| Monday, 28th July 2025, 9:44 am

മതനിരപേക്ഷ ഇന്ത്യയ്ക്ക് മേൽ വീണ്ടും കറുത്ത കറ: മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റിൽ മുഹമ്മദ് റിയാസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തിൽ പ്രതികരിച്ച് പൊതുമരാമത്ത് വകുപ്പ്, ടൂറിസം മന്ത്രി പി. എ. മുഹമ്മദ് റിയാസ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ഈ സംഭവത്തെ മതനിരപേക്ഷ ഇന്ത്യയ്ക്ക് മേൽ വീണ്ടും കറുത്ത കറയെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

ഛത്തീസ്ഗഡിൽ രണ്ട് കന്യാസ്ത്രീകളെ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ച നടപടിയിൽ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്ന് പറഞ്ഞ അദ്ദേഹം ഇന്ത്യയിലെ ന്യൂനപക്ഷ സമൂഹങ്ങൾക്കെതിരെ ഒരുപറ്റം മതവർഗീയവാദികളെ മുൻനിർത്തി ബി.ജെ.പി സർക്കാരുകൾ നടത്തുന്ന തുടർച്ചയായ കടന്നാക്രമണങ്ങളുടെ മറ്റൊരു ഉദാഹരണമാണ് ഈ സംഭവമെന്നും വിമർശിച്ചു.

‘ഇന്ത്യയിലെ ന്യൂനപക്ഷ സമൂഹങ്ങൾക്കെതിരെ ഒരുപറ്റം മതവർഗീയവാദികളെ മുൻനിർത്തി ബി.ജെ.പി സർക്കാരുകൾ നടത്തുന്ന തുടർച്ചയായ കടന്നാക്രമണങ്ങളുടെ മറ്റൊരു ഉദാഹരണമാണ് സിസ്റ്റർ വന്ദന ഫ്രാൻസിനും സിസ്റ്റർ പ്രീതി മേരിയ്ക്കും ഉണ്ടായിട്ടുള്ള അനുഭവം.

മാതാപിതാക്കളുടെ അനുവാദത്തോടെ നിർധനരായ രണ്ട് പെൺകുട്ടികളെ ജോലിക്കായി കൊണ്ടുപോകുമ്പോൾ റെയിൽവേ സ്‌റ്റേഷനിൽ വച്ചാണ് ഇവരെ കള്ളക്കേസിൽ കുടുക്കിയത്. മതവർഗീയ സംഘനയായ ബജ്‌രംഗ്‌ ദളിന്റെ പ്രവർത്തകരെ വിളിച്ചുകൂട്ടി ട്രെയിൻ ടിക്കറ്റ് എക്‌സാമിനറാണ് ഇവരെ ആൾക്കൂട്ട വിചാരണയ്ക്ക് ഇട്ടുകൊടുത്തതെന്ന വിവരം ഞെട്ടിക്കുന്നതാണ്. സ്റ്റാൻ സാമിയും ഗ്രെഹാം സ്റ്റെയിനുമൊക്കെ സമീപകാല ദുഖങ്ങളായി ഇന്നും നമുക്ക് മുമ്പിൽ ജീവിക്കുമ്പോൾ ഈ സംഭവത്തെ വെറും കള്ളക്കേസ് മാത്രമായി കാണാനാകില്ല. സിസ്റ്റർമാരായ വന്ദന ഫ്രാൻസിസിനേയും പ്രീതി മേരിയേയും മോചിപ്പിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങൾക്കും വേണ്ടി നമുക്ക് കൈകോർക്കാം,’ അദ്ദേഹം കുറിച്ചു.

കഴിഞ്ഞ ദിവസമാണ് ഛത്തീസ്ഗഡിലെ ദുര്‍ഗിൽ വെച്ച് മനുഷ്യക്കടത്തും മതപരിവര്‍ത്തനവും ആരോപിച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്.

അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളായ സിസ്റ്റര്‍ പ്രീതി, സിസ്റ്റര്‍ വന്ദന എന്നിവരാണ് അറസ്റ്റിലായത്. നാരായന്‍പുര്‍ ജില്ലയില്‍ നിന്നുള്ള മൂന്ന് പെണ്‍കുട്ടികളോടൊപ്പമായിരുന്നു കന്യാസ്ത്രീകള്‍ സഞ്ചരിച്ചിരുന്നത്.

സഭയുടെ കീഴിലുള്ള ആശുപത്രികളിലേക്കും ഓഫീസുകളിലേക്കും ജോലിക്കായെത്തിയ 19 മുതല്‍ 22 വയസള്ള പെണ്‍കുട്ടികളായിരുന്നു കന്യാസ്ത്രീക്കൊപ്പം ഉണ്ടായിരുന്നത്. പെണ്‍കുട്ടികളിലൊരാളുടെ സഹോദരനും കൂടെയുണ്ടായിരുന്നു.

ടി.ടി.ആര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് റെയില്‍വേ സ്റ്റേഷനിലെത്തിയ ബജ്റംഗ് ദള്‍ പ്രവര്‍ത്തകരാണ് കന്യാസ്ത്രീകള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും മനുഷ്യക്കടത്തും നടത്തുകയാണെന്ന് ആരോപിച്ചത്. പിന്നാലെ കന്യാസ്ത്രീകളെ തടഞ്ഞുവെക്കുകയും ചെയ്തു. തുടര്‍ന്ന് റെയില്‍വേ പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി.

സഹോദരന്‍ മാതാപിതാക്കളുടെ സമ്മതപത്രം കാണിച്ചിട്ടും ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍ കന്യാസ്ത്രീകള്‍ക്കെതിരായ ആള്‍ക്കൂട്ട വിചാരണ തുടരുകയായിരുന്നെന്നും വിവരമുണ്ട്. കന്യാസ്ത്രീകള്‍ക്കുമേല്‍ ചുമത്തിയിരിക്കുന്ന കുറ്റകൃത്യങ്ങള്‍ ജാമ്യമില്ലാ വകുപ്പുകള്‍ ആയതിനാല്‍ ഈ വിവരങ്ങള്‍ കോടതിയെ അറിയിക്കാനായിരിക്കും കന്യാസ്ത്രീകളുടെ അഭിഭാഷകര്‍ ഇനി ശ്രമിക്കുക.

Content Highlight: Another black stain on secular India: Muhammad Riyaz in the arrest of Malayali nuns

We use cookies to give you the best possible experience. Learn more