| Tuesday, 30th September 2025, 2:52 pm

ബലൂചിസ്ഥാനില്‍ വീണ്ടും സ്‌ഫോടനം; എട്ട് മരണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്‌ലാമാബാദ്: പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ സ്‌ഫോടനം. ക്വറ്റയിലെ സര്‍ഗൂണ്‍ റോഡിന് സമീപത്തായാണ് സ്‌ഫോടനം ഉണ്ടായത്. സ്ഫോടനത്തില്‍ എട്ട് പേര്‍ കൊലപ്പെട്ടുവെന്നാണ് വിവരം.

20ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ക്വറ്റയില്‍ ഉണ്ടായത് കാര്‍ ബോംബ് ആക്രമണമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വാഹനം പൊട്ടിത്തെറിക്കുന്നതിന് മുന്നോടിയായി അക്രമികള്‍ കാറില്‍ നിന്ന് ഇറങ്ങിയോടിയതായും സൈനികര്‍ക്ക് നേരെ വെടിയുതിര്‍ത്തതായും റിപ്പോര്‍ട്ടുകളുണ്ട്.

നിലവില്‍ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ അടിയന്തിരാവസ്ഥ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മേഖലയിലെ മുഴുവന്‍ ഡോക്ടര്‍മാരും നഴ്‌സുമാരും പാരാമെഡിക്കല്‍ ജീവനക്കാരും നഗരത്തിലെ ആശുപത്രികളില്‍ തന്നെ തുടരണമെന്ന് ആരോഗ്യ സെക്രട്ടറി മുജീബുര്‍ റഹ്‌മാന്‍ നിര്‍ദേശം നല്‍കി.

മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് പ്രവിശ്യ ആരോഗ്യമന്ത്രി ബഖാത് കക്കര്‍ പറഞ്ഞു. ബലൂചിസ്ഥാന്‍ മുഖ്യമന്ത്രി സര്‍ഫ്രാസ് ബുഗ്തി ആക്രമണത്തെ അപലപിച്ചു. കാറിലുണ്ടായിരുന്ന നാല് അക്രമികളെ സുരക്ഷാ സേന വധിച്ചതായും ബുഗ്തി പറഞ്ഞതായി എ.ബി.സി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. എന്നാല്‍ സ്ഫോടനത്തിന് പിന്നില്‍ ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയാണെന്നാണ് ഉദ്യോഗസ്ഥരുടെ അനുമാനം.

2025 മാര്‍ച്ചില്‍ ബലൂച് ഭീകരര്‍ ഒമ്പത് കോച്ചുകളിലായി 500ഓളം യാത്രക്കാരുമായി പോയ ജാഫര്‍ എക്‌സ്പ്രസ് റാഞ്ചിയെടുത്തിരുന്നു. പെഷവാറിലേക്കുള്ള യാത്രാമധ്യേ, ക്വറ്റയില്‍ നിന്ന് ഏകദേശം 160 കിലോമീറ്റര്‍ അകലെയുള്ള പര്‍വതപ്രദേശത്ത് വെച്ചായിരുന്നു ഭീകരര്‍ ട്രെയിന്‍ ഹൈജാക്ക് ചെയ്തത്.

സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് ട്രെയിന്‍ പാളം തെറ്റിക്കുകയായിരുന്നു. ഇതില്‍ ഏകദേശം 339 ആളുകളെ ബി.എല്‍.എ പ്രവര്‍ത്തകര്‍ ബന്ദികളാക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞയാഴ്ച ക്വറ്റയ്ക്ക് സമീപത്തുള്ള ഒരു സ്റ്റേഡിയത്തിന് മുന്നിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെടുകയും 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

കാര്‍ പാര്‍ക്കിങ്ങിലായിരുന്നു സ്‌ഫോടനം. ഈ ആക്രമണത്തിന്റേയും ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. പ്രസ്തുത സംഭവത്തിന് മുന്നോടിയായി നടന്ന ഒരു മറ്റൊരു സ്ഫോടനത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടിരുന്നു.

ഇതിനുപിന്നാലെയാണ് ക്വറ്റയില്‍ തന്നെ വീണ്ടും ഒരു സ്‌ഫോടനം ഉണ്ടാകുന്നത്. 2024ല്‍ 2,526 പേരാണ് പാകിസ്ഥാനിലുടനീളം ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. ഇതില്‍ 700ഓളം സുരക്ഷാ ഉദ്യോഗസ്ഥര്‍, 900ലധികം സാധാരണക്കാര്‍, 900ഓളം സായുധ പോരാളികളും ഉൾപ്പെടുന്നതായി അൽ ജസീറ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.

Content Highlight: Another blast in Balochistan; eight dead

We use cookies to give you the best possible experience. Learn more