെട്ടവര്‍), ഡ്യൂപ്ലിക്കേറ്റ് (ഒന്നിലധികം തവണ പേരുള്ളവര്‍) എന്നിങ്ങനെ (എ.എസ്.ഡി.ഡി) അടയാളപ്പെടുത്തി വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കിയവര്‍ക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വീണ്ടും അവസരം നല്‍കിയത്. ഡല്‍ഹി, മഹാരാഷ്ട്ര, ഹരിയാന, ആന്ധ്രാപ്രദേശ്, ജാര്‍ഖണ്ഡ്, തെലങ്കാന, നാഗാലാന്‍ഡ് എന്നിവിടങ്ങളിലെ ചീഫ് ഇലക്ടറല്‍ ഓഫീസര്‍മാര്‍ക്ക് നവംബര്‍ ആറിന് അയച്ച കത്തില്‍, ഇത്തരം വോട്ടര്‍മാരെ അന്തിമ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

വിവരശേഖരണ ഫോമുകള്‍ നല്‍കിയിട്ടും അവ തിരികെ ലഭിക്കാത്തതിനാല്‍ കരട് പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവര്‍ക്കാണ് ഈ തീരുമാനം ബാധകമാകുന്നത്. നിലവില്‍ എസ്.ഐ.ആര്‍ നടന്നുകൊണ്ടിരിക്കുന്ന സംസ്ഥാനങ്ങളിലെ ഇത്തരം ആളുകള്‍ക്ക് ഇതൊരു രണ്ടാം അവസരമാണ് നല്‍കുന്നത്.

Content Highlight: Another day, another U-turn: Cong says EC’s chance to voters excluded during SIR admits ‘wrongful deletions’

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more