| Monday, 25th August 2025, 3:51 pm

രാഹുലിന് പിന്നിലെ ക്രിമിനല്‍ സംഘത്തെ കുറിച്ച് അന്വേഷിക്കണം; പൊലീസില്‍ വീണ്ടും പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പൊലീസില്‍ വീണ്ടും പരാതി. പൊതുപ്രവര്‍ത്തകനായ പി.എം. സുനിലാണ് രാഹുലിനെതിരെ പരാതി നല്‍കിയത്. രാഹുല്‍ ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കുന്ന ശബ്ദ സംഭാഷണത്തില്‍ നടപടി എടുക്കണമെന്നാണ് പരാതി.

ഡി.ജി.പിക്കാണ് പി.എം. സുനില്‍ പരാതി നല്‍കിയിരിക്കുന്നത്. യുവതിയെ കൊലപ്പെടുത്തുമെന്ന രാഹുലിന്റെ ഭീഷണി സംഭാഷണത്തില്‍ വ്യക്തമാണെന്നും അതിനാല്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്നിലെ ക്രിമിനല്‍ സംഘത്തെക്കുറിച്ചും അന്വേഷിക്കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

നേരത്തെ അഡ്വ. ഷിന്റോ സെബാസ്റ്റ്യന്‍ എന്നയാളും രാഹുലിനെതിരെ പരാതിപ്പെട്ടിരുന്നു. ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചുവെന്ന് ആരോപിച്ചായിരുന്നു പരാതി. എറണാകുളം സെന്‍ട്രല്‍ പൊലീസിലാണ് അഭിഭാഷകന്‍ പരാതി നല്‍കിയത്. പരാതിയില്‍ നടപടിയെടുക്കാന്‍ പൊലീസ് നിയോമോപദേശം തേടിയിരുന്നു.

ബാലാവകാശ കമ്മീഷന് മുമ്പാകെയും രാഹുലിനെതിരെ പരാതിയുണ്ടായിരുന്നു. രാഹുലിനെതിരെ പുറത്തുവന്ന ശബ്ദസന്ദേശത്തിലും ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചതിലും അന്വേഷണം വേണമെന്നായിരുന്നു പരാതിയിലെ ആവശ്യം.

വ്യാഴാഴ്ചയാണ് രാഹുലിനെതിരെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്നത്തിന്റെ ഓഡിയോ സംഭാഷണങ്ങള്‍ പുറത്തുവന്നത്. വിവിധ മാധ്യമങ്ങളാണ് ശബ്ദരേഖ പുറത്തുവിട്ടത്.

ഗര്‍ഭച്ഛിദ്രം ചെയ്യാന്‍ താത്പര്യമില്ലെന്ന് യുവതി പറയുമ്പോള്‍ ‘തന്തയില്ലാത്ത കൊച്ചിനെ വളര്‍ത്താനാണോ ഉദ്ദേശം’ എന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിക്കുന്നത്. തന്തയില്ലാതെ ഒരു കൊച്ച് ഭൂമിയിലേക്ക് പൊട്ടിവീഴുമോ എന്ന് യുവതി തിരിച്ച് ചോദിക്കുന്നുമുണ്ട്. ആ കൊച്ചിന് ആരെ ചൂണ്ടിക്കാണിക്കും എന്ന ചോദ്യത്തിന് തന്നെ ചൂണ്ടിക്കാണിക്കും എന്ന് യുവതി മറുപടിയും നല്‍കുന്നുണ്ട്.

‘എനിക്കത് ബുദ്ധിമുട്ടാകില്ലേ’ എന്ന് രാഹുല്‍ ചോദിക്കുമ്പോള്‍ ‘അതെങ്ങനെയാണ് തന്റെ ബുദ്ധിമുട്ടാവുക’ എന്നാണ് യുവതി തിരിച്ച് ചോദിച്ചത്. പിന്നെ താന്‍ ഏല്‍ക്കണോ എന്ന് രാഹുല്‍ ചോദിക്കുമ്പോള്‍ ‘തന്നോട് ഇത് ഏല്‍ക്കണമെന്ന് പറഞ്ഞില്ലല്ലോ’ എന്ന് യുവതി തിരിച്ച് ചോദിക്കുന്നുണ്ട്. ‘അത് ഞാന്‍ നോക്കിക്കോളാം, താന്‍ അറിയണ്ട’ എന്ന് യുവതി പറയുന്നിടത്താണ് സംഭാഷണം അവസാനിക്കുന്നത്.

ഇതിനുപിന്നാലെ രാഹുല്‍ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന വാട്‌സ്ആപ്പ്, ടെലഗ്രാം ചാറ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകളും മറ്റൊരു ഓഡിയോ സംഭാഷണവും പുറത്തുവന്നിരുന്നു.

Content Highlight: Another complaint against Rahul Mamkootathil

We use cookies to give you the best possible experience. Learn more